29 March Friday

അയോഗ്യത മോദി–അദാനി ബന്ധം തുറന്നുകാട്ടിയതിന്‌: രാഹുൽ

പ്രത്യേക ലേഖകൻUpdated: Sunday Mar 26, 2023

ന്യൂഡൽഹി
ജയിലിൽ അടച്ചാലും ജീവിതാവസാനംവരെ അയോഗ്യനാക്കിയാലും മോദി–-അദാനി ബന്ധത്തെക്കുറിച്ച്‌ ചോദ്യങ്ങൾ ഉയർത്തുന്നതിൽനിന്ന്‌ പിന്മാറില്ലെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി. പാർലമെന്റിൽ മോദി–-അദാനി ബന്ധം വീണ്ടും  ഉന്നയിക്കുന്നത്‌ തടയാനാണ്‌ അയോഗ്യനാക്കിയതെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
   
അദാനിയുടെ കടലാസ് കമ്പനിയിലേക്ക്‌ 20,000 കോടി രൂപ വന്നത്‌ എവിടെനിന്നാണ്‌. പ്രതിരോധനിർമാണ മേഖലയിലെ കമ്പനികളിൽനിന്നടക്കം പണമെത്തി. ഇതേക്കുറിച്ച്‌ രേഖകളുടെ അടിസ്ഥാനത്തിൽ പാർലമെന്റിൽ നടത്തിയ പ്രസംഗം രേഖകളിൽനിന്ന്‌ നീക്കി.
പിന്നാലെ ബിജെപി നേതാക്കളുടെ നുണപ്രചാരണം തുടങ്ങി. മുഖ്യവിഷയത്തിൽനിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌ ശ്രമം. മോദിയും അദാനിയും തമ്മിലുള്ള ബന്ധമാണ്‌ മുഖ്യവിഷയം. മോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയതാണ്‌ അവരുടെ ബന്ധം. ‘വൈബ്രൻഡ്‌ ഗുജറാത്ത്‌’ പോലും അദാനിയുടെ ആശയമാണ്‌. അതൊരു കൂട്ടുകെട്ടാണ്‌, വളരെ ദൃഢമായത്‌. അതേക്കുറിച്ച്‌ തുടർന്നും ചോദ്യങ്ങൾ ഉന്നയിക്കുമെന്ന്‌ രാഹുൽ പറഞ്ഞു.

ഞാൻ സവർക്കർ അല്ല


സൂറത്ത്‌ കോടതി ശിക്ഷ വിധിക്കാൻ ഇടയാക്കിയ പരാമർശത്തിൽ മാപ്പുപറയുമോ എന്ന ചോദ്യത്തോട്‌  ഞാൻ ഗാന്ധിയാണ്‌, സവർക്കർ അല്ല എന്ന്‌ രാഹുൽ പ്രതികരിച്ചു. കേസിൽ നിയമനടപടി ആലോചിച്ച്‌ തീരുമാനിക്കും. പിന്തുണച്ച പ്രതിപക്ഷ കക്ഷികളോട്‌ നന്ദി പറയുന്നു. മോദി–-അദാനി ബന്ധം തുറന്നുകാട്ടാൻ പ്രതിപക്ഷം ഒന്നിച്ചുനിൽക്കുമെന്നും രാഹുൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top