20 April Saturday
മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ അഴിമതിയോട്‌ സന്ധി
ചെയ്‌തെന്ന്‌ ആരോപിച്ച്‌ നടത്തിയ പദയാത്ര സമാപിച്ചു

കോൺഗ്രസിന്‌ അന്ത്യശാസനവുമായി സച്ചിൻ പൈലറ്റ്‌ ; പദയാത്ര സമാപിച്ചു

പ്രത്യേക ലേഖകൻUpdated: Monday May 15, 2023


ന്യൂഡൽഹി
രാജസ്ഥാൻ പിഎസ്‌സി അഴിമതിയിൽ 15 ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി വൻ പ്രക്ഷോഭം നടത്തുമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ സച്ചിൻ പൈലറ്റ്‌. രാജസ്ഥാൻ പബ്ലിക്‌ സർവീസ്‌ കമീഷൻ പിരിച്ചുവിട്ട്‌ പുനഃസംഘടിപ്പിക്കണം.  മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം വേണം തുടങ്ങിയവയാണ്‌ സച്ചിൻ ആവശ്യപ്പെടുന്നത്‌. മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ അഴിമതിയോട്‌ സന്ധിചെയ്‌തെന്ന്‌ ആരോപിച്ച്‌ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ നേതൃത്വം നൽകിയ പദയാത്ര ജയ്‌പുരിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയോടെ സമാപിച്ചു. 11നാണ്‌ പദയാത്ര തുടങ്ങിയത്‌.

അഴിമതിചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക്‌ പലതവണ കത്ത്‌ നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ പ്രക്ഷോഭം കോൺഗ്രസിലെ ഐക്യത്തെ ബാധിക്കില്ലേ എന്ന ചോദ്യത്തോട്‌ വ്യക്തിഗത ആരോപണങ്ങൾ  ഉന്നയിച്ചിട്ടില്ലെന്ന്‌ സച്ചിൻ പ്രതികരിച്ചു. 2020ൽ സച്ചിന്റെ നേതൃത്വത്തിൽ ഇരുപതോളം കോൺഗ്രസ്‌ എംഎൽഎമാർ ഉയർത്തിയ കലാപം മറികടന്നത്‌ ബിജെപി നേതാവ്‌ വസുന്ധര രാജെ സിന്ധ്യയുടെ സഹായത്താലാണെന്ന്‌ ഗെലോട്ട്‌ അവകാശപ്പെട്ടതിനു പിന്നാലെയാണ്‌ സച്ചിൻ നിലപാട്‌ കടുപ്പിച്ചത്‌. രാജസ്ഥാനിലെ പൊട്ടിത്തെറിയില്‍ നടപടി എടുക്കാനാകാതെ കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ ആശയക്കുഴപ്പത്തിലാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top