19 March Tuesday

ടീസ്‌ത സെതൽവാദ്, ആർ ബി ശ്രീകുമാർ തുടങ്ങിയവരെ ഉടൻ വിട്ടയക്കുക: സിപിഐ എം

സ്വന്തം ലേഖകൻUpdated: Sunday Jun 26, 2022

ടീസ്‌ത സെതൽവാദ്, ആർ ബി ശ്രീകുമാർ

ന്യൂഡൽഹി
ഗുജറാത്ത്‌ വംശഹത്യയുടെ ഇരകൾക്ക്‌ നീതി ലഭിക്കാൻ നിശ്ചയദാർഢ്യത്തോടെ പൊരുതിയ ടീസ്‌ത സെതൽവാദിനെ അറസ്റ്റ്‌ ചെയ്‌ത നടപടിയെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അപലപിച്ചു. വർഗീയസംഘർഷങ്ങൾ നടന്ന സംസ്ഥാനം ഭരിച്ചിരുന്ന സർക്കാരിന്‌, അതിലുള്ള പങ്ക്‌ ചോദ്യംചെയ്യാൻ ആരും ധൈര്യപ്പെടരുതെന്ന ഭീഷണിയാണ്‌ ടീസ്‌തയുടെ അറസ്‌റ്റ്‌.

ജനാധിപത്യവിശ്വാസികളായ പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടിയാണിത്‌. അറസ്റ്റിന്‌ വഴിയൊരുക്കിയത്‌ സുപ്രീംകോടതി മൂന്നംഗബെഞ്ചിന്റെ സംശയകരമായ ഉത്തരവാണ്‌. ‘നിയമനടപടികൾ ദുരുപയോഗംചെയ്‌ത എല്ലാവരെയും വിചാരണ ചെയ്യണം. നിയമാനുസൃത നടപടി സ്വീകരിക്കണം’എന്ന  ഉത്തരവിലെ നിരീക്ഷണമാണ്‌ അറസ്റ്റിന്‌ കാരണമായത്‌. എസ്‌ഐടി നടപടി ചോദ്യംചെയ്‌ത്‌ ആരെങ്കിലും കോടതിയെ സമീപിച്ചാൽ അവർക്കെതിരെ ‘നിയമ നടപടികൾ ദുരുപയോഗം ചെയ്‌തു’- എന്ന കുറ്റം ചുമത്താവുന്ന സാഹചര്യമാണ്‌ സുപ്രീംകോടതി ഉത്തരവിലൂടെ ഉണ്ടായത്‌.

 16 വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തെ ‘ഗൂഢലക്ഷ്യത്തോടെ ഈ വിഷയം ചൂടാക്കി നിർത്താനുള്ള പരിശ്രമം’–--എന്നാണ്‌ കോടതി കുറ്റപ്പെടുത്തിയത്‌. അസാധാരണ രീതിയിലുള്ള അപമാനകരമായ പരാമർശങ്ങളാണ്‌ കോടതിയിൽനിന്ന് ഉണ്ടായത്‌. സമുദായങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കിയതിന്‌ ഐപിസി പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തണമെന്ന്‌ കേസിൽ നിയമസഹായത്തിന്‌ സുപ്രീംകോടതി ചുമതലപ്പെടുത്തിയ അമിക്കസ്‌ക്യൂറി എസ്‌ഐടിയോട്‌  ശുപാർശ ചെയ്‌തിരുന്നു. 2004 ഏപ്രിലിൽ സുപ്രീംകോടതിതന്നെയാണ്‌ അന്ന്‌ ഗുജറാത്ത്‌ സർക്കാരിനെ നയിച്ച നേതാക്കൾ ‘ആധുനിക നീറോ ചക്രവർത്തിമാരെ’പ്പോലെയാണ്‌ പ്രവർത്തിക്കുന്നെന്ന്‌ വിമർശിച്ചത്‌.

എന്നാൽ, സുപ്രീംകോടതി മൂന്നംഗബെഞ്ചിന്റെ പുതിയ വിധി അതൊന്നും പരിഗണിച്ചില്ല. പകരം, നിയമസംവിധാനത്തിൽ ഉറച്ചുവിശ്വസിച്ചിരുന്ന ടീസ്‌തയെപ്പോലെയുള്ളവരെ ശിക്ഷിച്ചു. തിരുത്തൽ ഹർജിക്ക്‌ എല്ലാ സാധ്യതയുമുള്ള ഉത്തരവാണിത്‌.  ടീസ്‌ത, ആർ ബി ശ്രീകുമാർ തുടങ്ങിയവർക്ക്‌ എതിരായ കേസുകൾ പിൻവലിച്ച്‌ അവരെ ഉടൻ മോചിപ്പിക്കണമെന്നും പിബി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top