25 April Thursday

അയോഗ്യത അദാനി - മോദി ബന്ധം ഉന്നയിച്ചതിന്‌; ജനാധിപത്യ പോരാട്ടം തുടരുമെന്ന്‌ രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

ന്യൂഡൽഹി > അയോഗ്യനാക്കി നിശബ്‌ദനാക്കാൻ കഴിയില്ലെന്നും ജനാധിപത്യ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി. ചോദ്യങ്ങൾ ചോദിക്കുന്നത്‌ അവസാനിപ്പിക്കില്ല. അദാനി - മോദി ബന്ധം തുറന്ന്‌ പറഞ്ഞതിനാണ്‌ അയോഗ്യതയെന്നും രാഹുൽ പറഞ്ഞു. എംപി സ്ഥാനത്തുനിന്ന്‌ അയോഗ്യനായശേഷം ആദ്യമായി മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു രാഹുൽ.

"അദാനിയും മോദിയും തമ്മിൽ പണ്ടുമുതലേ ബന്ധമുണ്ട്. അദാനി ഷെൽ കമ്പനിയിൽ നിക്ഷേപിച്ച കോടികൾ ആരുടേതാണ്? ഈ ചോദ്യമാണ് തെളിവു സഹിതം പാർലമെന്റിൽ ഉന്നയിച്ചത്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം ആഴമുള്ളതും പഴയതുമാണ്. ഈ അദാനി ബന്ധം സഭയിൽ ഉന്നയിച്ചതിനാണ് അയോഗ്യനാക്കിയത്. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും നിശബ്‌ദനാക്കാനാകില്ല.’ – രാഹുൽ പറഞ്ഞു.

രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് താന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നാം ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താന്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും രാഹുല്‍ പറഞ്ഞു.

'പാര്‍ലമെന്റില്‍ നടത്തിയ എന്റെ പസംഗം ഒഴിവാക്കി, പിന്നീട് ലോക്‌സഭാ സ്പീക്കര്‍ക്ക് താന്‍ വിശദമായ മറുപടി എഴുതി. ചില മന്ത്രിമാര്‍ എന്നെക്കുറിച്ച് നുണ പറഞ്ഞു, ഞാന്‍ വിദേശ ശക്തികളുടെ സഹായം തേടിയെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയൊന്നും ഞാന്‍ ചെയ്‌തില്ല. അതുകൊണ്ടൊന്നും ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തില്ല, പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ഞാന്‍ ചോദ്യം ചെയ്‌തുകൊണ്ടേയിരിക്കും' - രാഹുല്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top