29 March Friday
11 സീറ്റ്‌; പതിനഞ്ചിലേറെ സീറ്റ്‌ മോഹികൾ

രാജ്യസഭാ തെരഞ്ഞെടുപ്പ് : കോൺഗ്രസില്‍ 
സീറ്റിനായി പിടിവലി

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022


ന്യൂഡൽഹി
പതിനഞ്ച്‌ സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റിലേക്ക്‌ ജൂൺ 10ന്‌ നടക്കുന്ന തെരഞ്ഞെടുപ്പ്‌ കോൺഗ്രസിന്‌ തലവേദന. എട്ട്‌ സംസ്ഥാനങ്ങളിലായി 11 സീറ്റിലാണ്‌ കോൺഗ്രസിന്‌ വിജയസാധ്യത. എന്നാൽ, സീറ്റു മോഹികളായി മുതിർന്ന നേതാക്കളടക്കം പതിനഞ്ചിലേറെ പേർ രംഗത്ത്. ആരെ തള്ളണം കൊള്ളണം എന്നറിയാതെ ഹൈക്കമാൻഡ്‌.

പി ചിദംബരം, ജയ്‌റാം രമേശ്‌, അംബിക സോണി, പ്രദീപ്‌ താമ്‌ത തുടങ്ങി ഒമ്പത്‌ കോൺഗ്രസ്‌ എംപിമാരാണ്‌ ജൂൺ, ജൂലൈ കാലയളവില്‍ വിരമിക്കുന്നത്‌. ചിദംബരവും ജയ്‌റാം രമേശും ഒരവസരംകൂടി പ്രതീക്ഷിക്കുന്നു. രാജ്യസഭയിൽനിന്ന്‌ നേരത്തേ വിരമിച്ച ജി–-23 നേതാക്കളായ ഗുലാംനബി ആസാദ്‌, ആനന്ദ്‌ ശർമ എന്നിവരും രംഗത്തുണ്ട്‌. രാഹുൽ ബ്രിഗേഡുകാരും സീറ്റാഗ്രഹിക്കുന്നു.

രാജസ്ഥാനിൽ മൂന്നു സീറ്റിലും ഛത്തീസ്‌ഗഢിൽ രണ്ടു സീറ്റിലും കോൺഗ്രസിന്‌ ജയിക്കാനാകും. തമിഴ്‌നാട്ടിൽ ഡിഎംകെയും ജാർഖണ്ഡിൽ ജെഎംഎമ്മും ഓരോ സീറ്റ്‌ വാഗ്‌ദാനം നൽകിയിട്ടുണ്ട്‌. കർണാടകം, മധ്യപ്രദേശ്‌, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഓരോ സീറ്റിൽ ജയിക്കാം. ചിദംബരം തമിഴ്‌നാട്ടിൽനിന്നും ജയ്‌റാം രമേശ്‌ കർണാടകത്തിൽനിന്നും സീറ്റ്‌ പ്രതീക്ഷിക്കുന്നു. എം കെ സ്റ്റാലിനുമായി ചിദംബരം കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാൽ, രാഹുൽ ബ്രിഗേഡിന്റെ പിൻബലത്തിൽ പ്രവീൺ ചക്രവർത്തിയും തമിഴ്‌നാട്‌ സീറ്റ്‌ പ്രതീക്ഷിക്കുന്നുണ്ട്‌.

രാജസ്ഥാനിൽ സീറ്റ്‌ കിട്ടുമെന്ന പ്രതീക്ഷയിലാണ്‌ ഗുലാംനബി. ഭൂപീന്ദർ ഹൂഡയുടെ പിൻബലത്തിൽ ഹരിയാന സീറ്റിനായി ആനന്ദ്‌ ശർമ ശ്രമിക്കുന്നു. രാഹുലിന്റെ വിശ്വസ്‌തനായ സുർജെവാലയും മുൻ പിസിസി പ്രസിഡന്റ്‌ കുമാരി ഷെൽജയും കുൽദീപ്‌ ബിഷ്‌ണോയിയും ഹരിയാന ലക്ഷ്യമിടുന്നു. ഛത്തീസ്‌ഗഢിൽനിന്ന്‌ സീറ്റ്‌ പ്രതീക്ഷിക്കുന്ന രാജീവ്‌ ശുക്ലയ്ക്ക് സംസ്ഥാന ഘടകത്തിന്റെ പിന്തുണയില്ല. തഴയപ്പെട്ടാൽ ഗുലാംനബിയും ആനന്ദ്‌ ശർമയുമൊക്കെ കപിൽ സിബലിന്റെ വഴിയേ പോകാനുള്ള സാധ്യത തുറന്നുകിടക്കുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top