18 December Thursday
സഭയില്‍ ബിജെപിക്കാരുടെ മുദ്രാവാക്യം വിളി: 
അന്വേഷണത്തിന്‌ നിർദേശം

ലോക്‌സഭയിൽ വര്‍​ഗീയപരാമര്‍ശം ; എംപിയെ ‘മുസ്ലിം തീവ്രവാദി’യെന്ന് 
ആക്ഷേപിച്ച് ബിജെപി അം​ഗം , നടപടി 
ആവശ്യപ്പെട്ട് 
പ്രതിപക്ഷം

സ്വന്തം ലേഖകൻUpdated: Friday Sep 22, 2023

image credit ramesh bidhuri /danish ali facebook


ന്യൂഡൽഹി
ലോക്‌സഭയിൽ ബിഎസ്‌പി എംപി ഡാനിഷ്‌ അലിയെ ബിജെപി അംഗം രമേശ്‌ ബിദുരി ‘മുസ്ലീം തീവ്രവാദി’യെന്ന്‌ വിളിച്ചത്‌ വിവാദമായി. വ്യാഴാഴ്‌ച ചാന്ദ്രയാൻ ദൗത്യ വിജയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ്‌ ഡൽഹിയിൽനിന്നുള്ള ബിജെപി അംഗം ബിദുരി, ഡാനിഷ്‌ അലിക്കെതിരായി കടുത്ത വർഗീയ പരാമർശം നടത്തിയത്‌. നടപടി ആവശ്യപ്പെട്ട്‌ ഡാനിഷ്‌ അലി സ്‌പീക്കർ ഓം ബിർളയ്ക്ക്‌ കത്തുനൽകി. വിവാദ പരാമർശം രേഖകളിൽനിന്ന്‌ നീക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടിയെ പോലെ ചാകണമെന്ന്‌ ഇവിടെ ചിലർ ആഗ്രഹിക്കുന്നുണ്ടെന്ന പരാമർശവും ചർച്ചയ്ക്കിടെ ബിദുരി നടത്തി. ഈ ഘട്ടത്തിൽ ഇടപെട്ട ഡാനിഷ്‌ അലി എന്തൊക്കെയാണ്‌ പറയുന്നതെന്നും പ്രധാനമന്ത്രിയെക്കുറിച്ച്‌ ഒരാളും അത്തരം പരാമർശം നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഇതോടെ പൊട്ടിത്തെറിച്ച ബിദുരി, ഡാനിഷ്‌ അലിയെ ‘ബട്‌വ’യെന്നും (പിമ്പ്‌), ‘കട്‌വ’ (സുന്നത്ത്‌ ചെയ്‌തയാൾ), ‘മുല്ലാ ഉഗ്രവാദി’ (മുസ്ലീം തീവ്രവാദി), ‘ആതങ്ക്‌വാദി’യെന്നുമെല്ലാം (ഭീകരൻ) വിളിക്കുകയായിരുന്നു. 

ബിദുരിയുടെ പെരുമാറ്റത്തിൽ സഭയാകെ സ്‌തംഭിച്ചു. സഭയിലുണ്ടായിരുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌ ഖേദപ്രകടനം നടത്തി. പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ നേരിട്ട ഈ അവഹേളനം ഹൃദയഭേദകമാണെന്ന്‌ സ്‌പീക്കർക്ക്‌ നൽകിയ പരാതിയിൽ ഡാനിഷ്‌ അലി പറഞ്ഞു. അതേസമയം ബിദുരിയെ സസ്പെൻഡ്‌ ചെയ്യണമെന്ന്‌ പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു.

സഭയില്‍ ബിജെപിക്കാരുടെ മുദ്രാവാക്യം വിളി: 
അന്വേഷണത്തിന്‌ നിർദേശം
രാജ്യസഭാ ഗ്യാലറിയിൽ വ്യാഴാഴ്‌ച ബിജെപിയുടെ വനിതാ പ്രവർത്തകരെത്തി മോദി അനുകൂല മുദ്രാവാക്യം മുഴക്കിയതിനെക്കുറിച്ച്‌ സഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖർ  അന്വേഷണത്തിന്‌ നിർദേശിച്ചു. വി ശിവദാസന്റെ പരാതിയിലാണ്‌ നടപടി. ലോക്‌സഭയുടെയും രാജ്യസഭയുടെയും സന്ദർശക ഗ്യാലറിയിൽ മുദ്രാവാക്യം വിളിയും പ്ലക്കാർഡ്‌ ഉയർത്തലുമൊന്നും അനുവദനീയമല്ല. സംസാരിക്കുന്നതിനുപോലും വിലക്കാണ്‌.

രാജ്യസഭയിൽ വനിതാ ബിൽ ചർച്ചയ്‌ക്കിടെയാണ്‌ ഗ്യാലറിയിലേക്ക്‌ കൂട്ടമായി എത്തിയ ബിജെപിയുടെ വനിതാ പ്രവർത്തകർ ‘മോദി... മോദി’ വിളി ഉയർത്തിയത്‌. കീഴ്‌വഴക്കങ്ങൾ ലംഘിച്ച്‌ പാർലമെന്റിനെപ്പോലും രാഷ്ട്രീയമായി ഉപയോഗിക്കുന്ന ബിജെപിയുടെ നടപടിയിൽ പ്രതിപക്ഷാംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിയിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷ എംപിമാർ സഭയിൽനിന്ന്‌ ഇറങ്ങിപ്പോയി.

പുതിയ പാർലമെന്റിലേക്ക്‌ മാറിയ ചൊവ്വാഴ്‌ച ലോക്‌സഭയുടെ സന്ദർശക ഗ്യാലറിയിലും ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളിച്ചവരെ ഗ്യാലറിയിൽനിന്ന്‌ നീക്കിയതല്ലാതെ മറ്റു നടപടികളിലേക്ക്‌ അധികൃതർ കടന്നിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top