19 April Friday

മിനിമം താങ്ങുവിലയും , പലിശരഹിത വായ്‌പയും ; കർഷകരെ നെഞ്ചേറ്റി സമാജ്‌വാദി പാർടി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


ന്യൂഡൽഹി  
മോദി–- യോഗി സർക്കാരുകളോട്‌ കർഷകർക്കുള്ള അമർഷം പരമാവധി വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിൽ സമാജ്‌വാദി പാർടി. എല്ലാ കാർഷിക വിളകൾക്കും മിനിമം താങ്ങുവിലയും (എംഎസ്‌പി) കർഷകർക്ക്‌ പലിശരഹിത വായ്‌പയും എസ്‌പി നേതാവ്‌ അഖിലേഷ്‌ യാദവ്‌ വാഗ്‌ദാനം ചെയ്‌തു. കരിമ്പ്‌ വിറ്റ്‌ കർഷകർക്ക്‌ 15 ദിവസത്തിനകം പണം ലഭിക്കുംവിധം ആവർത്തന നിധിക്ക്‌ രൂപം നൽകും. ജലസേചനത്തിന് സൗജന്യ വൈദ്യുതി. പ്രകടനപത്രികയിൽ കർഷകർക്കായുള്ള പദ്ധതികൾക്ക് പ്രത്യേക പ്രാമുഖ്യം നൽകും. കർഷകസമരത്തിൽ പങ്കെടുത്തതിന്‌ കർഷകർക്കെതിരായ എല്ലാ കേസും പിൻവലിക്കും. സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിന്‌ 25 ലക്ഷംരൂപ നൽകും. കർഷകർക്കായി സ്‌മാരകം നിർമിക്കും–- അഖിലേഷ്‌ അറിയിച്ചു. കർഷകർക്ക്‌ ഒപ്പം നിലയുറപ്പിക്കുമെന്ന്‌ വാക്കുനൽകി ‘അന്ന സങ്കൽപ്പ’ പ്രതിജ്‌ഞയും അഖിലേഷ്‌ എടുത്തു. ലഖിംപുർ ഖേരിയിൽ പരിക്കേറ്റ കർഷക നേതാവ്‌ തേജീന്ദർ വിർക്ക്‌ അടക്കമുള്ള നേതാക്കള്‍ ചടങ്ങിൽ പങ്കെടുത്തു.

വിശദീകരണവുമായി ബികെയു
അതേസമയം എസ്‌പി–- ആർഎൽഡി സഖ്യത്തെ പിന്തുണയ്‌ക്കുമെന്ന പ്രസ്‌താവന നാക്കുപിഴയാണെന്ന്‌ ബികെയു നേതാവ്‌ നരേഷ്‌ ടിക്കായത്ത്‌ പറഞ്ഞു. രാഷ്ട്രീയത്തിൽ ഇടപെടില്ലെന്ന സംയുക്ത കിസാൻമോർച്ചയുടെ തീരുമാനത്തിന്‌ വിരുദ്ധമാണ്‌ പരാമർശം. അത്‌ തിരുത്തിയില്ലെങ്കിൽ അവർ പുറത്താക്കും–- ടിക്കായത്ത്‌ പറഞ്ഞു. പഞ്ചാബിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച കർഷക സംഘടനകളുമായുള്ള ബന്ധം എസ്‌കെഎം ഉപേക്ഷിച്ചിരുന്നു.

എസ്‌പിയെ പിന്തുണയ്‌ക്കുമെന്ന ടിക്കായത്തിന്റെ പ്രസ്‌താവനയ്‌ക്ക്‌ പിന്നാലെ പടിഞ്ഞാറൻ യുപിയിലെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സഞ്‌ജീവ്‌ ബല്യാൻ സിസൗളിയിലെ ടിക്കായത്തിന്റെ കുടുംബ വീട്‌ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ്‌ പരാമർശം തെറ്റായിപ്പോയെന്ന ടിക്കായത്തിന്റെ ഏറ്റുപറച്ചിൽ.

യുപിയിൽ ആസാദ് സമാജ് പാർടി ഒറ്റയ്ക്ക്
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആസാദ് സമാജ് പാർടി നേതാവ് ചന്ദ്രശേഖർ ആസാദ്. കോൺ​ഗ്രസുമായുള്ള സഖ്യസാധ്യതകളെക്കുറിച്ച് ആരായും. തെരഞ്ഞെടുപ്പിനുശേഷം ബിജെപിയെ തടയാൻ മറ്റ് പാർടികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top