20 April Saturday

രാമനവമി ആഘോഷം: കടന്നാക്രമിച്ച് സംഘപരിവാർ

സ്വന്തം ലേഖകൻUpdated: Sunday Apr 2, 2023

ന്യൂഡൽഹി> രാമനവമി ആഘോഷത്തിന്റെ മറവില്‍ രാജ്യത്താകെ ന്യൂനപക്ഷത്തിനെതിരെ തീവ്രഹിന്ദുത്വവാദികളുടെ കടന്നാക്രമണം. രാമനവമി ഘോഷയാത്രയ്ക്ക് പിന്നാലെ ഗുജറാത്ത്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ്‌, തെലങ്കാന സംസ്ഥാനങ്ങളിൽ ഇരുവിഭാ​ഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

മഹാരാഷ്ട്രയിലും ബംഗാളിലും ഒരാൾ വീതം കൊല്ലപ്പെട്ടു. ബംഗാളിലെ ഹൗറയിൽ സംഘർഷാവസ്ഥ നിയന്ത്രിക്കാനായിട്ടില്ല. ഷിബ്പുർ–-- കാസിപ്പാറ പ്രദേശങ്ങളിലെ സ്ഥിതി തത്സമയം നിരീക്ഷിക്കാൻ ഗവർണർ സി വി ആനന്ദബോസ്‌ പ്രത്യേക സെൽ രൂപീകരിച്ചു. ഇത്‌ തൃണമൂൽ–- ഗവർണർ പോരിനും വഴിവച്ചു.  തെലങ്കാനയിൽ കലാപത്തിന്‌ ആഹ്വാനം നൽകിയ ബിജെപി എംഎൽഎ രാജ സിങ്ങിനെതിരെ ഗുരുതര വകുപ്പ്‌ ചുമത്തി പൊലീസ്‌ കേസെടുത്തു. ഡൽഹിയിൽ കഴിഞ്ഞ വർഷം വർഗീയ സംഘർഷമുണ്ടായ ജഹാംഗിർപുരിയിലും വിലക്ക്‌ മറികടന്ന്‌ ഘോഷയാത്ര നടത്തി. പല സംസ്ഥാനത്തും ഘോഷയാത്രകൾ പോയ വഴികളിലുള്ള മുസ്ലിംപള്ളികളിൽ അതിക്രമിച്ച്‌ കയറിയ അക്രമികൾ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്നതും കാവിക്കൊടി വീശുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു.

കർണാടകം

ഹാസൻ ജില്ലയിലെ ചന്നരായപട്ടണ പ്രദേശത്തെ മുസ്ലിം പള്ളിക്ക്‌ സമീപം ബജ്‌റംഗദൾ ഘോഷയാത്ര കടന്നുപോകവേ സംഘർഷമുണ്ടായി. നാലുപേർക്ക്‌ കുത്തേറ്റു. റാലിയിൽ ‘മുസ്ലിങ്ങൾ പാകിസ്ഥാനിലേക്ക്‌ പോകുക’യെന്ന മുദ്രവാക്യം ഉയർന്നതായി റിപ്പോർട്ടുണ്ട്‌. ഒമ്പതുപേർ അറസ്‌റ്റിലായി.

ബംഗാൾ

ഹൗറ, ഖരഗ്പുർ, ബാരക്പുർ, ഭദ്രേശ്വർ, സിലിഗുരി, അസൻസോൾ തുടങ്ങി വിവിധ മേഖലകളിൽ ബിജെപി–- ആർഎസ്‌എസ്‌ സംഘടനകൾ ഘോഷയാത്ര നടത്തി. ഹൗറയിലെ ഷിബ്പുർ, കാസിപ്പാര മേഖലയിൽ അനുമതിയില്ലാത്ത വഴികളിലൂടെ ഘോഷയാത്ര നടത്തി അക്രമം അഴിച്ചുവിട്ടു. ദൽഖോലയിലാണ്‌ ഒരാൾ കൊല്ലപ്പെട്ടത്‌. 38 പേർ അറസ്‌റ്റിലായി. ഗവർണറോട്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ റിപ്പോർട്ട്‌ തേടി. കലാപത്തിനുപിന്നിൽ ബിജെപിയാണെന്ന്‌ ബംഗാൾ സർക്കാർ ആരോപിച്ചു.

