28 March Thursday

മസ്‌ജിദും മദ്രസയും സന്ദർശിച്ച്‌ 
മോഹൻ ഭാഗവത്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022


ന്യൂഡൽഹി
കേന്ദ്ര–സംസ്ഥാന ബിജെപി സർക്കാരുകൾ കടുത്ത ന്യൂനപക്ഷവിരുദ്ധ നടപടികൾ രൂക്ഷമാക്കുന്നതിനിടെ ഒരു വിഭാഗം മുസ്ലിം പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌. ഡൽഹിയുടെ ഹൃദയഭാഗത്ത്‌ കസ്‌തൂർബാഗാന്ധി മാർഗിലെ മസ്‌ജിദും വടക്കൻ ഡൽഹിയിൽ ആസാദ്‌പ്പുരിലുള്ള തജ്‌വീദുൾ ഖുർആൻ മദ്രസയും ഭാഗവത്‌ സന്ദർശിച്ചു. മസ്‌ജിദിൽ ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഉമർ അഹമദ്‌ ഇല്യാസിയുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.

ഭാഗവത്‌ രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണെന്ന്‌ ഇല്യാസി പ്രതികരിച്ചു. നമ്മുടെ ഡിഎൻഎ ഒന്നാണ്‌. ദൈവത്തെ ആരാധിക്കുന്ന രീതിയിൽ മാത്രമാണ്‌ മാറ്റം. രാജ്യത്തിനാണ്‌ പ്രഥമ പരിഗണന നൽകേണ്ടത്‌–- ഇല്യാസി പറഞ്ഞു. ഒരു കുടുംബംപോലെയായിരുന്നു ചർച്ചകളെന്ന്‌ ഇമാമിന്റെ മകൻ സുഹൈബ്‌ ഇല്യാസി പറഞ്ഞു.

മുൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ എസ്‌ വൈ ഖുറേഷി, ഡൽഹി മുൻ ലെഫ്‌. ഗവർണർ നജീബ്‌ ജുങ്‌, അലിഗഢ്‌ സർവകലാശാല മുൻ ചാൻസലർ ലെഫ്‌. ജനറൽ സമീറുദ്ദീൻ ഷാ, മുൻ എംപി ഷാഹിദ്‌ സിദ്ദിഖി, ബിസിനസുകാരനായ സയ്യിദ്‌ ഷെർവാണി എന്നിവരുമായി കഴിഞ്ഞ മാസം ഭാഗവത്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഗോഹത്യ, കാഫിർ വിളി തുടങ്ങിയവയില്‍ ആളുകൾക്ക്‌ അസ്വസ്ഥതയുണ്ടെന്ന്‌ ഭാഗവത്‌ പറഞ്ഞതായി സിദ്ദിഖി വെളിപ്പെടുത്തി. ഗോഹത്യ നടത്തുന്നവർക്ക്‌ ഉചിതമായ ശിക്ഷ നൽകിക്കൊള്ളാൻ തങ്ങൾ പറഞ്ഞു–- സിദ്ദിഖി പറഞ്ഞു. മുസ്ലിം സമുദായവുമായുള്ള സമ്പർക്കം തുടരുന്നതിന്‌ കൃഷ്‌ണഗോപാൽ, ഇന്ദ്രേഷ്‌കുമാർ, രാംലാൽ എന്നിവരെ ഭാ​ഗവത് ചുമതലപ്പെടുത്തിയെന്നും ഖുറേഷിയും ഷാഹിദ്‌ സിദ്ദിഖിയും പറഞ്ഞു. ആർഎസ്‌എസ്‌ ആസൂത്രണംചെയ്‌ത നിരവധിയായ ബോംബ്‌ സ്‌ഫോടനങ്ങൾക്കു പിന്നിൽ ഇന്ദ്രേഷ്‌ കുമാറാണെന്ന്‌ മഹാരാഷ്ട്രയിലെ ആർഎസ്‌എസ്‌ പ്രവർത്തകൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top