19 April Friday

കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനി പരീക്ഷയെ നടത്താൻ ചുമതലപ്പെടുത്തി ; കശ്‌മീരിൽ 
ഉദ്യോഗാർഥികളുടെ 
വൻ പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023


ശ്രീനഗർ
ജമ്മു കശ്‌മീരിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയെ സർക്കാർ ജോലിക്കായുള്ള പരീക്ഷാ നടത്തിപ്പ്‌ ഏൽപ്പിച്ചതിൽ ഉദ്യോഗാർഥികളുടെ വൻ പ്രതിഷേധം. ബുധനാഴ്‌ച ജമ്മുവിൽ റോഡ് ഉപരോധിച്ചവർക്കുനേരെ പൊലീസ് ലാത്തി വീശുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ശ്രീനഗറിലും ഉദ്യോഗാർഥികൾ തെരുവിലിറങ്ങി. പരീക്ഷയും തെരഞ്ഞെടുപ്പ്‌ രീതിയും സുതാര്യമാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം.

കേന്ദ്രഭരണത്തിനു കീഴിലുള്ള ജമ്മു കശ്മീരിൽ ഏതാനും വർഷങ്ങളായി നടക്കുന്ന റിക്രൂട്ട്‌മെന്റിൽ അഴിമതി ആരോപണം ശക്തമാണ്‌. അടുത്തിടെ ചോദ്യപേപ്പർ ചോർച്ചയിൽ നാല് റിക്രൂട്ട്‌മെന്റ് ലിസ്റ്റുകൾ ഒഴിവാക്കി. രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ അപ്ടെക്‌ കമ്പനിയെ സർക്കാർ ജോലിയിലേക്കുള്ള പ്രവേശന പരീക്ഷ നടത്താൻ ചുമതലപ്പെടുത്തിയതാണ്‌ പ്രക്ഷോഭത്തിലേക്ക്‌ നയിച്ചത്‌. നേരത്തേ, റിക്രൂട്ട്മെന്റിൽ കൃത്രിമം നടത്തിയതിന് ഡൽഹി ഹൈക്കോടതി കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്‌. അപ്ടെക്കിനെ നിയമിച്ചതിനെതിരെ ഡിസംബറിൽ ജമ്മു കശ്‌മീർ ഹൈക്കോടതിയും അധികൃതരെ രൂക്ഷമായി വിമർശിച്ചിരുന്നു. ഉദ്യോഗാർഥികൾക്കു നേരെയുള്ള പൊലീസ് നടപടിയിൽ അപലപിച്ച് പ്രതിപക്ഷ പാർടികൾ രംഗത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top