24 April Wednesday

സ്വിസിന്‌ എംബോളോ

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

Breel Embolo image credit FIFA WORLD CUP twitter

ദോഹ
ബ്രീൽ എംബോളോ ഗോൾ തൊടുത്തു. സ്വിറ്റ്‌സർലൻഡ്‌ ജയവുംകുറിച്ചു. പക്ഷേ, എംബോളോയ്‌ക്ക്‌ ആഘോഷിക്കാൻ മനസ്സുവന്നില്ല. കാരണം ആ ഗോൾ തന്റെ ജന്മനാടിനെതിരെയായിരുന്നു, കാമറൂണിനെതിരെ. എംബോളോ ജനിച്ചത്‌ കാമറൂണിലാണ്‌. ബ്രസീൽ ഉൾപ്പെട്ട ഗ്രൂപ്പ്‌ ജിയിൽ നിർണായക ജയമാണ്‌ സ്വിസുകാർ സ്വന്തമാക്കിയത്‌.

കളിയിൽ ഏറെസമയവും ആക്രമണം നടത്തിയിട്ടും ഗോളിലേക്കുള്ളവഴി മനസ്സിലാകാത്തതാണ്‌ കാമറൂണിന്‌ വിനയായത്‌. ബോക്‌സിനുമുമ്പിൽ അവരുടെ മുന്നേറ്റങ്ങൾ ചിതറി. സ്വിസ്‌ ഗോൾകീപ്പർ യാൻ സോമ്മെറുടെ പ്രകടനവും നിർണായകമായി. ആദ്യപകുതി കാമറൂണിന്റെ മുന്നേറ്റങ്ങൾ നിറഞ്ഞതായിരുന്നു. എറിക്‌ ചുപോമോടെങ്‌, ബ്രയാൻ എംബ്യുമോ, മാർട്ടിൻ ഹോങ്‌ല എന്നിവരെല്ലാം അവസരങ്ങൾ പാഴാക്കി. സ്വിസ്‌ പ്രതിരോധത്തെ വേഗംകൊണ്ട്‌ വിഷമിപ്പിക്കാൻ കഴിഞ്ഞു കാമറൂണിന്‌. ഇടവേളയ്‌ക്കുശേഷം പെട്ടെന്നുതന്നെ സ്വിസ്‌ ലീഡ്‌ കുറിച്ചു. കാമറൂണിന്റെ പ്രതിരോധപ്പിഴവ്‌ മുതലെടുത്ത്‌ ഷെർദാൻ ഷക്കീരി ഗോൾമുഖത്തേക്ക്‌ ക്രോസ്‌ തൊടുത്തു. എംബോളോ എളുപ്പത്തിൽ വലകണ്ടു.

ഗോൾനേടിയശേഷം ഈ ഇരുപത്താറുകാരൻ ചെറിയ ആഹ്ലാദത്തിലൊതുക്കി. ബഹുമാനസൂചകമായി കൈകളുയർത്തി. കണ്ണടച്ചു. ആറാംവയസ്സിലാണ്‌ എംബോളോ കാമറൂണിൽനിന്ന്‌ സ്വിറ്റ്‌സർലൻഡിലെത്തുന്നത്‌. 2014ൽ പൗരത്വം ലഭിച്ചു. 18–-ാംവയസ്സിൽ അഭയാർഥിക്കുട്ടികൾക്കായി ഫൗണ്ടേഷനുണ്ടാക്കി. കാമറൂണിൽ ഭിന്നശേഷിക്കാർക്ക്‌ സഹായമൊരുക്കി. ഫ്രഞ്ച്‌ ക്ലബ് മൊണാകോയ്‌ക്കായാണ്‌ എംബോളോ പന്തുതട്ടുന്നത്‌.

സ്വിസ്‌ ടീമിൽ നിർണായക സാന്നിധ്യമാണ്‌ ഈ മുന്നേറ്റക്കാരൻ. പരിശീലകൻ മുറാത്‌ യാകിന്റെ വിശ്വാസം കാത്തു. മറുവശത്ത്‌ നഷ്ടമാക്കിയ അവസരങ്ങൾ കാമറൂണിന്റെ വിധിയെഴുതി. ഗോൾ നേടിയശേഷം പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയ സ്വിസുകാർ ഇടയ്‌ക്ക്‌ പ്രത്യാക്രമണങ്ങളും നടത്തി. അവസാനഘട്ടത്തിൽ കാമറൂൺ ക്ഷീണിച്ചു. വർഗാസിന്റെ മികച്ച ഷോട്ട്‌ കാമറൂൺ ഗോൾകീപ്പർ ആന്ദ്രേ ഒനാന തട്ടിയകറ്റുകയായിരുന്നു.  ഗ്രൂപ്പ്‌ 28ന്‌ ബ്രസീലുമായാണ്‌ സ്വിറ്റ്‌സർലൻഡിന്റെ അടുത്ത മത്സരം. അന്നുതന്നെ കാമറൂൺ സെർബിയയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top