29 March Friday

രാഹുലിനെതിരായി വ്യാജവാർത്ത : സീടിവി അവതാരകനെ 
‘രക്ഷിച്ചെടുത്ത്’ യുപി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022


ന്യൂഡൽഹി
ഉദയ്‌പുരിൽ കനയ്യലാലിനെ കൊലപ്പെടുത്തിയവർ കുട്ടികളാണെന്നും ക്ഷമിക്കാമെന്നും കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി പറഞ്ഞതായി വ്യാജവാർത്ത നൽകിയ സീടിവി അവതാരകൻ രോഹിത്‌ രഞ്‌ജനെ അറസ്റ്റ്‌ ചെയ്യാനെത്തിയ ഛത്തീസ്‌ഗഢ്‌ പൊലീസിനെ തടഞ്ഞ്‌ യുപി പൊലീസ്‌.  ഛത്തീസ്‌ഗഢ്‌ പൊലീസിൽനിന്ന്‌ ബലപ്രയോഗത്തിലൂടെ രഞ്‌ജനെ പിടിച്ചുവാങ്ങി യുപി പൊലീസ് അജ്ഞാതസ്ഥലത്തേക്ക്‌ കൊണ്ടുപോയി. പിന്നീട്‌ ജാമ്യം ലഭിക്കാവുന്ന വകുപ്പു പ്രകാരം രഞ്‌ജനെതിരെ കേസെടുത്തു.

വയനാട്ടിലെ എംപി ഓഫീസില്‍ പ്രതിഷേധിച്ചവരെ കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശമാണ് ദുര്‍വ്യാഖ്യാനംചെയത് രഞ്‌ജൻ സീടിവിയില്‍ വാർത്ത നൽകിയത്. കോൺഗ്രസ്‌ എംഎൽഎ ദേവേന്ദ്ര യാദവിന്റെ പരാതിയിലാണ് ഛത്തീസ്‌ഗഢിൽനിന്ന്‌ ഡിഎസ്‌പി ഉദയൻ ദേഹറിന്റെ നേതൃത്വത്തിൽ പത്തംഗ പൊലീസ്‌ സംഘം ഗാസിയാബാദില്‍ രഞ്‌ജന്റെ വസതിയിൽ എത്തിയത്‌. അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നുവെന്ന്  മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്‌ത്‌ രഞ്‌ജന്‍ ട്വീറ്റുചെയ്‌തു. പിന്നാലെ യുപി പൊലീസിന്റെ ഇടപെടലുണ്ടായത്.വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട സീടിവിയുടെ പരാതിയിലാണ്‌ അറസ്‌റ്റെന്ന്‌ യുപി പൊലീസ്‌ അവകാശപ്പെട്ടു.

രാഹുലിന്റെ പരാമർശം വളച്ചൊടിച്ച വീഡിയോ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജ്യവർധൻസിങ്‌ റാത്തോഡ്‌ പങ്കുവച്ചിരുന്നു. ഛത്തീസ്‌ഗഢിലടക്കം ആറു സംസ്ഥാനത്ത്‌ റാത്തോഡിനെതിരെയും കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top