24 April Wednesday
ഏപ്രിൽ 18 മുതൽ വാദംകേൾക്കും

സ്വവർഗവിവാഹങ്ങളുടെ നിയമസാധുത: വിഷയം സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്‌

സ്വന്തം ലേഖകൻUpdated: Monday Mar 13, 2023

ന്യൂഡൽഹി> സ്വവർഗവിവാഹങ്ങൾക്ക്‌ നിയമപരമായ അംഗീകാരം തേടിയുള്ള ഹർജികൾ ഭരണഘടനാബെഞ്ച്‌ പരിഗണിക്കുമെന്ന്‌ സുപ്രീംകോടതി. ഹർജികളിൽ ഉന്നയിച്ചിട്ടുള്ള വാദങ്ങൾ ഭരണഘടനാപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അദ്ധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ  145(3) അനുച്ഛേദപ്രകാരം അഞ്ചംഗഭരണഘടനാബെഞ്ച്‌ വിഷയം പരിഗണിക്കുമെന്നും ചീഫ്‌ജസ്‌റ്റിസ്‌ അറിയിച്ചു. ഏപ്രിൽ 18ന്‌ ഭരണഘടനാബെഞ്ച്‌ ഹർജികളിൽ വാദം കേൾക്കും.

സ്വവർഗ വിവാഹങ്ങൾക്ക്‌ നിയമസാധുത നൽകാൻ കഴിയില്ലെന്ന്‌ കേന്ദ്രസർക്കാർ കഴിഞ്ഞദിവസം നിലപാട്‌ വ്യക്തമാക്കിയിരുന്നു. ജീവശാസ്‌ത്രപരമായി പുരുഷനും സ്‌ത്രീകളുമായവർ തമ്മിലുള്ള ബന്ധമാണ്‌ ഭാരതീയ കുടുംബസങ്കൽപ്പമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം. തിങ്കളാഴ്‌ച്ച സർക്കാരിന്‌ വേണ്ടി ഹാജരായ സോളിസിറ്റർജനറൽ തുഷാർമെഹ്‌ത ഹർജിയെ ശക്തമായി എതിർത്തു. സ്വവർഗവിവാഹങ്ങൾക്ക്‌ നിയമപരമായ അംഗീകാരം നൽകിയാൽ നിയമപരമായ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സോളിസിറ്റർജനറൽ വാദിച്ചു.

സ്വവർഗപങ്കാളികൾ തമ്മിലുള്ള വിവാഹത്തിനും നിയമസാധുത നൽകണമെന്നാണ്‌ ഹർജിക്കാരുടെ പ്രധാന ആവശ്യം. സ്വന്തം താൽപര്യാനുസരണം നിയമപരമായി വിവാഹം ചെയ്യാനുള്ള അവകാശം എൽജിബിടിക്യൂഐഎ+ പൗരൻമാർക്കും ഉറപ്പാക്കണമെന്നും ഹർജികളിൽ പറയുന്നു. ഈ സാഹചര്യത്തിൽ സ്‌പെഷ്യൽ മാര്യേജ്‌ ആക്‌റ്റ്‌ പ്രകാരം സ്വവർഗവിവാഹങ്ങൾക്കും നിയമസാധുത നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. നേരത്തെ സ്വവർഗവിവാഹങ്ങൾക്ക്‌ അംഗീകാരം തേടി വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക്‌ മാറ്റിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top