26 April Friday

പാളുന്നത്‌ ‘പ്രിയങ്ക തന്ത്രങ്ങൾ’ ; രാഹുൽ ബ്രിഗേഡിലെ സച്ചിൻ പൈലറ്റ്‌, ദീപേന്ദർ ഹൂഡ, മിലിന്ദ്‌ ദിയോറ തുടങ്ങിയവരും അസംതൃപ്തര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

 

ന്യൂഡൽഹി
ഉത്തർപ്രദേശിൽ കോൺഗ്രസ്‌ വീണ്ടും കരുത്താർജിക്കുകയാണെന്ന പ്രിയങ്ക ഗാന്ധിയുടെ അവകാശവാദം പൊളിക്കുന്നതാണ്‌ ആർപിഎൻ സിങ്ങിന്റെ ബിജെപി ചാട്ടം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടാണ്‌ യുപിയില്‍ പ്രിയങ്കയുടെ പ്രവർത്തനം. മാധ്യമങ്ങളിൽ വാർത്തയാകുന്നതല്ലാതെ താഴെത്തട്ടിൽ സംഘടന ശക്തമാകുന്നില്ലെന്നതിന്‌ തെളിവാണ്‌ മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്‌. യുപിയിൽ കോൺഗ്രസിന്‌ ഇനി തെരഞ്ഞെടുപ്പ്‌ സാധ്യതയില്ലെന്ന തിരിച്ചറിവാണ്‌ കൂട്ടത്തോടെ കൂറുമാറാന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നത്‌.

പ്രിയങ്കയ്‌ക്ക്‌ മുമ്പ്‌ യുപി ചുമതലക്കാരനായ ജ്യോതിരാധിത്യ സിന്ധ്യ 2020 ജൂണിൽ ബിജെപിയിൽ എത്തി കേന്ദ്ര മന്ത്രിയായി. യുപിയിലെ കോൺഗ്രസിന്റെ ബ്രാഹ്മണ മുഖമായി വിശേഷിക്കപ്പെട്ട യുവനേതാവ്‌ ജിതിൻ പ്രസാദ ജൂണിൽ ബിജെപിയിൽ ചേർന്നു. പഴയകാല കോൺഗ്രസ്‌ നേതാവ്‌ ജിതേന്ദ്ര പ്രസാദയുടെ മകൻ നിലവിൽ യോഗി സർക്കാരിൽ മന്ത്രി. സച്ചിൻ പൈലറ്റ്‌, ജ്യോതിരാധിത്യ സിന്ധ്യ, മിലിന്ദ്‌ ദിയോറ, ഗൗരവ്‌ ഗൊഗോയ്‌, ദീപേന്ദർ ഹൂഡ, ജിതിൻ പ്രസാദ എന്നിവർക്കൊപ്പം രാഹുൽ ബ്രിഗേഡിൽ ഉൾപ്പെട്ടിരുന്നതാണ്‌ ആർപിഎൻ സിങ്‌. പൈലറ്റ്, ഹൂഡ, ദിയോറ എന്നിവർ അതൃപ്‌തരായി തുടരുന്നു.

ജമ്മു–-കശ്‌മീരിന്റെ പ്രത്യേക പദവി മോദി സർക്കാർ എടുത്തുകളഞ്ഞത്‌ മുതലാണ്‌ ആർപിഎൻ സിങ്‌ കോൺഗ്രസ്‌ നേതൃത്വവുമായി അകന്നത്‌. സിന്ധ്യ, ഹൂഡ, ജിതിൻ പ്രസാദ എന്നിവർക്കൊപ്പം സർക്കാർ നടപടിയെ സിങ്‌ പിന്തുണച്ചു.  മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നതിൽ നിന്നും രാഹുൽ പിൻവാങ്ങണമെന്ന്‌ പ്രവർത്തകസമിതി യോഗത്തിൽ സിങ്‌ പറഞ്ഞതും അകൽച്ചയ്‌ക്ക്‌ ആക്കം കൂട്ടി.  സിങ്ങിന്റെ നീക്കം കോൺഗ്രസ്‌ അറിഞ്ഞിരുന്നില്ലെന്നതിന്‌ തെളിവാണ്‌ താരപ്രചാരക പട്ടികയിൽ ഉൾപ്പെടുത്തിയ തീരുമാനം. നേതാക്കളുടെ നീക്കം തിരിച്ചറിയാനാകാത്തത് പ്രിയങ്കയുടെ വീഴ്‌ചയായി വിലയിരുത്തപ്പെടും. രാവിലെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചുകൊടുത്ത ആര്‍പിഎന്‍ പിന്നാലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുത്തു. കോണ്‍ഗ്രസ് ഇപ്പോള്‍ പഴയ കോണ്‍ഗ്രസ് അല്ലെന്ന് ആര്‍പിഎന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നയിക്കുന്ന യുദ്ധം ധീരന്‍മാര്‍ക്ക് മാത്രം പൊരുതാവുന്നതാണെന്നും ഭീരുക്കള്‍ക്ക് സാധിക്കില്ലെന്നുമാണ് പ്രിയങ്ക പ്രതികരിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top