24 April Wednesday

രാജീവ്‌ ഗാന്ധി വധക്കേസ് : സുപ്രീംകോടതി വിധി അധികാരദുർവിനിയോഗം നടത്തുന്ന ഗവർണർമാർക്കുള്ള താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2022


ന്യൂഡൽഹി
രാജീവ്‌ ഗാന്ധി വധക്കേസില്‍ തടവിലായിരുന്ന എല്ലാവരേയും വിട്ടയച്ച സുപ്രീംകോടതി ഉത്തരവ്‌ ഗവർണറുടെ അധികാരദുർവിനിയോഗത്തിനുള്ള തിരിച്ചടി. കേരളത്തിൽ ഉൾപ്പെടെ അധികാരദുർവിനിയോഗം നടത്തുന്ന ഗവർണർമാർക്കുള്ള താക്കീതുകൂടിയാണ്‌ വിധിന്യായത്തിലെ സുപ്രധാന നിരീക്ഷണങ്ങൾ.

രാജീവ് ​ഗാന്ധി വധകേസില്‍ ശിക്ഷിക്കപ്പെട്ടവരെ ഇളവ്‌ നൽകി വിട്ടയക്കാമെന്ന്‌ തമിഴ്‌നാട്‌ മന്ത്രിസഭ 2018ൽ ഗവർണറായിരുന്ന ഭൻവാരിലാൽ പുരോഹിത്തിന്‌ ശുപാർശ നൽകി. എന്നാൽ, തുടർനടപടി സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. ശിക്ഷാഇളവ്‌ തേടിയുള്ള എ ജി പേരറിവാളന്റെ ഹർജി ഗവർണർ  രാഷ്ട്രപതിക്ക്‌ വിട്ടു. രാഷ്ട്രപതിയാണ്‌ തീരുമാനം എടുക്കേണ്ടതെന്നായിരുന്നു ഗവർണറുടെ നിലപാട്‌. പിന്നീട്‌, ഗവർണറായ ആർ എൻ രവിയും വിഷയത്തിൽ ഇടപെട്ടില്ല.

തമിഴ്നാട് സംസ്ഥാന സർക്കാരിനെ മറികടന്ന്‌ അധികാരദുർവിനിയോഗം നടത്തിയ ഗവർണര്‍ ആർ എൻ രവിയെ രൂക്ഷമായ ഭാഷയിൽ വിധിന്യായത്തിൽ കോടതി വിമർശിച്ചു. സംസ്ഥാന സർക്കാർ ശുപാർശ പ്രകാരം പ്രവർത്തിക്കാത്ത ഗവർണർ ഭരണഘടനാബാധ്യകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ 161–-ാം അനുച്ഛേദത്തിൽ ശിക്ഷാഇളവുകൾ നൽകാനും ശിക്ഷ റദ്ദാക്കാനും ക്ഷമ നൽകാനും മോചനം നൽകാനുമുള്ള ഗവർണറുടെ അധികാരങ്ങൾ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ഈ അനുച്ഛേദം അനുസരിച്ച്‌ സംസ്ഥാന സർക്കാർ ശുപാർശയുടെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടി സ്വീകരിക്കുകയാണ്‌ ഗവർണർ ചെയ്യേണ്ടത്‌. എന്നാൽ, അതുണ്ടായില്ല. അതിനാൽ, ഭരണഘടനയുടെ 142–-ാം അനുച്ഛേദം നൽകുന്ന സവിശേഷാധികാരം ഉപയോഗിച്ച്‌ പ്രതിയെ മോചിപ്പിക്കാൻ ഉത്തരവിടുകയാണെന്നും സുപ്രീംകോടതി വിശദീകരിച്ചു. പേരറിവാളനെ വെറുതെവിട്ട ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ കേസിലെ മറ്റു പ്രതികൾക്കും സുപ്രീംകോടതി ഇപ്പോൾ ആശ്വാസം അനുവദിച്ചിട്ടുള്ളത്‌. 

