20 April Saturday

ഡൽഹിയിൽ കോൺഗ്രസ്‌ പ്രതിഷേധം ; രാഹുലും പ്രിയങ്കയും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022


ന്യൂഡൽഹി
നാഷണൽ ഹെറാൾഡ്‌ ഓഫീസിലെ ഇഡി റെയ്‌ഡിനു പിന്നാലെ വിലക്കയറ്റ വിഷയം ഉയർത്തി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കൾ അറസ്റ്റിലായി. ഇരുവരുടെയും അറസ്റ്റിൽ കോൺഗ്രസ്‌ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധം ഉയർത്തി. രാത്രിയോടെ നേതാക്കളെ മോചിപ്പിച്ചു.

രാഷ്ട്രപതി ഭവനിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാർച്ച്‌ ചെയ്‌ത കോൺഗ്രസ്‌ നേതാക്കളെ പൊലീസ്‌ തടഞ്ഞു. പാർലമെന്റിൽനിന്ന്‌ രാഹുലിന്റെ നേതൃത്വത്തിൽ എംപിമാരാണ്‌ രാഷ്ട്രപതി ഭവനിലേക്ക്‌ മാർച്ച്‌ ചെയ്‌തത്‌. പാർലമെന്റിൽനിന്നുള്ള മാർച്ചിൽ സോണിയ ഗാന്ധിയും പങ്കുചേർന്നു. രാഷ്ട്രപതി ഭവനിലേക്കുള്ള മാർച്ച്‌ വിജയ്‌ചൗക്കിൽ തടഞ്ഞ പൊലീസ്‌ രാഹുൽ അടക്കമുള്ളവരെ അറസ്‌റ്റുചെയ്‌ത്‌ നീക്കി.

കോൺഗ്രസ്‌ ആസ്ഥാനത്തുനിന്ന്‌ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച്‌ പ്രിയങ്കയുടെ നേതൃത്വത്തിലായിരുന്നു. ആസ്ഥാനത്തിനുമുന്നിൽ ബാരിക്കേഡുകൾ നിരത്തി പൊലീസ്‌ തടഞ്ഞു. ബാരിക്കേഡ്‌ ചാടിക്കടന്ന പ്രിയങ്ക റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. വനിതാ പൊലീസ്‌ ബലപ്രയോഗത്തിലൂടെ പ്രിയങ്കയെ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി. കറുത്ത വസ്‌ത്രം അണിഞ്ഞായിരുന്നു നേതാക്കളുടെ പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിൽ രാജ്‌ഭവനുകളിലേക്കും കോൺഗ്രസ്‌ മാർച്ച്‌ നടത്തി.

കേന്ദ്രഏജൻസികളുടെ ദുരുപയോഗം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷ പാർടികൾ പ്രതിഷേധിച്ചതോടെ പാർലമെന്റിന്റെ ഇരുസഭയും പകൽ രണ്ടുവരെ സ്‌തംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top