29 March Friday
സംഘത്തിൽ പ്രശാന്ത്‌ കിഷോറിന്റെ ശിഷ്യനും

രാഹുൽ ബ്രിഗേഡിനെ 
കുത്തിനിറച്ച്‌ ദൗത്യസംഘം ; ജി23 നേതാക്കൾ ‘ഉപദേശക’സമിതിയിൽമാത്രം

എം പ്രശാന്ത്‌Updated: Tuesday May 24, 2022


ന്യൂഡൽഹി
സംഘടനാ പരിഷ്‌കാരങ്ങൾ നടപ്പാക്കാനും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തയ്യാറെടുക്കാനുമായി പ്രത്യേക ദൗത്യസംഘത്തിന്‌ രൂപംനൽകി കോൺഗ്രസ്‌ ഇടക്കാല പ്രസിഡന്റ്‌ സോണിയ ഗാന്ധി. പ്രവർത്തകസമിതി അംഗങ്ങളെ ഉൾപ്പെടുത്തി സോണിയയുടെ അധ്യക്ഷതയിൽ എട്ടംഗ രാഷ്ട്രീയകാര്യ സമിതിയും ഒക്ടോബറിൽ സംഘടിപ്പിക്കുന്ന ‘ഐക്യഭാരത യാത്ര’യ്‌ക്കായി ഒമ്പതംഗ കേന്ദ്ര ആസൂത്രണസമിതിയും രൂപീകരിച്ചു.

ദൗത്യസംഘത്തിൽ രാഹുൽ ബ്രിഗേഡിനാണ്‌ ആധിപത്യം. വിമത ജി–-23 വിഭാഗത്തിൽനിന്ന്‌ ഒരാൾപോലുമില്ല. ഉപദേശക സ്വഭാവംമാത്രമുള്ള രാഷ്ട്രീയകാര്യ സമിതിയിൽ ജി–-23 നേതാക്കളായ ഗുലാംനബി ആസാദിനെയും ആനന്ദ്‌ ശർമയെയും ഉൾപ്പെടുത്തി.  സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇരുസമിതിയിലുമുണ്ട്‌. കേരളത്തിൽനിന്ന്‌ മറ്റാരുമില്ല. തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ശിഷ്യനും 2014, 19 തെരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദിയുടെ വിജയത്തിന്‌ ചുക്കാൻ പിടിച്ച സംഘാംഗവുമായ സുനിൽ കനുഗോലുവും ദൗത്യസംഘത്തിലുണ്ട്‌. പ്രശാന്ത്‌ കിഷോർ കോൺഗ്രസിൽ ചേരാൻ വിസമ്മതിച്ചതിനാലാണ്‌ പകരക്കാരനായി ‘മോദി ഭക്തൻ’ ഇടംപിടിച്ചത്‌.

പി ചിദംബരം, മുകുൾ വാസ്‌നിക്ക്‌, ജയ്‌റാം രമേശ്‌, അജയ്‌ മാക്കൻ, പ്രിയങ്ക ഗാന്ധി, രൺദീപ്‌ സിങ്‌ സുർജെവാല എന്നിവരും കോൺഗ്രസിലെ അധികാരകേന്ദ്രമായി മാറിയേക്കാവുന്ന ദൗത്യസംഘത്തിൽ ഉൾപ്പെടുന്നു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അംബികാ സോണി, ദിഗ്‌വിജയ്‌ സിങ്‌,  ജിതേന്ദ്ര സിങ്‌ എന്നിവരാണ്‌  കോൺഗ്രസ്‌ പ്രസിഡന്റിന് ഉപദേശം നല‍്കുന്ന രാഷ്ട്രീയകാര്യ സമിതിയിലെ മറ്റംഗങ്ങൾ.

ഐക്യഭാരത യാത്ര ആസൂത്രണം ചെയ്യുന്ന സമിതിയിൽ ദിഗ്‌വിജയ്‌ സിങ്‌, സച്ചിൻ പൈലറ്റ്‌, ശശി തരൂർ, രവ്‌നീത്‌ സിങ്‌ ബിട്ടു, കർണാടകത്തിൽനിന്നുള്ള മലയാളി നേതാവ്‌ കെ ജി ജോർജ്‌, ജോതിമണി, പ്രദ്യുത്‌ ബൊർദൊലൊയ്‌, ജിതു പട്‌വാരി, സലീം അഹമദ്‌ എന്നിവർ ഉൾപ്പെടുന്നു.

