23 April Tuesday

സ്വകാര്യവൽക്കരണം തീവ്രമാക്കും ; സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ഇൻഫ്രാസ്‌ട്രക്‌ചർ ഫിനാൻസ്‌ സെക്രട്ടറിയറ്റ്

എം പ്രശാന്ത്Updated: Wednesday Feb 1, 2023


ന്യൂഡൽഹി
റെയിൽവേ, റോഡ്‌, വൈദ്യുതി തുടങ്ങിയ പശ്ചാത്തലസൗകര്യ മേഖലകളിൽ സ്വകാര്യവൽക്കരണം തീവ്രമാക്കാൻ കേന്ദ്ര ബജറ്റില്‍ ഊന്നൽ. നഗര പശ്ചാത്തലസൗകര്യമടക്കം വിവിധ പശ്ചാത്തലസൗകര്യ മേഖലകളിലായി സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ഇൻഫ്രാസ്‌ട്രക്‌ചർ ഫിനാൻസ്‌ സെക്രട്ടറിയറ്റിന്‌ രൂപം നൽകാന്‍ നിർദേശമുണ്ട്‌. തുറമുഖം, കൽക്കരി, ഉരുക്ക്‌, വളം, ഭക്ഷ്യധാന്യം മേഖലകളിൽ ലാസ്റ്റ്‌ ആൻഡ്‌ ഫസ്റ്റ്‌ മൈൽ കണക്ടിവിറ്റിക്കായി (റെയിൽ–- റോഡ്‌ സൗകര്യം എത്തിക്കൽ) 60,000 കോടി രൂപ മുതൽമുടക്കും.

ഇതിൽ 15,000 കോടി സ്വകാര്യനിക്ഷേപമായിരിക്കും. വ്യോമയാന ഗതാഗതം മെച്ചപ്പെടുത്താൻ 50 വിമാനത്താവളം, ഹെലിപോർട്ട്‌, വാട്ടർ എയ്‌റോഡ്രോമുകൾ, അഡ്വാൻസ്‌ഡ്‌ ലാൻഡിങ്‌ ഗ്രൗണ്ടുകൾ എന്നിവ പുനരുജ്ജീവിപ്പിക്കും.

നാളത്തെ സുസ്ഥിര നഗരങ്ങൾ എന്ന ലക്ഷ്യത്തോടെ നഗരാസൂത്രണത്തിൽ പരിഷ്‌കാരങ്ങൾക്ക്‌ സംസ്ഥാനങ്ങളെയും നഗരങ്ങളെയും പ്രോത്സാഹിപ്പിക്കും. ടയർ–-2, 3 നഗരങ്ങളിലായി പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്താൻ നഗര പശ്ചാത്തലസൗകര്യ വികസന നിധിക്ക്‌ രൂപം നൽകും. നിധിയിലേക്ക്‌ 10,000 കോടി നീക്കിവയ്‌ക്കാമെന്ന്‌ ബജറ്റ്‌ പ്രതീക്ഷ വയ്‌ക്കുന്നു. നാഷണൽ ഹൗസിങ്‌ ബാങ്കാകും ഇത്‌ കൈകാര്യം ചെയ്യുക.

റെയിൽവേ സ്വകാര്യ
പാതയില്‍
ബജറ്റിൽ റെയിൽവേക്ക്‌ അനുവദിച്ചത്‌ 2.41 ലക്ഷം കോടി രൂപ. 2013–-2014നുശേഷം റെയിൽവേക്ക്‌ ഏറ്റവും വലിയ വകയിരുത്തലാണിത്. റെയിൽവേ സ്വകാര്യവൽക്കരണത്തിന്‌ വേഗം കൂട്ടാനുള്ള നിര്‍ദേശവും ബജറ്റിലുണ്ട്‌. പുതിയതായി രൂപീകരിച്ച  ‘ഇൻഫ്രാസ്‌ട്രക്‌ച്ചർ ഫിനാൻസ്‌ സെക്രട്ടറിയറ്റ്‌’ മുഖേന റെയിൽവേ, റോഡ്‌ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നിർണായകപദ്ധതികൾ ആവിഷ്‌കരിക്കുമെന്നാണ്‌ പ്രഖ്യാപനം.

സ്‌കോളർഷിപ്പിൽ കടുംവെട്ട്‌
കേന്ദ്രബജറ്റിൽ ന്യൂനപക്ഷ മന്ത്രാലയത്തിനുള്ള വഹിതം വെട്ടിച്ചുരുക്കിയതിനു പുറമേ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പുകൾക്കും തുക വകയിരുത്തിയില്ല. മുൻ ബജറ്റിൽ മന്ത്രാലയത്തിന്‌ 5020 കോടി അനുവദിച്ചപ്പോൾ ഇപ്പോൾ 3097.60 കോടിയായി കുറച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ മീൻസ്- കം -മെറിറ്റ് സ്‌കോളർഷിപ് 87 ശതമാനം വെട്ടിക്കുറച്ചു.  കേവലം 44 കോടിയാണ്‌ അനുവദിച്ചത്‌. നടപ്പ്‌ സാമ്പത്തിക വർഷത്തിൽ  365 കോടി വകയിരുത്തിയിരുന്നു. 

