05 July Saturday

ജനാധിപത്യം അപകടത്തിൽ: പ്രതിഷേധം കത്തുന്നു

പ്രത്യേക ലേഖകൻUpdated: Sunday Mar 26, 2023

ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച കേസിലെ അസ്വാഭാവിക വിധിക്കു പിന്നാലെ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയെ തിടുക്കത്തിൽ എംപിസ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കിയതിൽ രാജ്യവ്യാപക പ്രതിഷേധം. കോൺഗ്രസും ഇതരപ്രതിപക്ഷ പാർടികളും വിവിധ സംസ്ഥാനങ്ങളിൽ തെരുവിൽ പ്രതിഷേധിച്ചു. പലയിടത്തും കോൺഗ്രസ്‌, യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലംകത്തിച്ചു. രാജ്യത്തിന്റെ സമ്പത്ത്‌ കൊള്ളയടിക്കുന്ന കോർപറേറ്റുകൾക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷകക്ഷികൾ യോജിപ്പോടെ നീങ്ങാനും ഇതോടെ വഴിയൊരുങ്ങി. അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന്‌ പ്രതിപക്ഷ പാർടികൾ യോജിച്ചത്‌ ബിജെപിക്ക്‌ തിരിച്ചടിയായി.
   
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട്‌ പ്രതികരിച്ചു. പ്രാദേശിക കക്ഷികളെ കൂടെനിർത്തി ബിജെപിയെ നേരിടാൻ കോൺഗ്രസ്‌ ഇനിയെങ്കിലും തയ്യാറാകണമെന്ന്‌ സമാജ്‌വാദി പാർടി പ്രസിഡന്റ്‌ അഖിലേഷ്‌ യാദവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. കേസുകളിൽ കുടുക്കി പ്രതിപക്ഷനേതാക്കളെ അയോഗ്യരാക്കുന്ന രീതി ബിജെപി  ഉത്തർപ്രദേശിൽ തുടങ്ങിവച്ചതാണ്‌. അപകീർത്തി പരാമർശങ്ങളിൽ കൂടുതൽ കേസെടുക്കേണ്ടിവരിക ബിജെപി നേതാക്കൾക്ക്‌ എതിരെയാണെന്ന്‌ അഖിലേഷ്‌ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷം ഒറ്റക്കെട്ടായി മോദി–- അദാനി കൂട്ടുകെട്ടിനെ തുറന്നുകാട്ടുമെന്ന്‌ രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒബിസി വിഭാഗങ്ങളെ രാഹുൽ ആക്ഷേപിച്ചെന്ന്‌ ബിജെപി ആരോപിക്കുന്നത്‌ അദാനി വിഷയത്തിൽനിന്ന്‌ ശ്രദ്ധ തിരിച്ചുവിടാനാണെന്ന്‌ ഛത്തീസ്‌ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാ​ഗേല്‍ പറഞ്ഞു.

    മുംബൈയിൽ മഹാസഖ്യത്തിന്റെ നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിനുമുന്നിൽ വായ്‌ മൂടിക്കെട്ടി പ്രതിഷേധിച്ചു. ശിവസേനാ നേതാവ്‌ ആദിത്യ താക്കറെയും പങ്കെടുത്തു. ചണ്ഡീഗഢിൽ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ ശതാബ്ദി എക്‌സ്‌പ്രസ്‌ ട്രെയിൻ തടഞ്ഞു. തെലങ്കാനയിലും ജാർഖണ്ഡിലും പ്രധാനമന്ത്രിയുടെ കോലംകത്തിച്ചു. കൊൽക്കത്തയിൽ റോഡ്‌ ഉപരോധിച്ച യൂത്ത്‌ കോൺഗ്രസുകാരെ പൊലീസ്‌ അറസ്റ്റുചെയ്‌തു. ഡൽഹിയിൽ പ്രവർത്തകർ രാഹുൽച്ചിത്രമുള്ള മുഖംമൂടി ധരിച്ച്‌ പ്രതിഷേധിച്ചു. ബിഹാറിൽ മഹാസഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു.
  
  ഞായർ രാവിലെ 10 മുതൽ കോൺഗ്രസ്‌ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗാന്ധിപ്രതിമകൾക്കു മുന്നിലും സത്യഗ്രഹം നടത്തുമെന്ന്‌ എഐസിസി  അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top