03 July Thursday
5.9%

റിപ്പോ 
വീണ്ടും കൂട്ടി ; വായ്പകളുടെ പലിശഭാരം കൂടും

വാണിജ്യകാര്യ ലേഖകന്‍Updated: Saturday Oct 1, 2022


കൊച്ചി
റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോനിരക്ക് വീണ്ടും വർധിപ്പിച്ചു. വിപണിയിലെ പണലഭ്യത കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കാനെന്ന പേരില്‍  50 ബേസിസ് പോയിന്റാണ്‌ (0.50 ശതമാനം) കൂട്ടിയത്. ഇതോടെ റിപ്പോനിരക്ക് 5.4 ശതമാനത്തിൽനിന്ന്‌ 5.9 ശതമാനമായി. 2019 മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

ആറ് ശതമാനംവരെയാണ് റിസർവ് ബാങ്ക് പറയുന്ന പരമാവധി പണപ്പെരുപ്പ പരിധി. ആറുമാസത്തിലധികമായി ഇതിനുമുകളിലാണ്. അഞ്ചുമാസത്തിനിടെ നാലുതവണയായി 1.9 ശതമാനമാണ് റിപ്പോനിരക്ക്‌ കൂട്ടിയത്. മേയിൽ 40 ഉം ജൂണിൽ 50ഉം ആ​ഗസ്തില്‍ 50ഉം പോയിന്റും കൂട്ടിയിരുന്നു.

റിപ്പോനിരക്ക് വീണ്ടും ഉയർത്തിയത് വായ്പ എടുത്തവര്‍ക്ക് കനത്ത ആഘാതമാകും. ഭവന, വാഹന, വ്യ​ക്തി​ഗത, വിദ്യാഭ്യാസ, വസ്തു തുടങ്ങിയ എല്ലാ റീട്ടെയിൽ വായ്പകളുടെയും പലിശനിരക്ക് ഉയരും. 2022–-23 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച അനുമാനം 7.2 ശതമാനത്തില്‍നിന്ന്‌ ഏഴായും കുറച്ചിട്ടുണ്ട്‌.

വായ്പകളുടെ പലിശഭാരം കൂടും
റിസർവ് ബാങ്ക് റിപ്പോനിരക്ക് വീണ്ടും ഉയർത്തിയത് വായ്പ എടുത്തവർക്ക് വൻ ആഘാതമാകും. ഭവന, വാഹന, വ്യ​ക്തി​ഗത, വിദ്യാഭ്യാസ, വസ്തു തുടങ്ങിയ എല്ലാ റീട്ടെയിൽ വായ്പകളുടെയും പലിശനിരക്ക് ഉയരും.  റിസർവ് ബാങ്ക് നിരക്കിൽ തന്നെയാകും ബാങ്കുകളും വായ്പപലിശ ഉയർത്തുക. എല്ലാ റീട്ടെയിൽ വായ്പകളുടെയും പലിശയിൽ അരശതമാനം വർധന പ്രതീക്ഷിക്കാം. റിപ്പോനിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള, ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പകൾക്കാണ് നിരക്കുവർധന ബാധകം. 2019നുശേഷം ബാങ്കുകൾ റിപ്പോനിരക്കുമായി ബന്ധപ്പെടുത്തിയാണ് വായ്പ നൽകുന്നത്. ഇതിനുശേഷമുള്ള എല്ലാ റീട്ടെയിൽ വായ്പകളുടെയും പുതിയ വായ്പകളുടെയും പലിശ ഉയരും.

പുതിയ നിരക്കനുസരിച്ച് ആ​ഗസ്തിൽ എട്ട് ശതമാനം പലിശയിൽ 20 വർഷ കാലാവധിയിൽ എടുത്ത 15 ലക്ഷം രൂപയുടെ ഭവനവായ്പയുടെ പലിശനിരക്ക് 8.5 ശതമാനമാകും. 12,547 രൂപയായിരുന്ന ഇഎംഐ 13,017 രൂപയാകും. അധികഭാരം 470 രൂപ. ഒരുലക്ഷം രൂപയ്ക്ക് 32 രൂപ എന്ന തോതിൽ പലിശ കൂടും.
പത്ത് ശതമാനം പലിശയ്‌ക്ക്‌ എട്ടുവർഷത്തേക്ക്‌ എടുത്ത 10 ലക്ഷം രൂപയുടെ വാഹനവായ്പ പലിശ 10.5 ശതമാനമാകുമ്പോൾ ഇഎംഐ 9998 രൂപയിൽനിന്ന്‌ 10,322 ആകും. വർധന 324 രൂപ. 15 ശതമാനം പലിശയിൽ ആറുവർഷത്തേക്കുള്ള അഞ്ചുലക്ഷം രൂപ വ്യക്തി​ഗതവായ്പയുടെ തിരിച്ചടവ് മാസം 6884 രൂപയിൽനിന്ന്‌ 7059 രൂപയാകും. 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top