ഗുജറാത്ത്‌

വഡോദരയിലെ ഫത്തേപ്പുരയിൽ വിഎച്ച്‌പി നടത്തിയ ഘോഷയാത്രയിൽ അക്രമമുണ്ടായി. പഞ്ജരിഗർ മൊഹല്ലയ്‌ക്ക്‌ മുമ്പിൽ വാക്കേറ്റവും കല്ലേറും നടന്നുവെന്നാണ്‌ റിപ്പോർട്ട്‌. നിരവധി വാഹനങ്ങൾ തകർത്തു. 23 പേർ അറസ്‌റ്റിലായി.

ഉത്തർപ്രദേശ്‌

ഘോഷയാത്രയ്‌ക്കിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി മധുരയിലുള്ള ജമാൽ മസ്‌ജിദിൽ കയറി കാവിക്കൊടി വീശി. ദൃശ്യങ്ങൾ പ്രചരിച്ചതിന്‌ പിന്നാലെ സംഘർഷമുണ്ടായി. കൊടിവീശിയ നാലുപേരെ അറസ്‌റ്റ്‌ ചെയ്‌തു. ലഖ്‌നൗവിലെ പള്ളിക്ക്‌ സമീപം ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി.

മഹാരാഷ്‌ട്ര

ജൽഗാവ്, സംഭാജിനഗർ ( ഔറംഗബാദ്)മേഖലയിൽ സംഘർഷമുണ്ടായി. ഗവർണർ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡേയിൽനിന്ന്‌ റിപ്പോർട്ട്‌ തേടി. സംഭാജിനഗറിലെ  കിരാദ്പുരയിൽ ഘോഷയാത്രയ്‌ക്കിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതോടെയാണ്‌ സംഘർഷമുണ്ടായത്‌. ഇവിടെ പൊലീസിന്റേതടക്കം 16 വാഹനത്തിന്‌ തീയിട്ടു.  പരിക്കേറ്റ ഷെയ്ഖ് മുനീറുദ്ദീൻ മരിച്ചു. ജൽഗാവിലെ പാൽധിയിൽ മുസ്ലിംപള്ളിക്ക്‌ മുന്നിലുണ്ടായ അക്രമത്തിൽ 45 പേർ അറസ്‌റ്റിലായി.

ബിഹാർ

നളന്ദ ജില്ലയിൽ നടന്ന അക്രമത്തിൽ ഇരുവിഭാഗങ്ങളിലെയും ഇരുപതോളം പേർക്ക്‌ പരിക്കേറ്റു. ബിഹാർ ഷരീഫിലും സൻസാരം പ്രദേശത്തും സംഘർഷമുണ്ടായി.

ജാർഖണ്ഡ്‌

ജംഷഡ്പുരിലെ ഹൽദിപോഖർ പ്രദേശത്ത്‌ കല്ലേറും അക്രമവുമുണ്ടായി. വാഹനങ്ങൾ കത്തിച്ചു. കല്ലേറിൽ അഞ്ചുപേർക്ക്‌ പരിക്കേറ്റു.  

തെലങ്കാന

ഹൈദരാബാദിലെ ചാർമിനാർ പ്രദേശത്തായിരുന്നു അക്രമം. അനുമതി നൽകിയ വഴിയിൽനിന്ന്‌ മാറി പള്ളിപ്രദേശത്ത്‌ എത്തിയപ്പോൾ പ്രകോപനപരമായ മുദ്രവാക്യങ്ങളുയർന്നു. തുടർന്നാണ്‌ സംഘർഷമുണ്ടായത്‌. ബിജെപി എംഎൽഎ രാജാസിങ്ങിനെതിരെ കലാപാഹ്വാനത്തിന്‌ കേസെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top