20 April Saturday

രാജസ്ഥാൻ പ്രതിസന്ധി : കോൺഗ്രസ്‌ ഛിന്നഭിന്നം ; ഹൈക്കമാന്‍ഡിന്റെ പിടിപ്പുകേടില്‍ അതൃപ്തി

സാജൻ എവുജിൻUpdated: Monday Jul 27, 2020


ന്യൂഡൽഹി
രാജസ്ഥാനില്‍ അവസരത്തിനൊത്ത് ഉയരാനാകാത്ത  ഹൈക്കമാന്‍ഡിന്റെ പിടിപ്പുകോടിനെച്ചൊല്ലി കോണ്‍​ഗ്രസില്‍ ഭിന്നത രൂക്ഷം. ഹൈക്കമാൻഡിന്റെ ദൗർബല്യവും നിഷ്‌ക്രിയത്വവും പ്രശ്‌നം വഷളാക്കിയെന്ന വികാരവും പാർടിയിൽ ഉയരുന്നു. സച്ചിൻ പൈലറ്റിനെ കൂടെ നിർത്താനുള്ള രാഷ്ട്രീയസാധ്യത തള്ളി നിയമയുദ്ധത്തിലേക്ക് നീങ്ങിയത് മണ്ടത്തരമായെന്ന് മിക്ക മുതിര്‍ന്നനേതാക്കളും കരുതുന്നു. ഇരുപക്ഷങ്ങള്‍ തമ്മിലടിച്ചപ്പോള്‍, രാജ്യസഭാ സീറ്റുറപ്പിക്കാന്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രവര്‍ത്തിച്ചത് സ്ഥിതി രൂക്ഷമാക്കിയെന്ന വികാരവും ഇവര്‍ക്കുണ്ട്. കപിൽ സിബൽ, വീരപ്പ മൊയ്‌ലി, മണിശങ്കർ അയ്യർ, പ്രിയ ദത്ത്‌ അടക്കമുള്ളവര്‍ ഹൈക്കമാന്‍ഡിന്റെ ​ദൗര്‍ബല്യത്തില്‍ അസ്വസ്ഥരാണ്. മധ്യപ്രദേശിലെ അട്ടിമറിയിൽ നിന്നും പാഠം ഉൾകൊള്ളാൻ നേതൃത്വത്തിന്‌ കഴിഞ്ഞില്ലെന്നാണ്‌ ഇവർ ചൂണ്ടിക്കാട്ടുന്നത്‌ 

വിശ്വസിച്ചത് ​ഗെലോട്ടിനെ
മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ‌ തുടർച്ചയായ പ്രകോപനമാണ് പൈലറ്റിനെ അനുനയിപ്പിക്കാനുള്ള സാധ്യത അടച്ചത്. പൈലറ്റ്‌ അടക്കം 19 എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കം തിരിച്ചടിയായി. സ്‌പീക്കർ സി പി ജോഷി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും സർക്കാർ നിലപാട്‌ ചോദ്യംചെയ്യപ്പെട്ടു. പാർടി വേദിയിൽ വിയോജിപ്പ്‌ രേഖപ്പെടുത്താൻ അവസരം ലഭിച്ചില്ലെങ്കിൽ എന്തുചെയ്യുമെന്ന ചോദ്യമാണ്‌ മൂന്നംഗ ബെഞ്ച്‌ ഉന്നയിച്ചത്‌.

തിങ്കളാഴ്‌ച കോടതി വിശദവാദം കേൾക്കും. വിഷയം സുപ്രീംകോടതിയിൽ എത്തിയതോടെ രാഷ്ട്രീയപരിഹാരം അസാധ്യമായി.പൈലറ്റിന്റെ "അതിരുകടന്ന മോ​​​​ഹ'മാണ്‌ കുഴപ്പമെന്ന ഗെലോട്ടിന്റെ വ്യാഖ്യാനമാണ് ഹൈക്കമാൻഡ്‌ തുടക്കംമുതല്‍ വിശ്വസിച്ചത്.  ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ സ്ഥാനങ്ങൾ വഹിച്ച പൈലറ്റ്‌ ഭരണകാര്യത്തില്‍ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ലെന്ന  ആക്ഷേപമാണ്‌ ഉന്നയിച്ചത്‌. മധ്യപ്രദേശിൽ ജ്യോതിരാദിത്യ കൂറുമാറിയതോടെ മാര്‍ച്ചില്‍ കോൺഗ്രസ്‌ സർക്കാർ  വീണപ്പോൾത്തന്നെ രാജസ്ഥാനിലും ഭിന്നത പ്രകടമായി. രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെച്ചൊല്ലി ഗെലോട്ട്‌, പൈലറ്റ്‌ പക്ഷങ്ങൾ പോരടിക്കവെ സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാല്‍ ശ്രമിച്ചത് സ്വന്തം സീറ്റ് ഉറപ്പാക്കാന്‍. വേണുഗോപാലിനും ഗെലോട്ട്‌ പക്ഷത്തിനും സീറ്റ്‌ നൽകിയതോടെ പൈലറ്റ്‌ കൂടുതൽ അസ്വസ്ഥനായി. ഇതേത്തുടർന്നുണ്ടായ പൊട്ടിത്തെറികള്‍ പരിഹരിക്കാൻ നേതൃത്വത്തിനു കഴിഞ്ഞില്ല.

റാഞ്ചല്‍ തുടരുന്നു
മധ്യപ്രദേശിൽ ഓരോ ദിവസവും കൂടുതൽ കോൺഗ്രസ്‌ എംഎൽഎമാരെ ബിജെപി റാഞ്ചുകയാണ്‌‌. സിന്ധ്യവിരുദ്ധരെയാണ്‌ ഇപ്പോൾ ബിജെപി കൂറുമാറ്റിയെടുക്കുന്നത്‌. സിന്ധ്യപക്ഷത്തിന്റെ പിന്തുണയില്ലാതെ സർക്കാരിന്‌ അംഗബലമുറപ്പിക്കാനാണ്‌ ശ്രമം. ഛത്തീസ്‌ഗഢിൽ സ്വന്തം എംഎല്‍എമാര്‍ കൂറുമാറാതിരിക്കാന്‍  കൂടുതല്‍ സ്ഥാനമാനങ്ങള്‍ വാരിക്കോരി നല്‍കുകയാണ് കോണ്‍​ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ്‌ ബഗേൽ. രാഷ്ട്രീയമായി നേതാക്കളെ കൂടെനിർത്താൻ കോൺഗ്രസിനു കഴിയുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top