26 April Friday
മരണം 41; നൂറോളം പേരെ കാണാനില്ല

ആന്ധ്രയിലെ ഏറ്റവും വലിയ ഡാമായ തിരുപ്പതി രായല ചെറുവിൽ വിള്ളൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

videograbbed image

അമരാവതി > പ്രളയത്തില്‍ മുങ്ങിയ ആന്ധ്രപ്രദേശില്‍ തിരുപ്പതിക്കു സമീപം രായല ചെറുവു ജലസംഭരണിയിൽ വിള്ളല്‍ ഉണ്ടായതായി റിപ്പോർട്ട്. സംസ്ഥാനത്തെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ജലസംഭരണിയാണിത്. തിരുപ്പതിയിലെ രാമചന്ദ്രപുരത്തെ ജലസംഭരണിയിലെ രണ്ടു ബണ്ടിൽ വിള്ളലുണ്ടായതായും ഇതിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. ജലസംഭരണിയിൽ ചോർച്ചയുണ്ടെന്നും എത്രയും പെട്ടെന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്നും വെല്ലൂർ കലക്ടർ ഹരി നാരായണൻ പറഞ്ഞു. സംഭരണിയിൽ 0.9 ടിഎംസി വെള്ളമുണ്ട്. ഇത്രയും വെള്ളം താങ്ങാനുള്ള ശേഷിയില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ക്ഷേത്രനഗരമായ തിരുപ്പതിയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിലെല്ലാം നാലു ദിവസമായി കനത്ത മഴ തുടരുന്നു. മലയാളികളടക്കം തിരുപ്പതി ക്ഷേത്രത്തിലെത്തിയ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. എസ്‌പി‌എസ് നെല്ലൂർ ജില്ലയിലെ സോമശില അണക്കെട്ടിൽനിന്ന് രണ്ടു ലക്ഷത്തിലധികം ക്യുസെക്‌സ് ജലം പുറത്തേക്ക് ഒഴുക്കിവിട്ടതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മരണം 41; നൂറോളം പേരെ കാണാനില്ല
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആന്ധ്രയിലെ റായല്‍സീമ, നെല്ലൂര്‍ ജില്ലകളില്‍ മരണം 41 കടന്നു. കാണാതായ നൂറോളം പേർക്കായി തിരച്ചിൽ തുടരുന്നു. പെന്നാ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ആന്ധ്രപ്രദേശിലെ തെക്കും കിഴക്കും ബന്ധിപ്പിക്കുന്ന പ്രധാന റെയിൽ, റോഡ് ​ഗതാ​ഗതങ്ങളെല്ലാം റദ്ദാക്കി.  എസ്‌പിഎസ് നെല്ലൂർ ജില്ലയിലെ ചെന്നൈ -കൊൽക്കത്ത ദേശീയപാത -16 തകർന്നതിനെത്തുടർന്ന് ​ഗതാ​ഗതം നിലച്ചു. പടുഗുപാഡുവിലെ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനാൽ 17 എക്‌സ്‌പ്രസ് ട്രെയിനുകൾ റദ്ദാക്കി.

കടപ്പ നഗരത്തിൽ, ഞായറാഴ്ച പുലർച്ചെ മൂന്നുനില കെട്ടിടം തകർന്നു. ആളപായമില്ല. രണ്ടാം നിലയിൽ കുടുങ്ങിയ അമ്മയെയും കുഞ്ഞിനെയും പൊലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി.

അനന്ത്പുർ ജില്ലയിൽ വീട് തകർന്ന് അഞ്ചു പേർ മരിച്ചു. നെല്ലൂരിലെ ബുച്ചിറെഡ്ഡിപാലത്ത് ശനിയാഴ്ച നടന്ന  രക്ഷാപ്രവർത്തനത്തിനിടെ ലൈഫ് ജാക്കറ്റ് ഊരിപ്പോയതിനെത്തുടർന്ന് സംസ്ഥാന ദുരന്തനിവാരണ സേനയിലെ (എസ്ഡിആർഎഫ്) അം​ഗം  കെ ശ്രീനിവാസുലു (30) മുങ്ങിമരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top