20 April Saturday

റിപ്പോനിരക്ക് വര്‍ധന: ചെറുകിട സംരംഭകരെയും പ്രതിസന്ധിയിലാക്കും

വാണിജ്യകാര്യ ലേഖകന്‍Updated: Sunday Oct 2, 2022

കൊച്ചി
ബാങ്കുകൾക്ക് റിസർവ്‌ ബാങ്ക്‌ നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് വീണ്ടും അരശതമാനം കൂട്ടിയത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) കനത്ത ആഘാതമാകും. കേന്ദ്രബാങ്കിന്റെ നിരക്കുവർധന ഭവന, വാഹന, വ്യക്തി​ഗത വായ്പകൾക്കൊപ്പം സംരംഭകരുടെ വായ്പ പലിശയും വർധിപ്പിക്കും. പൊതുമേഖലാ ബാങ്കുകളിൽനിന്നടക്കം വായ്പയെടുക്കാൻ എംഎസ്എംഇകൾക്ക് ചെലവേറും.  ബാങ്കുകൾ പലിശ ഉയർത്തുമ്പോൾ ബാങ്ക് ഇതരസ്ഥാപനങ്ങളിലും വായ്പാ ചെലവേറുമെന്ന് സംരംഭകർ പറയുന്നു.

കോവിഡിൽനിന്ന്‌ വിപണി കരകയറാനും ഉൽപ്പാദനം മെച്ചപ്പെടുത്താനും ചെയ്യുമ്പോഴാണ് ആർബിഐ വീണ്ടും പലിശ കൂട്ടുയത്. പണപ്പെരുപ്പം നിയന്ത്രിക്കാനെന്നാണ്‌ വിശദീകരണം. അഞ്ചുമാസത്തിനിടെ നാലുതവണയായി 1.9 ശതമാനമാണ് റിസർവ് ബാങ്ക് റിപ്പോ വർധിപ്പിച്ചത്. ഇതോടെ 2019 ഏപ്രിലിനുശേഷം ഏറ്റവും ഉയർന്ന നിരക്കായ 5.9 ശതമാനത്തിലെത്തി. എന്നാൽ, വായ്പച്ചെലവിനൊപ്പം അസംസ്കൃതവസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും വിലയും വർധിക്കുമെന്നത്‌ സംരംഭകരെ ആശങ്കപ്പെടുത്തുന്നു. ഇത് വിൽപ്പന കുറയാനും വാണിജ്യ, വ്യവസായ മേഖലയിൽ സാമ്പത്തികഞെരുക്കത്തിനും ഇടയാക്കും.  

ഭവനവായ്പകളുടെ പലിശ വർധിപ്പിക്കുന്നത് നിർമാണമേഖലയ്ക്ക് തിരിച്ചടിയാകും. പാർപ്പിട യൂണിറ്റുകളുടെ വിൽപ്പന കുറയും. ഭവനവായ്പകമ്പനിയായ എച്ച്ഡിഎഫ്സി വായ്പനിരക്ക് അരശതമാനം ഉയർത്തി. |

വാഹനവായ്പയുടെ തിരിച്ചടവ്‌ വർധിക്കുന്നത് വാഹനവ്യവസായത്തിന് വെല്ലുവിളിയാകുന്നതും എംഎസ്എംഇകളെ ബാധിക്കും. ഇലക്ട്രോണിക്സ്, ​ഗൃഹോപകരണങ്ങളുടെ വിൽപ്പനയെയും വഴിയോരക്കച്ചവടക്കാർ അടക്കമുള്ള ചെറുകിടവ്യാപാരികളെയും നിരക്കുവർധന ബാധിക്കുമെന്നും തുടർച്ചയായി നിരക്ക് കൂട്ടുന്നത് രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും വിദ​ഗ്ധർ ആശങ്കപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top