18 April Thursday

മാർഗനിർദേശങ്ങൾ വീണ്ടും മാറ്റി: പരിശോധനയില്ലാതെ ക്വാറന്റൈൻ ‌ നിർത്താം

സ്വന്തം ലേഖകൻUpdated: Tuesday May 12, 2020

ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അസുഖബാധിതരുടെ ചികിത്സാ മാർഗനിർദേശങ്ങളിൽ കേന്ദ്രസർക്കാർ വീണ്ടും മാറ്റംവരുത്തി. രോഗലക്ഷണങ്ങളില്ലാതെയും ചെറിയ ലക്ഷണങ്ങളോടെയും ഹോം ക്വാറന്റൈനിൽ കഴിയുന്ന രോഗികൾക്ക്‌ തുടർച്ചയായി പത്തുദിവസം പനിയോ മറ്റ്‌ ലക്ഷണങ്ങളോ ഇല്ലെങ്കിൽ 17–-ാം ദിവസം ക്വാറന്റൈൻ അവസാനിപ്പിക്കാം.

മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികൾ വലിയതോതിൽ വർധിക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിലെ തിരക്ക്‌ ഒഴിവാക്കുന്നതിനാണ്‌ കേന്ദ്രം മാർഗനിർദേശം പുതുക്കിയത്. ലക്ഷണങ്ങൾ ഇല്ലാത്തവർ, ചെറിയ ലക്ഷണങ്ങൾമാത്രമുള്ളവർ എന്നിവരുടെ കാര്യത്തിൽ ആശുപത്രിവാസം അവസാനിപ്പിക്കാൻ പരിശോധനയിലൂടെ കോവിഡ്‌ നെഗറ്റീവ്‌ ആണെന്ന്‌ ഉറപ്പിക്കേണ്ടതില്ല. തുടർച്ചയായി മൂന്ന്‌ ദിവസം പനിയോ മറ്റ്‌ ലക്ഷണങ്ങളോ ഇല്ലെങ്കിൽ ആശുപത്രി വിടാമെന്ന്‌ മെയ്‌ എട്ടിലെ മാർഗനിർദേശത്തിൽ പറഞ്ഞിരുന്നു.

തിങ്കളാഴ്‌ച പുറത്തിറക്കിയ മാർഗനിർദേശപ്രകാരം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ്‌ രോഗികൾക്കും ഇനിമുതൽ പരിശോധനയിലൂടെ നെഗറ്റീവ്‌ ആണെന്ന്‌ ഉറപ്പിക്കേണ്ടതില്ല. തുടർച്ചയായി 10 ദിവസം ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരും 17 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞവരുമായ രോഗികൾക്ക്‌ പരിശോധന കൂടാതെതന്നെ ക്വാറന്റൈൻ അവസാനിപ്പിക്കാനാണ്‌ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്‌. ക്വാറന്റൈൻ അവസാനിപ്പിക്കാമെന്ന്‌ ഡോക്ടറുടെ സർട്ടിഫിക്കറ്റ്‌ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top