29 March Friday

യുപിയിൽ പണിമുടക്കി വൈദ്യുതി ജീവനക്കാര്‍; അ‌ടിച്ചമര്‍ത്താന്‍ ആദിത്യനാഥ്

സ്വന്തം ലേഖകൻUpdated: Monday Mar 20, 2023

ന്യൂഡൽഹി
ശമ്പളവര്‍ധനയടക്കം ആവശ്യപ്പെട്ടുള്ള വൈദ്യുതി ജീവനക്കാരുടെ പണിമുടക്കിനെ അടിച്ചമർത്താന്‍ ഉത്തർപ്രദേശ്‌ സർക്കാർ. വ്യാഴാഴ്‌ച രാത്രി ആരംഭിച്ച മൂന്നുദിവസത്തെ പണിമുടക്ക്‌ അവസാന ദിവസത്തിലേക്ക്‌ കടന്നപ്പോഴാണ്‌ എസ്‌മ അടക്കം പ്രയോഗിച്ചുള്ള കടുത്ത നടപടികളിലേക്ക്‌ ആദിത്യനാഥ്‌ സർക്കാർ കടന്നത്‌. വഴങ്ങിയില്ലെങ്കിൽ ജീവനക്കാർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും ഭീഷണി മുഴക്കി. വ്യാപകമായ അറസ്റ്റ്‌ അടക്കമുള്ള നടപടികളിലേക്ക്‌ സർക്കാർ കടന്നു. ജീവനക്കാരെ കൂട്ടമായി സസ്‌പെൻഡ്‌ ചെയ്‌തിട്ടുമുണ്ട്‌. 1332 കരാർ തൊഴിലാളികളെ പിരിച്ചുവിട്ടു.

വൈദ്യുതി ജീവനക്കാരും എൻജിനിയർമാരും ഉൾപ്പെടുന്ന സംയുക്ത സമരവേദിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്‌. സേവന–- വേതന വ്യവസ്ഥകളിൽ മൂന്നുമാസംമുമ്പ്‌ സമരവേദിയും സർക്കാരും തമ്മിലുണ്ടായ ധാരണ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ്‌ പണിമുടക്ക്‌. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു. സമരം രണ്ടാം ദിവസത്തിലേക്ക്‌ കടന്നപ്പോൾത്തന്നെ യുപിയുടെ പല ഭാഗങ്ങളും ഇരുട്ടിലായി. ഒത്തുതീർപ്പിനു ശ്രമിക്കാതെ അടിച്ചമർത്തൽ നടപടികളിലേക്ക്‌ കടന്ന സർക്കാരിനെതിരായി പ്രതിഷേധം ശക്തമായി.

പിരിച്ചുവിടൽപോലുള്ള നടപടികളുണ്ടായാൽ പണിമുടക്ക്‌ അനിശ്ചിതകാലത്തേക്ക്‌ നീളുമെന്ന്‌ ജീവനക്കാർ മുന്നറിയിപ്പ്‌ നൽകി. പണിമുടക്ക്‌ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന്‌ യുപി വൈദ്യുതി മന്ത്രി എ കെ ശർമ അവകാശപ്പെട്ടു. 22 പേർക്കെതിരായി എസ്‌മ പ്രയോഗിച്ചിട്ടുണ്ട്‌. പൊതുമുതൽ നശിപ്പിച്ചതിനും മറ്റുമായി 29 ജീവനക്കാർക്കെതിരെ കേസുമെടുത്തു.

ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന്‌ സിഐടിയു ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭീഷണി അവഗണിച്ച്‌ വൈദ്യുതി ജീവനക്കാർ ഒറ്റക്കെട്ടായി സമരത്തിലാണ്‌. ജീവനക്കാർക്ക്‌ ഐക്യദാർഢ്യം അറിയിച്ച്‌ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കണം–- സിഐടിയു ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top