26 April Friday
ഹരിയാനയിൽ രണ്ടുസീറ്റും ബിജെപിക്ക്‌

പ്രവർത്തകസമിതി ക്ഷണിതാവും കൂറുമാറി ; തോറ്റമ്പി കോണ്‍​ഗ്രസ്

പ്രത്യേക ലേഖകൻUpdated: Sunday Jun 12, 2022

അജയ്‌ മാക്കൻ / കുൽദീപ്‌ ബിഷ്‌ണോയി


ന്യൂഡൽഹി
പ്രവർത്തകസമിതി ക്ഷണിതാവ് കൂറുമാറുകയും മറ്റൊരു നേതാവ്‌ വോട്ട്‌ അസാധുവാക്കുകയും ചെയ്‌തതോടെ ഹരിയാന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ നാണംകെട്ട തോല്‍വി. ഇതോടെ ഹരിയാനയിലെ രണ്ട് സീറ്റും ബിജെപിക്ക്‌ കിട്ടി. എഐസിസി ജനറൽ സെക്രട്ടറിയും മുൻകേന്ദ്ര മന്ത്രിയുമായ അജയ്‌ മാക്കനാണ്‌ പരാജയപ്പെട്ടത്‌. പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവ്‌ കുൽദീപ്‌ ബിഷ്‌ണോയിയാണ് കൂറുമാറിയത്. കിരൺ ചൗധരി എംഎൽഎ വോട്ട്‌ അസാധുവാക്കി. കാലുവാരലും കുതിരക്കച്ചവടവും ഭയന്ന് എംഎൽഎമാരെ ഒരാഴ്ചയോളം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിപ്പിച്ചിട്ടും നേരിട്ട പരാജയം കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിന്‌ വൻ തിരിച്ചടിയായി.

ഹരിയാനയില്‍ രണ്ട്‌ സീറ്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കൃഷ്‌ണൻലാൽ പൻവറും എൻഡിഎ പിന്തുണച്ച കോർപറേറ്റ്‌ മാധ്യമ ഉടമ കാർത്തികേയ ശർമയും ജയിച്ചു.  കോൺഗ്രസിന്‌ 31 എംഎൽഎമാർ ഉണ്ടായിട്ടും അജയ്‌ മാക്കന്‌ ലഭിച്ചത് 29 വോട്ട്‌ മാത്രം. പൻവറിന്‌ 36വോട്ടും ശർമയ്‌ക്ക്‌ 23 വോട്ടും ലഭിച്ചു. ഏറ്റവും കൂടുതൽ  ഒന്നാംവോട്ട്‌ നേടിയ പൻവറിന്റെ രണ്ടാംവോട്ടിന്റെ ബലത്തിലാണ്‌ ശർമ ജയിച്ചത്‌. ഒരു എംഎൽഎ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു.

തർക്കങ്ങളെത്തുടർന്ന്‌ വെള്ളിയാഴ്‌ച അർധരാത്രിക്കുശേഷമാണ്‌ വോട്ടെണ്ണൽ തുടങ്ങിയത്‌. ആദ്യറൗണ്ട്‌ എണ്ണിയപ്പോൾ മാക്കൻ ജയിച്ചെന്ന ധാരണയിൽ കോൺഗ്രസ്‌ വിജയം ട്വീറ്റ്‌ ചെയ്‌തു.  അബദ്ധം മനസ്സിലായതോടെ ട്വീറ്റ്‌ പിൻവലിച്ചു. നാണക്കേടിന്‌ ഒടുവിൽ കോൺഗ്രസ്‌   കുൽദീപ്‌ ബിഷ്‌ണോയിയെ പുറത്താക്കി.

ആറ്‌ സീറ്റിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്ന മഹാരാഷ്‌ട്രയിൽ  ബിജെപിക്ക്‌ മൂന്നും ശിവസേന, എൻസിപി, കോൺഗ്രസ്‌ കക്ഷികൾക്ക്‌ ഓരോ സീറ്റ്‌ വീതവും ലഭിച്ചു. ഇവിടെ ശിവസേന എംഎൽഎയുടെ വോട്ടുകൊണ്ടാണ്‌ ബിജെപി ജയിച്ചത്‌. കർണാടകത്തിൽ മൂന്ന്‌ സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസും വിജയിച്ചു. രാജസ്ഥാനിൽ കോൺഗ്രസ്‌ മൂന്ന്‌ സീറ്റ്‌ നിലനിർത്തി. സിപിഐ എമ്മിന്റെ രണ്ട്‌ വോട്ട്‌ ബിജെപി സ്ഥാനാർഥിയുടെ പരാജയത്തിൽ നിർണായകമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top