25 April Thursday
യുഎൻഡിപി കണക്കുകൾ ശരിവച്ച് ഹൊസബലെ

ദാരിദ്ര്യം അതിരൂക്ഷമെന്ന് ആർഎസ്‌എസ്‌ നേതാവ് ; ഉത്തരംമുട്ടി ബിജെപി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

image credit dattatreya hosabale twitter


ന്യൂഡൽഹി
മോദി ഭരണത്തിനു കീഴിൽ രാജ്യം വികസനക്കുതിപ്പിലാണെന്ന അവകാശവാദങ്ങളെ ഖണ്ഡിച്ച്‌ ആർഎസ്‌എസ്‌ മുതിർന്ന നേതാവ്‌ രംഗത്തെത്തിയതിൽ പുലിവാലുപിടിച്ച്‌ ബിജെപി. രാജ്യത്ത്‌ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അസമത്വവും അതിരൂക്ഷമാണെന്ന്‌ ആർഎസ്‌എസ്‌ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയാണ്‌ തുറന്നടിച്ചത്‌. സംഘടനയിൽ രണ്ടാമനാണ്‌ ഹൊസബലെ.

യുഎൻഡിപിയുടെ മനുഷ്യവിഭവ സൂചിക, സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമിയുടെ (സിഎംഇഐ) തൊഴിലില്ലായ്‌മ റിപ്പോർട്ട്‌, വേൾഡ്‌ ഇനിക്വാലിറ്റി ലാബിന്റെ ആഗോള അസമത്വ റിപ്പോർട്ട്‌ എന്നിവയുടെ കണക്കുകളെയാണ്‌ ഹൊസബലെയും ശരിവയ്‌ക്കുന്നത്‌. സീതാറാം യെച്ചൂരിയെപ്പോലുള്ള ഇടതുപക്ഷ നേതാക്കളും മറ്റും ഈ കണക്കുകൾ അടിസ്ഥാനമാക്കി വിമർശിക്കുമ്പോൾ യുഎൻഡിപിപോലുള്ള സംഘടനകൾ പക്ഷപാതപരമാണെന്നും ഇന്ത്യ വിരുദ്ധമാണെന്നുമായിരുന്നു സംഘപരിവാറിന്റെ വിമർശം.
സ്വദേശി ജാഗരൺ മഞ്ച്‌, ബിഎംഎസ്‌, കിസാൻസംഘ്‌ തുടങ്ങിയ സംഘപരിവാർ സംഘടനകൾ മേഖലാധിഷ്‌ഠിതമായി വിമർശങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഒരു മുതിർന്ന ആർഎസ്‌എസ്‌ നേതാവിൽനിന്ന്‌ ഇത്തരമൊരു പരാമർശം ആദ്യമാണ്‌. 

ഹൊസബലെ കണക്കുകൾ മയപ്പെടുത്തിയാണ് പറഞ്ഞത്‌. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവരുടെ എണ്ണം 20 കോടിക്കുമേലെ എന്നാണ്‌ പറഞ്ഞത്‌. അത്‌ യഥാർഥത്തിൽ 26 കോടിക്കടുത്താണ്‌. രാജ്യത്തെ ഒരു ശതമാനം സമ്പന്നരുടെ പക്കലാണ്‌ ആകെ സ്വത്തിന്റെ 20 ശതമാനവുമെന്ന്‌ ആർഎസ്‌എസ്‌ നേതാവ്‌ പറയുന്നു. എന്നാൽ, യഥാർഥത്തിൽ ഒരു ശതമാനത്തിന്റെ പക്കൽ 33 ശതമാനം സ്വത്താണുള്ളത്‌. അടിത്തട്ടിലുള്ള 50 ശതമാനത്തിന്റെ പക്കൽ 13 ശതമാനം സ്വത്തെന്നാണ്‌ ഹൊസബലെ പറയുന്നതെങ്കിലും യഥാർഥത്തിൽ 5.9 ശതമാനം സ്വത്ത്‌ മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top