27 April Saturday

യുപിയിൽ വീണ്ടും കന്യാസ്‌ത്രീകൾക്കെതിരെ ആക്രമണം ; കേസെടുക്കാൻ തയ്യാറാകാതെ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


ന്യൂഡൽഹി
ഉത്തർപ്രദേശിൽ കന്യാസ്‌ത്രീകൾക്കുനേരെ വീണ്ടും സംഘപരിവാർ ആക്രമണം. മിർപ്പുരിൽ ബസ്‌ കാത്തുനിന്ന സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസി, അധ്യാപിക സിസ്റ്റർ റോഷ്‌നി എന്നിവരെയാണ്‌ കഴിഞ്ഞയാഴ്‌ച സംഘപരിവാറുകാർ ആക്രമിച്ചത്‌. മതപരിവർത്തനം ആരോപിച്ച്‌ കൈയേറ്റം ചെയ്യുകയും പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ വലിച്ചിഴയ്ക്കുകയും ചെയ്‌തു.

ബജ്‌രംഗ്‌ദൾ, ഹിന്ദു യുവവാഹിനി പ്രവർത്തകരാണ്‌ ആക്രമിച്ചത്‌. ആറു മണിക്കൂറോളം  കസ്റ്റഡിയിൽ തുടർന്നു. സ്‌കൂൾ അധികൃതർ ഇടപെട്ടതിനെത്തുടർന്ന്‌ വിട്ടയച്ചു. നേരത്തേ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയും യുപിയിൽ കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ടിരുന്നു. കന്യാസ്‌ത്രീകൾ പരാതിപ്പെട്ടില്ലെന്നു പറഞ്ഞ്‌ മിർപ്പുരിലെ അക്രമികൾക്കെതിരെ കേസെടുക്കാൻ പൊലീസ്‌ തയ്യാറായില്ല. നേരത്തേ യുപിയിലെ മൗ ജില്ലയിലും മതപരിവർത്തനം ആരോപിച്ച്‌ ഏഴ്‌ ക്രൈസ്‌തവ വിശ്വാസികളെ സംഘപരിവാർ മർദിച്ച്‌ പൊലീസ്‌ സ്‌റ്റേഷനിൽ എത്തിച്ചു. രാത്രി മുഴുവൻ സ്‌റ്റേഷനിൽ കഴിയേണ്ടിവന്നു. 2017ൽ യോഗി സർക്കാർ അധികാരത്തിലെത്തിയശേഷം ക്രൈസ്‌തവർക്കെതിരായി 774 അതിക്രമം റിപ്പോർട്ട്‌ ചെയ്തു. 2020 സെപ്‌തംബറിൽ മതപരിവർത്തന നിരോധന നിയമം പാസാക്കി. ശേഷം ക്രൈസ്‌തവർക്കെതിരായ ആക്രമണങ്ങൾ വർധിച്ചു.

ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലും ക്രൈസ്‌തവർക്കെതിരായ ആക്രമണം വർധിച്ചു. റൂർക്കിയിൽ മാസാദ്യം ഇരുനൂറ്റമ്പതോളം ബജ്‌രംഗ്‌ദളുകാർ ചേർന്ന്‌ ക്രിസ്‌ത്യൻ പള്ളി അടിച്ചുതകർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top