09 December Saturday

സനാതനധർമത്തിന്‌ എതിരായ വിമർശനം: ഉദയനിധി സ്റ്റാലിന് സുപ്രീംകോടതി നോട്ടീസ്‌

സ്വന്തം ലേഖകൻUpdated: Friday Sep 22, 2023

ന്യൂഡൽഹി> സനാതനധർമത്തിന്‌ എതിരായ വിമർശനങ്ങളുടെ പേരിൽ ഡിഎംകെ നേതാവും തമിഴ്‌നാട്‌ മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിന്‌ എതിരെ കേസെടുക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്‌. തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകനായ ബി ജഗന്നാഥൻ സമർപ്പിച്ച ഹർജിയിലാണ്‌ ജസ്‌റ്റിസുമാരായ അനിരുദ്ധാബോസ്‌, ബേലാത്രിവേദി എന്നിവർ അംഗങ്ങളായ ബെഞ്ചാണ്‌ ഉദയാനിധി ഉൾപ്പടെയുള്ളവർക്ക്‌ എതിരെ നോട്ടീസ്‌ അയക്കാൻ നിർദേശിച്ചത്‌. ഉദയനിധി സ്‌റ്റാലിന്‌ പുറമേ  മന്ത്രി പി കെ ശേഖർബാബു, എ രാജ എംപി, ഡിഎം കെ പ്രസിഡന്റ്‌ വീരമണി കെ വീരമണി, തമിഴ്‌നാട്‌ ന്യൂനപക്ഷ കമീഷൻ ചെയർമാൻ പീറ്റർ അൽഫോൺസ്‌ തുടങ്ങിയവർക്ക്‌ എതിരെ കേസെടുക്കണമെന്നാണ്‌ ഹർജിക്കാരന്റെ ആവശ്യം.  

അതേസമയം, ഹരിദ്വാർ വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയിൽ നിലവിലുള്ള കേസിന് ഒപ്പം സനാതനധർമവിമർശനവുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി നിലപാട്‌ വ്യക്തമാക്കി. ഇരു കേസുകളെയും ഒരുപോലെ കാണാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി  പ്രതികരിച്ചു.

ഉദയനിധിക്ക്‌ എതിരായ ഹർജി ആദ്യം പരിഗണിക്കാൻ സുപ്രീംകോടതി താൽപര്യം കാണിച്ചില്ല. ഇത്തരം ഹർജികൾ കോടതിയെ പൊലീസ്‌ സ്‌റ്റേഷനാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന്‌ കോടതി പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചു. എന്നാൽ, വിശ്വാസം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ഇത്തരം പരാമർശങ്ങളെന്നും കേസ്‌ ഗൗരവത്തോടെ കാണണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ അപേക്ഷിച്ചു. ഇതേതുടർന്ന്‌, ഉദയനിധി ഉൾപ്പടെയുള്ളവർക്ക്‌ നോട്ടീസ്‌ അയക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. സെപ്‌തംബർ രണ്ടിന്‌ നടന്ന പരിപാടിയിൽ ഉദയാനിധി സ്‌റ്റാലിൻ സനാതനധർമത്തിന്‌  എതിരെ നടത്തിയ പരാമർശങ്ങൾ വൻവിവാദമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top