മോദി–ഷാ വിശ്വസ്‌തൻ
പ്രവർത്തകസമിതി കഴിഞ്ഞാൽ കോൺഗ്രസിൽ ഏറ്റവും അധികാരമുള്ള സമുന്നത സമിതിയായി മാറിയേക്കാവുന്ന ‘ദൗത്യ സംഘം 2024’ൽ മോദി ഭക്തനും. തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞനായ പ്രശാന്ത്‌ കിഷോറിന്റെ സഹപ്രവർത്തകനും കർണാടകക്കാരനുമായ സുനിൽ കനുഗോലുവാണ്‌ ദൗത്യസംഘത്തിൽ ഇടംപിടിച്ച അപ്രതീക്ഷിത മുഖം. ബിജെപിയടക്കം വിവിധ പാർടികൾക്കായി തെരഞ്ഞെടുപ്പ്‌ ഘട്ടങ്ങളിൽ പ്രചാരണത്തിൽ ഏർപ്പെട്ടതല്ലാതെ കോൺഗ്രസ്‌ സംഘടനാരംഗത്ത്‌ കനുഗോലുവിന്‌ മുൻപരിചയമൊന്നുമില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമിത്‌ ഷാ ടീമിൽ ഉൾപ്പെട്ടിരുന്ന കനുഗോലു സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങൾക്കും രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ വ്യക്തിഹത്യചെയ്യാനും നേതൃത്വം നൽകിയയാളാണ്‌.

2013ൽ പ്രശാന്ത്‌ കിഷോറിന്റെ ‘സിറ്റിസൺസ്‌ ഫോർ അക്കൗണ്ടബിൾ ഗവേണൻസ്‌’ (സിഎജി) സംഘാംഗമായാണ്‌ മുപ്പത്തൊമ്പതുകാരനായ കനുഗോലു തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടു തുടങ്ങിയത്‌. സമൂഹമാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ആദ്യമായി വലിയ പ്രാധാന്യം ലഭിച്ച കാലയളവുകൂടിയായിരുന്നു 2013–-14. മോദിയെ കരുത്തനായ നേതാവായി അവതരിപ്പിക്കാൻ കിഷോറും കനുഗോലുവും ഐടി വിദഗ്‌ധരെയും മറ്റും ഉൾപ്പെടുത്തി വിപുലമായ സംഘം രൂപീകരിച്ചു. 2014ൽ മോദി അധികാരത്തിലെത്തിയതിനു പിന്നാലെ പ്രശാന്ത്‌ കിഷോർ അമിത്‌ ഷായുമായി തെറ്റിപ്പിരിഞ്ഞു. കനുഗോലു മോദി ക്യാമ്പിൽ തുടർന്നു. കനുഗോലുവും മറ്റും ഉൾപ്പെടുന്ന പുതിയ ഐടി സംഘം ‘എ ബില്യൺ മൈൻഡ്‌സ്‌’ 2016 മുതൽ ബിജെപിക്കായി പ്രവർത്തിച്ചുതുടങ്ങി. മോദി സർക്കാരിന്റെ നേട്ടങ്ങളെന്ന പേരിൽ വ്യാജപ്രചാരണങ്ങളുടെ കുത്തൊഴുക്ക്‌ ആരംഭിച്ചു. വ്യാജ സർവേകളും പ്രതിപക്ഷ നേതാക്കളെ താറടിക്കുന്ന അപകീർത്തി പ്രചാരണവും സമൂഹമാധ്യമങ്ങളിൽ സജീവമാക്കി. രാഹുൽ ഗാന്ധിയെ പപ്പുവെന്ന്‌ പരിഹസിച്ചു. ഷായുടെ സ്വന്തം സംഘമായിമാറി.

2019ൽ മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുംവരെ ‘ബില്യൺ മൈൻഡ്‌സ്‌’ സമൂഹമാധ്യമ ഇടപെടൽ തുടർന്നു. ഇവരുടെ വ്യാജപ്രചാരണങ്ങൾ ഹഫിങ്‌ടൺ പോസ്റ്റുപോലുള്ള അന്തർദേശീയ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. ഡിഎംകെ, അകാലിദൾ, എഐഎഡിഎംകെ പാർടികൾക്കായും കനുഗോലു പ്രവർത്തിച്ചിട്ടുണ്ട്‌. കോൺഗ്രസിൽ ശമ്പളക്കാരനായാണോ സേവനം എന്നത്‌ വ്യക്തമല്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top