ന്യൂഡൽഹി
കർഷകരുടെ ട്രെയിൻതടയൽ സമരത്തെതുടർന്ന് പഞ്ചാബിൽ രണ്ടാം ദിവസവും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സമീപകാലത്തുണ്ടായ പ്രളയംമൂലം കർഷകർക്കുണ്ടായ നഷ്‌ടം തരണം ചെയ്യാൻ പാക്കേജ് പ്രഖ്യാപിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷ സമരം. മോഗാ, ഹോഷിയാർപുർ, ഗുർദാസ്‌പുർ, ജലന്ധർ, സംഗ്രൂർ, പട്യാല, ഫിറോസ്‌പുർ, ഭട്ടിൻഡ, അമൃത്‌സർ തുടങ്ങിയ സ്ഥലങ്ങളിൽ സംഘടിച്ചെത്തിയ കർഷകർ റെയിൽട്രാക്കുകളിലിരുന്ന് പ്രതിഷേധിച്ചു. ചണ്ഡീഗഢ്–- അംബാല ദേശീയപാതയും ഒരു സംഘം കർഷകർ ഉപരോധിച്ചു.
90 എക്‌സ്‌പ്രസ് ട്രെയിനും 150 പാസഞ്ചർ ട്രെയിനും സർവീസ് റദ്ദാക്കിയതായി നോർത്തേൺ റെയിൽവേ അറിയിച്ചു. ചിലത് വഴിതിരിച്ചുവിട്ടു. ശനിയാഴ്‌ചയും പ്രതിഷേധം തുടരുമെന്ന് കിസാൻ മസ്‌ദൂർ സംഘർഷ് സമിതി നേതാക്കൾ പറഞ്ഞു.
നഷ്ടപരിഹാര പാക്കേജിനുപുറമെ മിനിമം താങ്ങുവില നടപ്പാക്കുമെന്ന് നിയമപരമായ ഉറപ്പ് നൽകുക, ഡൽഹിയിലും മറ്റും പ്രതിഷേധിച്ച കർഷകർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുക, പ്രക്ഷോഭങ്ങൾക്കിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക–- തുടങ്ങിയ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..