23 April Tuesday

ആര്യൻഖാനെ കുടുക്കാൻ 
സമീർ വാങ്കഡെ ശ്രമിച്ചു ; എൻസിബി 
ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ 
ഗുരുതര ആരോപണം

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022


മുംബൈ
ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനെ കുടുക്കാൻ അന്വേഷണ ഉദ്യോ​ഗസ്ഥനായ സമീർ വാങ്കഡെ ശ്രമിച്ചതായി നാർക്കോട്ടിക് കംട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം. എൻസിബിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് വാങ്കഡെയ്ക്കെതിരെ ​ഗുരുതര പരാമർശങ്ങളുള്ളത്.

കേസന്വേഷണത്തിൽ ​ഗുരുതര ക്രമക്കേടുകൾ നടന്നെന്നും റിപ്പോർട്ടിലുണ്ട്. പ്രതികളുടെ വൈദ്യപരിശോധന നടത്താതിരിക്കുക, റെയ്ഡിന്റെ ദൃശ്യങ്ങൾ പകർത്താതിരിക്കുക തുടങ്ങിയവയടക്കം നിരവധി ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാൽ ആര്യൻ ഖാനടക്കം ആറുപേരെ കുറ്റവിമുക്തരാക്കി കഴിഞ്ഞദിവസം എൻസിബി കുറ്റപത്രം സമർപ്പിച്ചിരുന്നു.

സുഹൃത്ത് അർബാസിൽ നിന്ന് പിടികൂടിയ മയക്കുമരുന്ന് ആര്യൻഖാനായി കൊണ്ടുവന്നതാണെന്ന് തെളിവ് ഇല്ലാതിരുന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാങ്കഡെ കേസില്‍ ആര്യന്‍ഖാനെ എങ്ങനെയെങ്കിലും കുടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് പ്രവർത്തിച്ചു. എൻസിപി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിങ്ങാണ് ആഭ്യന്തര അന്വേഷണം നടത്തിയത്.

മുന്‍വിധികളോടെയും വാട്സ് ആപ്‌ ചാറ്റുകൾ മാത്രം അടിസ്ഥാനമാക്കിയുമുള്ള കേസന്വേഷണത്തില്‍ പിഴവുകളുണ്ടായെന്ന് എന്‍സിബി ഡയറക്ടർ ജനറല്‍ എസ് എന്‍ പ്രധാനും പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ലഹരിപ്പാർട്ടി സംഘത്തെ പിടികൂടിയെന്ന് കേസിന്റെ തുടക്കത്തിൽ അവകാശപ്പെട്ട എന്‍സിബിക്ക് കനത്ത തിരിച്ചടിയാണ് അന്വേഷണ റിപ്പോർട്ട്. അതേസമയം റിപ്പോർട്ടിലെ പരാമ‌ർശങ്ങൾ ബിജെപിക്കെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷ പാർടികൾ. പ്രമുഖ സിനിമാ താരങ്ങളും എന്‍സിബിയുടെ നടപടിയെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചു.

നവാബ് മാലിക് 
രാഷ്ട്രീയ പകപോക്കലിന്റെ ഇരയെന്ന്‌
ആര്യൻഖാനെതിരെയുള്ള മയക്കമരുന്നുകേസിൽ ബിജെപിയുടെ യഥാർഥ മുഖം തുറന്നുകാട്ടിയതിന്റെ വിലയാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അനുഭവിക്കുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് ആര്യൻഖാനെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് അന്നത്തെ എൻസിബി ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയ്‌ക്കെതിരെ എൻസിപി നേതാവുകൂടിയായ  നവാബ് മാലിക് രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ,  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തതിരുന്നു. അന്വേഷണ ഏജൻസികളെ ഉപയോ​ഗിച്ച് കേന്ദ്ര സർക്കാർ പകപോക്കുകയാണെന്നും റാവത്ത് പറഞ്ഞു. ഇനിയെങ്കിലും സമീർ വാങ്കഡെയ്‌ക്കെതിരെ എൻസിബി നടപടിയെടുക്കുമോയെന്ന്‌ നവാബ്‌ മാലിക്‌ പ്രതികരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top