ന്യൂനപക്ഷ മന്ത്രാലയത്തിന്റെ  പ്രീമെട്രിക്‌ സ്‌കോളർഷിപ് മുൻ ബജറ്റിൽ അനുവദിച്ച  1,425 കോടിയിൽനിന്ന്‌  992 കോടിയാക്കി. മദ്രസ്സകൾക്കുള്ള വിദ്യാഭ്യാസ സഹായം 93 ശതമാനമാണ്‌ വെട്ടിയത്‌. അനുവദിച്ചത്‌ കേവലം പത്തുകോടി. കഴിഞ്ഞ തവണ 160 കോടിയാണ്‌ അനുവദിച്ചത്‌. മൗലനാ ആസാദ്‌ ദേശീയ ഫെലോഷിപ് 99 കോടിയിൽ നിന്ന്‌ 96 കോടിയാക്കി . മൗലാന ആസാദ് എഡ്യുക്കേഷൻ ഫൗണ്ടേഷന്‌ അനുവദിച്ചത്‌ കേവലം പത്തുലക്ഷം മാത്രം.
 

കടത്തിനും പലിശയ്ക്കും 
10.80 ലക്ഷം കോടി
കേന്ദ്ര സർക്കാരിന്റെ 45 ലക്ഷം കോടി വരുന്ന പൊതുബജറ്റിൽ 10.8 ലക്ഷം കോടിയും ചെലവഴിക്കുന്നത്‌ കടബാധ്യതകൾ തീർക്കാനും പലിശ തിരിച്ചടയ്‌ക്കാനും. കഴിഞ്ഞ ബജറ്റിൽ കടത്തിനും പലിശയ്‌ക്കുമായി ചെലവഴിച്ചത്‌ 9.4 ലക്ഷം കോടി രൂപ. ഈ ബജറ്റിൽ കടബാധ്യതയ്‌ക്കുള്ള ചെലവഴിക്കലിൽ 1.39 ലക്ഷം കോടി രൂപയുടെ വർധനയുണ്ട്‌.

സബ്‌സിഡിയിൽ കുറവ്‌ 1.59 ലക്ഷം കോടി
ഭക്ഷ്യസബ്‌സിഡി അടക്കം വിവിധ സബ്‌സിഡികളിൽ 30 ശതമാനത്തോളം വെട്ടിക്കുറവ്‌ വരുത്തിയതോടെ രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്‌ സാധാരണക്കാർക്ക്‌ ഏൽപ്പിക്കുന്നത്‌ കനത്ത ആഘാതം. നടപ്പുവർഷം സബ്‌സിഡികൾക്കായി 5.62 ലക്ഷം കോടി രൂപയാണ്‌ പുതുക്കിയ ബജറ്റ്‌ കണക്കുകൾ പ്രകാരം ചെലവഴിച്ചിട്ടുള്ളത്‌. എന്നാൽ, 2023–-24 വർഷത്തേക്ക്‌ വിവിധ സബ്‌സിഡികൾക്കായി ബജറ്റിൽ അനുവദിച്ചിട്ടുള്ളത്‌ 4.03 ലക്ഷം കോടി രൂപമാത്രം. 1.59 ലക്ഷം കോടി രൂപയുടെ വെട്ടിക്കുറവാണ്‌ സബ്‌സിഡികളിൽ വരുത്തിയത്‌.

ഭക്ഷ്യസബ്‌സിഡി 2.87 ലക്ഷം കോടി രൂപയിൽനിന്ന്‌ 19.73 ലക്ഷം കോടി രൂപയായി കുറച്ചു. വളം സബ്‌സിഡി 2.25 ലക്ഷം കോടി രൂപയിൽനിന്ന്‌ 1.75 ലക്ഷം കോടിയായി ചുരുക്കി. പെട്രോളിയം സബ്‌സിഡി 9170.5 കോടി രൂപയിൽനിന്ന്‌ 2257 കോടി രൂപയായി വെട്ടിച്ചുരുക്കി. കർഷകർക്ക്‌ ഏറെ ആശ്വാസമേകുന്ന വിലസ്ഥിരതാ നിധിക്ക്‌ കഴിഞ്ഞ ബജറ്റിൽ 1500 കോടി രൂപ നീക്കിവച്ചിരുന്നു. എന്നാൽ, പുതിയ ബജറ്റിൽ  വിലസ്ഥിരതാ നിധിക്ക്‌ ഒരു രൂപപോലും ഇല്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top