19 April Friday

റേഷൻകടകൾ തുറന്ന്‌ അരിവിതരണം പുനരാരംഭിക്കുക; പുതുച്ചേരി സെക്രട്ടറിയറ്റിലേക്ക്‌ സിപിഐ എം മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

ജി രാമകൃഷ്‌ണന്റെ നേതൃത്വത്തിൽ നടന്ന കുത്തിയിരിപ്പ്‌ സമരം. സുധ സുന്ദർരാമൻ, ടി മുരുഗൻ എന്നിവർ സമീപം.

പുതുച്ചേരി > സംസ്ഥാനത്തെ റേഷൻകടകൾ തുറന്ന്‌ അരി വിതരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്‌ പുതുച്ചേരി സെക്രട്ടറിയറ്റിലേക്ക്‌ സിപിഐ എം മാർച്ച്‌ നടത്തി. പെരിയാർ പ്രതിമക്ക്‌ സമീപത്തുനിന്നാരംഭിച്ച മാർച്ച്‌ നെഹ്‌റു സ്‌ട്രീറ്റിൽ പൊലീസ്‌ തടഞ്ഞു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു.

പതിനഞ്ച്‌ മാസമായി അരിയോ പണമോ നൽകാതെ ജനങ്ങളെ ദ്രോഹിക്കുകയാണ്‌ പുതുച്ചേരി സർക്കാറെന്ന്‌ അദ്ദേഹം പറഞ്ഞു. റേഷൻ കടകൾ തുറന്ന്‌ അരിവിതരണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു. മുൻമുഖ്യമന്ത്രി വി നാരായണസ്വാമി, സുധ സുന്ദർരാമൻ, ടി മുരുഗൻ, ആർ രാജാങ്കം, കെ മുരുഗൻ എന്നിവർ സംസാരിച്ചു.

സുധ സുന്ദർരാമന്റെ നേതൃത്വത്തിലുള്ള സിപിഐ എം പ്രതിനിധി സംഘം ചീഫ്‌ സെക്രട്ടറിയെ കണ്ട്‌ ചർച്ച നടത്തി. സർക്കാർ തീരുമാനിച്ചാൽ അരിയോ പണമോ വിതരണം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന്‌ ചീഫ്‌ സെക്രട്ടറി പ്രതിനിധി സംഘത്തെ അറിയിച്ചു. അരിക്ക്‌ പകരം പണം പദ്ധതി വന്നതോടെയാണ്‌ സംസ്ഥാനത്തെ റേഷൻ കടകൾക്ക്‌ താഴുവീണത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിപിഎൽ കാർഡിന്‌ 20 കിലോ അരിയോ 600 രൂപയോ എപിഎല്ലുകാർക്ക്‌ 10 കിലോ അരിയോ 300 രൂപയോ വാഗ്‌ദാനം ചെയ്‌തതാണ്‌. ബിജെപി – എൻആർ കോൺഗ്രസ്‌ സർക്കാർ അധികാരത്തിലെത്തിയതോടെ പണവും അരിയും ഇല്ലാതായി. അരിയും പരിപ്പും അവശ്യവസ്‌തുക്കളും ന്യായവിലയ്‌ക്ക്‌ റേഷൻ കടകളിലൂടെ വിതരണം ചെയ്യണമെന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചായിരുന്നു സമരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top