സംസ്ഥാന സർക്കാരുകൾക്ക്‌ ഗവർണർമാർക്കു മുകളിലുള്ള സ്ഥാനം അടിവരയിടുന്നതാണ്‌ കേസിലെ ഉത്തരവെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചതും ശ്രദ്ധേയം.ഗവർണറുടെ അധികാരം സംസ്ഥാന സർക്കാരുകൾക്കു മുകളിൽ അല്ലെന്ന ഓർമിപ്പിക്കല്‍ പേരറിവാളൻ കേസിലെ ഉത്തരവിലും സുപ്രീംകോടതി നടത്തിയിട്ടുണ്ട്‌.

വിധിയിൽ പറയുന്നത്‌
‘ഗവർണർ സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ്‌ തലവനാണെങ്കിൽ ആ സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകേണ്ട ബാധ്യത മന്ത്രിസഭയ്‌ക്കാണുള്ളത്‌. നിയമനിർമാണങ്ങളെയും അത്‌ നടപ്പാക്കേണ്ട സംവിധാനങ്ങളെയും ഒരുമിപ്പിക്കുന്ന കണ്ണിയാണ്‌ മന്ത്രിസഭ. ഗവർണർ മന്ത്രിസഭയുടെ ഉപദേശനിർദേശങ്ങൾ അനുസരിച്ചാണ്‌ പ്രവർത്തിക്കേണ്ടത്‌. ഗവർണറുടെയോ പ്രസിഡന്റിന്റെയോ താൽപ്പര്യം അനുസരിച്ചാണ്‌ തീരുമാനങ്ങൾ എടുക്കേണ്ടതെന്ന്‌ ഭരണഘടനയിൽ പറയുന്നുണ്ട്‌. എന്നാൽ, അതൊരിക്കലും അവരുടെ വ്യക്തിപരമായ സംതൃപ്‌തിയല്ല.’

വിധി അംഗീകരിക്കില്ല:  കോൺഗ്രസ്‌
രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട സുപ്രീംകോടതി ഉത്തരവ്‌ ഒരിക്കലും അംഗീകരിക്കാൻ ആകാത്തതാണെന്ന്‌ കോൺഗ്രസ്‌ പ്രതികരിച്ചു. രാജ്യത്തിന്റെ വികാരം മനസ്സിലാക്കാതെയുള്ള വിധിയാണ്‌ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്‌. വിധിയെ പാർടി അപലപിക്കുന്നതായും കോൺഗ്രസ്‌ നേതാവ്‌ ജയ്‌റാം രമേശ്‌ പറഞ്ഞു.

കേസിന്റെ വഴി
1998 ജനുവരിയിൽ 26 പ്രതികളെ വിചാരണക്കോടതി വധശിക്ഷയ്‌ക്ക്‌ വിധിച്ചു. 1999ൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുടെ വധശിക്ഷയും മൂന്നു പേരുടെ ജീവപര്യന്തവും ശരിവച്ചു. 19 പേരെ വെറുതെ വിട്ടു. 2000ൽ നളിനിയുടെ വധശിക്ഷ തമിഴ്‌നാട്‌ജീവപര്യന്തമായി ഇളവ്‌ ചെയ്‌തു. വധശിക്ഷ വിധിക്കപ്പെട്ട മറ്റ്‌ മൂന്നു പേരുടെയും ദയാഹർജികൾ 2011ൽ രാഷ്ട്രപതി തള്ളി. 2011 സെപ്‌തംബർ ഒമ്പതിന്‌ ശിക്ഷ നടപ്പാക്കാനുള്ള നീക്കം മദ്രാസ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. 2014 ജനുവരി 21ന്‌ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി. മോചനം ആവശ്യപ്പെട്ട്‌ 2015ൽ പേരറിവാളൻ അപേക്ഷ നൽകി. ഏഴുപേരെയും മോചിപ്പിക്കണമെന്ന്‌ 2018 സെപ്‌തംബറിൽ തമിഴ്‌നാട്‌ ശുപാർശ ചെയ്‌തു. 2021 ജനുവരിയായിട്ടും ഗവർണർ തീരുമാനമെടുത്തില്ല. ഉടൻ തീരുമാനമെടുക്കാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. പേരറിവാളനെ മോചിപ്പിക്കാൻ 2022 മെയ്‌ 18ന്‌ സുപ്രീംകോടതി ഉത്തരവിട്ടു.
  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top