29 March Friday

അമേതിയില്‍ രാഹുലിനെ കൈവിട്ടത്, 13 തവണ കോണ്‍ഗ്രസിനെ വിജയിപ്പിച്ച മണ്ഡലം

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

കൊച്ചി> അമേതിയില്‍ രാഹുല്‍ ഗാന്ധിയുടെ തോല്‍വി കോണ്‍ഗ്രസിന് വന്‍ ആഘാതം 1967 ല്‍ മണ്ഡലം നിലവില്‍ വന്നതുമുതലുള്ള 52 വര്‍ഷത്തിനിടയില്‍ ആകെ നാലുവര്‍ഷം മാത്രമാണ് ഇവിടെ കോണ്‍ഗ്രസ് പ്രതിനിധി അല്ലാത്ത ഒരാള്‍ എംപി ആയി ഇരുന്നിട്ടുള്ളത്. ഇന്ദിരാഗാന്ധിയുടെ രണ്ടുമക്കളും മരുമകളും വിജയിച്ചിട്ടുള്ള മണ്ഡലത്തിലാണ്‌ ചെറുമകന്‍ മൂക്കുകുത്തിയത്.

1977 ല്‍ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായ രവീന്ദ്ര പ്രതാപ്‌ സിംഗ് വിജയിച്ചിരുന്നു. സഞ്ജയ് ഗാന്ധിയെ തോല്‍പ്പിച്ചായിരുന്നു വിജയം. എന്നാല്‍ മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സഞ്ജയ് ഗാന്ധി മണ്ഡലം തിരിച്ചു പിടിച്ചു. പിന്നീട് അമേതി കോണ്‍ഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും കുത്തക മണ്ഡലം പോലെ നിലനിന്നു.സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ജയിച്ച രാജീവ് ഗാന്ധി 1991 വരെ മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിച്ചു.

രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ട ശേഷം 1991 മുതല്‍ 1998 വരെ ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരനായ സതീഷ്‌ ശര്‍മ്മ ഇവിടെ നിന്ന് എംപി ആയി. 1998 ല്‍ ബിജെപി സ്ഥാനാര്‍ഥിയായി സഞ്ജയ്‌ സിന്‍ഹ ഇവിടെ നിന്ന് ജയിച്ചതാണ് രണ്ടാമത്തെ വഴിമാറ്റം.രാജീവ് ഗാന്ധിയുടെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായിരുന്ന സഞ്ജയ്‌ സിന്‍ഹ  തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍  ബിജെപിയില്‍ ചേര്‍ന്ന് മത്സരിയ്ക്കുകയായിരുന്നു.

ഒരുവര്‍ഷത്തിനകം 1999ല്‍ തന്നെ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു.സോണിയാഗാന്ധി അമേതിയുടെ എം പി ആയി. പിന്നീട് 2004 മുതല്‍ തുടര്‍ച്ചയായി മൂന്നുവട്ടം രാഹുല്‍ ഗാന്ധി ഇവിടെ നിന്ന് വിജയിച്ചു.

ഇക്കുറി സ്മൃതി ഇറാനിയോട് 55120 വോട്ടിനു രാഹുല്‍ തോറ്റു. സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാകാതിരുന്നിട്ടും എസ്‌പി --ബിഎസ്‌പി സഖ്യം ഇവിടെ രാഹുലിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. എന്നിട്ടും ജയിക്കാനായില്ല.

വിജയിച്ചശേഷം വിരലിലെണ്ണാവുന്ന തവണമാത്രമാണ‌് രാഹുൽ അമേഠി സന്ദർശിച്ചത‌്.  ഒരോ തവണ സന്ദർശിക്കുമ്പോഴും ‘അടുത്ത 10–-15 വർഷത്തിനുള്ളിൽ അമേഠിയെ കാലിഫോർണിയയുടെയും സിംഗപ്പുരിന്റെയും നിലവാരത്തിലേക്ക‌് ഉയർത്തുമെന്ന‌് അവകാശപ്പെടും’. ഇത‌് മാധ്യമങ്ങളിൽ വാർത്തയാകും. ഇതിനപ്പുറം ജനപ്രതിനിധിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാഗത്ത‌ുനിന്ന‌്  ഇടപെടലൊന്നുമുണ്ടായില്ല. 2009ൽ പ്രിയങ്ക ഗാന്ധി  അമേഠി സന്ദർശിച്ചപ്പോൾ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ മണ്ഡലം ഏറെ പിന്നിലാണെന്ന‌് അവർ  തുറന്നുസമ്മതിച്ചിരുന്നു. വീണ്ടും 10 വർഷം കഴിഞ്ഞിട്ടും മണ്ഡലത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

അമേഠിയിലെ വികസനമുരടിപ്പ‌് പരിഹരിക്കാൻ ഒന്നുംചെയ്യാത്ത രാഹുലിന‌ുവേണ്ടി ഇക്കുറിയും വോട്ട‌് പാഴാക്കരുതെന്ന മുദ്രാവാക്യം ഉയർത്തിയാണ‌് ബിജെപി  പ്രചാരണം നടത്തിയത‌്.   രാഹുലിന‌് കർഷകരുടെ ഭാഗത്ത‌ുനിന്ന‌് വലിയ പ്രതിഷേധം നേരിടേണ്ടിവന്നു. രാജീവ‌് ഗാന്ധി എംപിയായിരുന്ന കാലയളവിൽ സമ്രാട്ട‌് സൈക്കിൾ ഫാക്ടറിക്ക‌ുവേണ്ടി ഏറ്റെടുത്ത ഭൂമി തിരിച്ചുനൽകണമെന്ന‌് ആവശ്യപ്പെട്ടാണ‌് കർഷകർ രംഗത്തെത്തിയത‌്. പദ്ധതിക്കായി ഏറ്റെടുത്ത 65.57 ഏക്കർ ഭൂമി രാജീവ‌് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ‌് വളഞ്ഞവഴിക്ക‌് സ്വന്തമാക്കിയെന്നും ആക്ഷേപമുണ്ട‌്. 

സ‌്മൃതി ഇറാനി മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 2017 നിയമസഭാതെരഞ്ഞെടുപ്പിൽ അമേഠി ലോക‌്സഭാ മണ്ഡലത്തിലെ അഞ്ച‌് നിയമസഭാമണ്ഡലത്തിൽ ഒന്നിൽപോലും ജയിക്കാൻ കോൺഗ്രസിന‌് കഴിഞ്ഞിരുന്നില്ല. അമേഠിയില്‍ തോല്‍വി ഭയന്നാണ്  രാഹുൽ വയനാട്ടിൽ സുരക്ഷിതത്വം നേടിയതെന്നും ഇതോടെ വ്യക്തമായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top