28 March Thursday

അഞ്ചിടങ്ങളിൽ തെരഞ്ഞെടുപ്പ്‌ ; എവിടെ രാഹുൽ ? 'മുന്നിൽ' നിന്ന്‌ നയിക്കേണ്ട നേതാവിനെ കണ്ടുകിട്ടാതെ കോണ്‍​ഗ്രസ്

എം പ്രശാന്ത്‌Updated: Thursday Jan 6, 2022


ന്യൂഡൽഹി
പഞ്ചാബും ഉത്തരാഖണ്ഡുമടക്കം അഞ്ചു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിട്ടും മുന്നിൽനിന്ന്‌ നയിക്കേണ്ട രാഹുൽ ഗാന്ധി എവിടെയെന്ന്‌ അറിയാതെ കോൺഗ്രസ്‌ പ്രവർത്തകർ.

പുതുവത്സരം ആഘോഷമാക്കാൻ വിദേശത്തേക്ക്‌ പറന്ന നേതാവ്‌ ഒരാഴ്‌ചയായിട്ടും തിരിച്ചെത്തിയിട്ടില്ല. ഇറ്റലിക്ക്‌ പോയതായി സൂചനയെങ്കിലും ആർക്കും ഉറപ്പില്ല. ഭരണത്തിലുള്ള പഞ്ചാബിലും മുഖ്യപ്രതിപക്ഷമായ ഉത്തരാഖണ്ഡിലും സംഘടനാ പ്രശ്‌നം രൂക്ഷം. ജനുവരി മൂന്നിന്‌ രാഹുൽ നയിക്കുന്ന റാലിയോടെ പഞ്ചാബിൽ പ്രചാരണം തുടങ്ങാനാണ്‌ കോൺഗ്രസ്‌ തീരുമാനിച്ചത്‌. എന്നാൽ, റാലി മാറ്റി. യുപിയിലും അതേ സ്ഥിതി. 

ബിജെപിക്കെതിരായ പോരാട്ടം ‘മുന്നിൽ’നിന്ന്‌ നയിക്കുന്നെന്ന്‌ അവകാശപ്പെടുന്ന നേതാവ്‌ നിർണായകവേളയിൽ സുഖവാസത്തിന്‌ പോയത്‌ ചില്ലറയല്ല കോൺഗ്രസിനെ വലയ്‌ക്കുന്നത്‌. ഒരു മാസത്തിനിടയിലെ രണ്ടാം വിദേശ പര്യടനമാണ് ഇത്‌. നവംബർ ആദ്യവാരം ലണ്ടനിലേക്ക്‌ പോയ രാഹുൽ ഒരു മാസംകഴിഞ്ഞ്‌ ശീതകാല സമ്മേളനത്തിനാണ്‌ മടങ്ങി എത്തിയത്‌. ഡിസംബർ അവസാനം അടുത്ത പറക്കൽ. 2015ൽ 55 ദിവസമാണ്‌ രാഹുൽ വിദേശത്ത്‌ കഴിഞ്ഞത്‌. തായ്‌ലൻഡ്‌, മ്യാൻമർ, കംബോഡിയ എന്നിവിടങ്ങളിലായിരുന്നു ചുറ്റൽ. 2019 ഒക്‌ടോബറിൽ മഹാരാഷ്ട്ര–- ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ ബാങ്കോക്കിലേക്ക്‌ പോയി. ഹരിയാനയിൽ ഭരണത്തിൽ തിരിച്ചെത്താമായിരുന്ന കോൺഗ്രസിന്‌ പ്രചാരണത്തിലെ പിഴവുകൊണ്ടുമാത്രം അത്‌ നഷ്‌ടമായി.

2019 മേയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം വരുന്നതിനുമുമ്പ്‌ രാഹുല്‍ ബ്രിട്ടണിലേക്ക് പറന്നു. 2018ലെ ബജറ്റ്‌ സമ്മേളന കാലയളവിൽ മുഴുവൻ വിദേശത്ത്‌. 2020 ഡിസംബറിൽ കോൺഗ്രസിന്റെ 136–-ാമത്‌ സ്ഥാപക ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാതെ രാഹുൽ പറന്നത്‌ ഇറ്റലിയിലേക്ക്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top