19 April Friday

ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കണമെന്ന്‌; കേരളത്തിന്റെ നിശ്ചലദൃശ്യത്തിന്‌ കേന്ദ്രവിലക്ക്‌

പ്രത്യേക ലേഖകന്‍Updated: Wednesday Jan 12, 2022

ന്യൂഡൽഹി> ശ്രീനാരായണ ഗുരുവിന്റെ  പ്രതിമ മുന്നിൽവെച്ചുള്ള  കേരളത്തിന്റെ നിശ്‌ചല ദൃശ്യത്തിന്‌ കേന്ദ്രം അനുമതി നിഷേധിച്ചു. കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ ഇടപെടലിനെത്തുടർന്ന് കേരളം റിപ്പബ്ലിക്‌ദിന പരേഡിൽനിന്ന്‌ പുറത്തായി.

സെലക്‌ഷൻ കമ്മിറ്റി മികച്ചതെന്ന്‌ വിലയിരുത്തിയതിനുശേഷമാണ്‌ നടപടി. ചുണ്ടൻവള്ളം മുതൽ ജടായുപ്പാറയിലെ പക്ഷിശിൽപ്പംവരെ ഉൾപ്പെടുത്തിയാണ്‌ നിശ്ചലദൃശ്യം ഒരുക്കിയത്‌. എന്നാൽ, ശങ്കരാചാര്യരുടെ പ്രതിമ മുന്നിൽ വയ്‌ക്കണമെന്ന്‌ കേന്ദ്രം നിർദേശിച്ചു. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നിൽ വയ്‌ക്കാമെന്ന്‌ കേരളം അറിയിച്ചു. തുടർന്ന്‌ അന്തിമ ചുരുക്കപ്പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തി. സംഗീതം തയ്യാറാക്കാനും നിർദേശിച്ചു. തുടർനടപടിക്കായി ബന്ധപ്പെട്ടപ്പോഴാണ്‌ ഒഴിവാക്കിയ വിവരം അറിയുന്നത്‌.

കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിലെ നാഴികക്കല്ലുകളാണ് നിശ്ചലദൃശ്യത്തില്‍ കേരളം ആവിഷ്‌കരിച്ചത്. ചുണ്ടന്‍വള്ളം മുതല്‍ ജഡായുപ്പാറയിലെ ശില്‍പം വരെ ഇതില്‍ ഉള്‍പ്പെടുത്തി. ഏറ്റവും ഒടുവിലത്തെ വന്‍പദ്ധതി എന്ന നിലയില്‍ ജഡായുപ്പാറയിലെ പക്ഷിശില്‍പത്തിന്റെ രൂപമാണ് മുന്നില്‍ വച്ചത്. സെലക്ഷന്‍ കമ്മിറ്റി പൊതുവെ ഇതിനോട് വലിയ താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ പക്ഷിശില്‍പത്തിനു പകരം ശങ്കരാചാര്യരുടെ പ്രതിമ മുന്നില്‍ വയ്ക്കണമെന്ന് പിന്നീട് കേന്ദ്രത്തില്‍നിന്ന് നിര്‍ദേശം വന്നു.

മതനിരപേക്ഷ ദര്‍ശനം മുന്നോട്ടുവച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വയ്ക്കാമെന്ന് കേരളം പ്രതികരിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടക്കുകയും കേരളത്തിന്റെ നിശ്ചലദൃശ്യം അന്തിമ ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സംഗീതം തയ്യാറാക്കാനും കേരളപ്രതിനിധികള്‍ക്ക് നിര്‍ദേശം ലഭിച്ചു. നാല് രീതിയിലുള്ള സംഗീതവും കേരളം തയ്യാറാക്കിയിരുന്നു. അന്തിമമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരേഡിനെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഇതു ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് കേന്ദ്രത്തെ സമീപിച്ചപ്പോഴാണ് ഒഴിവാക്കിയ വിവരം അറിയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top