20 April Saturday
കുടിയേറ്റത്തൊഴിലാളികളുടെ നിർവചനം, എണ്ണം, 
വിദൂര വോട്ടിങ്‌ യന്ത്രത്തിന്റെ പ്രവർത്തനം തുടങ്ങിയ
 കാര്യങ്ങളിൽ വ്യക്തത വേണം

വിദൂര വോട്ടിങ്‌ യന്ത്രം ; വിയോജിച്ച്‌ പാർടികൾ , തെരഞ്ഞെടുപ്പ്‌ കമീഷൻ തിടുക്കം 
 കാട്ടരുതെന്ന്‌ ആവശ്യം

എം പ്രശാന്ത്‌Updated: Monday Jan 16, 2023


ന്യൂഡൽഹി  
തെരഞ്ഞെടുപ്പ്‌ കമീഷന്റെ വിദൂര വോട്ടിങ്‌ യന്ത്രമെന്ന ആശയത്തോട്‌ പൊതുവിൽ വിയോജിച്ച്‌ രാഷ്ട്രീയ പാർടികൾ. തൊഴിൽ–- വിദ്യാഭ്യാസ ആവശ്യങ്ങൾക്ക്‌ ഇതര സംസ്ഥാനങ്ങളിലേക്ക്‌ പോകേണ്ടി വരുന്ന കുടിയേറ്റക്കാർക്ക്‌ നാട്ടിലെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിൽ പങ്കാളിയാകാൻ അവസരമൊരുക്കാനാണ്‌ വിദൂര വോട്ടിങ്‌ യന്ത്രം ഏർപ്പെടുത്തുന്നതെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ വിളിച്ച യോഗത്തിൽ ആമുഖമായി ചീഫ്‌ ഇലക്‌ഷൻ കമീഷണർ രാജീവ്‌ കുമാർ പറഞ്ഞു. എന്നാൽ, കുടിയേറ്റത്തൊഴിലാളികളുടെ നിർവചനം, അവരുടെ എണ്ണം, വിദൂര വോട്ടിങ്‌ യന്ത്രത്തിന്റെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ആവശ്യമാണെന്ന്‌ രാഷ്ട്രീയപാർടികൾ ആവശ്യപ്പെട്ടു. പാർടികൾ താൽപ്പര്യം എടുക്കാത്തതിനാൽ യന്ത്രത്തിന്റെ പ്രവർത്തനരീതി യോഗത്തിൽ  അവതരിപ്പിക്കാനും കമീഷന്‌ സാധിച്ചില്ല.

വിഷയത്തിൽ കമീഷൻ തിടുക്കം കൂട്ടുകയാണ്‌. രാഷ്ട്രീയ പാർടികളുമായി ചർച്ചചെയ്‌തു വേണമായിരുന്നു ഇത്തരമൊരു ആശയം പ്രഖ്യാപിക്കാൻ. എന്നാൽ, കമീഷൻ പ്രഖ്യാപനമെല്ലാം നടത്തിയിട്ടാണ്‌ ചർച്ചയ്‌ക്ക്‌ വിളിച്ചത്‌. കുടിയേറ്റത്തൊഴിലാളികൾക്ക്‌ അവസരം കിട്ടാത്തതുകൊണ്ടാണ്‌ വോട്ടിങ്‌ ശതമാനം കുറയുന്നതെന്നാണ്‌ കമീഷന്റെ നിലപാട്‌. അത്‌ ശരിയല്ല. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ സ്ഥലത്തുള്ളവരും ധാരാളമായി വോട്ടുചെയ്യാതിരിക്കുന്നുണ്ട്‌. പ്രത്യേകിച്ച്‌ നഗരമേഖലകളിലും മറ്റും. 30 കോടി കുടിയേറ്റത്തൊഴിലാളികളെന്ന കമീഷന്റെ കണ്ടെത്തലിനോടും യോജിക്കാനാകില്ല. എങ്ങനെയാണ്‌ ഈയൊരു കണക്കിലെത്തിയത്‌. സമവായത്തിലൂടെ മാത്രമേ ഇത്തരമൊരു നടപടിയുമായി മുന്നോട്ടുപോകാവൂ–-പാർടികൾ അഭിപ്രായപ്പെട്ടു. ബിജെപിയടക്കം കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും നിലപാടെടുത്തു.

യന്ത്രം നടപ്പാക്കുന്നതിൽ പാർടികൾക്കുള്ള അഭിപ്രായം അറിയിക്കാനുള്ള സമയപരിധി 31ൽനിന്ന്‌ ഫെബ്രുവരി 20ലേക്ക്‌ നീട്ടി. എട്ട്‌ ദേശീയ പാർടിയും 57 സംസ്ഥാന പാർടിയും യോഗത്തിനെത്തി. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്‌ത്‌ പൊളിറ്റ്‌ബ്യൂറോ അംഗം നീലോൽപ്പൽ ബസു, കേന്ദ്ര കമ്മിറ്റിയംഗം മുരളീധരൻ, സാങ്കേതിക വിദഗ്‌ധൻ ബപ്പ സിൻഹ എന്നിവർ പങ്കെടുത്തു. കുടിയേറ്റത്തൊഴിലാളികളെയും തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ ഭാഗമാക്കണമെന്നു തന്നെയാണ്‌ നിലപാടെന്നും എന്നാൽ കമീഷന്റെ ഇപ്പോഴത്തെ നടപടി തിരക്ക്‌ പിടിച്ചുള്ളതാണെന്നും സിപിഐ എം യോഗത്തിൽ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top