24 September Sunday

"കവച്' രണ്ട്‌ ശതമാനം ട്രാക്കുകളിൽ മാത്രം, 3.14 ലക്ഷം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു; റെയിൽവേയിലെ തൊഴിൽ ശക്തി പുനഃസ്ഥാപിക്കണമെന്ന്‌ ഡോ. വി ശിവദാസൻ എംപി

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

ന്യൂഡൽഹി > റെയിൽവേയിലെ തൊഴിൽ ശക്തി പുനഃസ്ഥാപിക്കണമെന്നും, അപ്രഖ്യാപിത  'നിയമനനിരോധനം' നീക്കി മുഴുവൻ ഒഴിവുകളും എത്രയും വേഗം നികത്തുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും ഡോ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. കോടിക്കണക്കിനു ജനങ്ങൾ ആശ്രയിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ  ലക്ഷക്കണക്കായ ഒഴിവുകൾ നികത്തുന്നതിന് യാതൊരു വിധ നടപടിയും യൂണിയൻ സർക്കാർ കൈക്കൊണ്ടിട്ടില്ല.  ഓരോ വർഷവും നടക്കുന്ന റിക്രൂട്ട്‌മെന്റുകളുടെ എണ്ണവും  വളരെ കുറവാണ്. നിലവിലെ സാഹചര്യത്തിൽ, റെയിൽവേയിലെ നിയമനനിരോധനത്തിനു എതിരെ വലിയ പ്രതിഷേധം യുവജനങ്ങൾക്കിടയിലുണ്ട് - ശിവദാസൻ പറഞ്ഞു.

ട്രെയിനുകളിൽ സുരക്ഷാവീഴ്‌ചകളും അപകടങ്ങളും  തുടർക്കഥ ആവുകയാണ്. പക്ഷെ ഇത് ഗൗരവമായി എടുത്ത് വേണ്ട നടപടികൾ കൈക്കൊള്ളാൻ ബിജെപി സർക്കാർ തയ്യാറാവുന്നില്ല. ശതാ‌ബ്‌ദി ട്രെയിനുകളെക്കാൾ ഏറെയൊന്നും സമയലാഭമില്ലാത്ത കുറച്ചു  വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നേരിട്ട് പോയി ഉദ്‌ഘാടനം നടത്തുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന ആയി വന്നിരിക്കുന്നത്. ഭരണത്തിലേറി  9 വർഷമായിട്ടും, റയിൽവേ സുരക്ഷാ സംവിധാനമായ 'കവച്' കേവലം 2% ട്രാക്കുകളിൽ മാത്രമാണ് നിലവിലുള്ളത്.

പശുചികിത്സയ്‌ക്ക്  സൂപ്പർ സ്പെഷ്യാലിറ്റി ആംബുലൻസ് സൗകര്യം ഒരുക്കിയ രാജ്യത്ത്, ട്രെയിൻ അപകടത്തിൽ പെട്ട് മരണപ്പെട്ടവരുടെ മൃതശരീരങ്ങൾ പിക്കപ്പ് വാനിൽ കൂമ്പാരമാക്കിയിട്ട് കൊണ്ടുപോകുന്ന ദയനീയകാഴചയാണ്‌ കാണുന്നത്. കോർപറേറ്റുകളുടെ കോടിക്കണക്കിനു രൂപ എഴുതിത്തള്ളുന്ന യൂണിയൻ സർക്കാരിന്, സാധാരണക്കാരായ ജനങ്ങൾ കൂടുതലായും ആശ്രയിക്കുന്ന റെയിൽവെയിൽ വേണ്ടത്ര സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താനോ, ട്രാക്കുകൾ മെച്ചപ്പെടുത്തുന്നതിനോ മതിയായ ജീവനക്കാരെ നിയമിക്കുന്നതിനോ താൽപര്യം ഇല്ലാത്ത അവസ്ഥയാണ്. റെയിൽവെയിൽ സുരക്ഷ ജീവനക്കാരുടേത് ഉൾപ്പടെ 3.14 ലക്ഷം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

ഇന്ത്യൻ റെയിൽവേയിലെ ഒഴിവ് സംബന്ധിച്ച 2022  ഫെബ്രുവരി 4 ന് രാജ്യസഭയിൽ ചോദ്യമുന്നയിച്ചിരുന്നു. അന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്  നൽകിയ മറുപടിയിൽ, ഇന്ത്യൻ റയിൽവേയിൽ 2177 ഗസറ്റഡ് തസ്‌തികകളും 263370 നോൺ ഗസറ്റഡ് തസ്‌തികകളും ഉൾപ്പെടെ ആകെ 2.65 ലക്ഷം തസ്‌തികകൾ റെയിൽവേയിൽ ഒഴിഞ്ഞുകിടക്കുകയാണ് എന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ ഈ ഒഴിവുകൾ ഏകദേശം 3.14 ലക്ഷത്തിനു മേലെ ആയിവർധിച്ചിട്ടുണ്ട്. 72,000 തസ്‌തികകൾ സർക്കാർ നിർത്തലാക്കിയതും കൂടി കണക്കിലെടുക്കുമ്പോൾ,  റെയിൽവേയിലെ തൊഴിൽശക്തി വൻതോതിൽ കുറഞ്ഞിട്ടുണ്ട് എന്ന് മനസിലാക്കാം.

കോടിക്കണക്കിനു ജനങ്ങൾ ആശ്രയിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ലക്ഷക്കണക്കായ ഒഴിവുകൾ നികത്തുന്നതിന് യാതൊരു വിധ നടപടിയും യൂണിയൻ സർക്കാർ കൈക്കൊണ്ടിട്ടില്ല എന്നാണിതിൽ നിന്നും വ്യക്തമാകുന്നത്.  ഓരോ വർഷവും നടക്കുന്ന റിക്രൂട്ട്‌മെന്റുകളുടെ എണ്ണവും  വളരെ കുറവാണ്. നിലവിലെ സാഹചര്യത്തിൽ, റെയിൽവേയിലെ നിയമനനിരോധനത്തിനു എതിരെ വലിയ പ്രതിഷേധം യുവജനങ്ങൾക്കിടയിലുണ്ട്. റെയിൽവേയിലെ തൊഴിൽ ശക്തി പുനഃസ്ഥാപിക്കണം. അപ്രഖ്യാപിത  'നിയമനനിരോധനം' നീക്കണം മുഴുവൻ ഒഴിവുകളും എത്രയും വേഗം നികത്തുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം എന്ന് ഡോ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top