19 April Friday

വിമാനത്താവള സ്വകാര്യവൽക്കരണം : അദാനിക്കായി നിയമം വഴിമാറി

സാജൻ എവുജിൻUpdated: Saturday Sep 5, 2020


ന്യൂഡൽഹി
ആറ്‌ വിമാനത്താവളം അദാനിക്ക് വിട്ടുനൽകാൻ കേന്ദ്രസർക്കാർ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും വിജ്ഞാപനങ്ങളും കാറ്റിൽപ്പറത്തി. സാമ്പത്തികകാര്യവകുപ്പിന്റെയും നിതി ആയോഗിന്റെയും മുന്നറിയിപ്പുകൾ തള്ളിയാണ്‌ സെക്രട്ടറിതല ഉന്നതാധികാര സമിതി നിർണായക തീരുമാനമെടുത്തത്.

കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്‌തപ്രകാരം പൊതു–-സ്വകാര്യപങ്കാളിത്ത പദ്ധതി നിർദേശങ്ങൾ വിലയിരുത്താൻ മൂന്ന്‌ മാസമെങ്കിലും വേണ്ടിവരും. എന്നാല്‍, വിമാനത്താവള സ്വകാര്യവൽക്കരണം 2019 ഫെബ്രുവരി 28നകം പൂർത്തിയാക്കാന്‍ വ്യോമയാന മന്ത്രാലയം തിടുക്കം കാട്ടി. ആറിടത്തെയും നിർദേശം സമർപ്പിച്ച്‌ അഞ്ച്‌ ദിവസത്തിനകം, അപൂർണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വകാര്യപങ്കാളിത്ത പദ്ധതികൾക്ക്‌ അംഗീകാരമായി.   ആറു വിമാനത്താവളവും കൈമാറാൻ ഒറ്റ ദിവസത്തെ യോഗത്തിലൂടെ‌ അനുമതി നൽകി‌. ഇത്‌ പൊതു–-സ്വകാര്യ പങ്കാളിത്ത പദ്ധതി വിലയിരുത്തൽ സമിതി(പിപിപിഎസി) മാർഗനിർദേശങ്ങൾക്ക്‌ വിരുദ്ധമാണ്‌.

വരുമാനം താരതമ്യംചെയ്‌ത്‌ സ്വകാര്യപങ്കാളിത്തം സർക്കാരിനു ലാഭകരമാണെന്ന്‌ ഉറപ്പാക്കാൻ പരിശോധന നടന്നിട്ടില്ല. പകരം അദാനി വാഗ്‌ദാനം ചെയ്‌ത നിരക്കിനെ വാഴ്‌ത്തുകയാണ്‌ എയർപോർട്ട്‌ അതോറിറ്റിയും വ്യോമയാന മന്ത്രാലയവും ചെയ്തത്.

വിമാനത്താവളങ്ങളുടെ പൂർണസാമ്പത്തികവശങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര റിപ്പോർട്ട്‌ തയ്യാറാക്കിയില്ല. അതിനാല്‍, ടെൻഡറിൽ പങ്കെടുത്തവർ കുറഞ്ഞ നിരക്കാണ്‌ ക്വോട്ട്‌ ചെയ്‌തത്‌. രണ്ട്‌ ഘട്ട ലേലമാണ്‌ രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ളത്‌. താരതമ്യേന  ചെറിയ വിമാനത്താവളങ്ങളുടെ കാര്യത്തിൽ അടക്കം ഇന്ത്യയിലും മുമ്പ്‌  ഈ രീതിയാണ്‌ സ്വീകരിച്ചത്‌. എന്നാല്‍, ആറ് വിമാനത്താവളത്തിന്റെ കാര്യത്തില്‍ വ്യോമയാന മന്ത്രാലയം അടിച്ചേൽപ്പിച്ച സമയനിബന്ധന പ്രകാരം ലേലം വേഗത്തിലാക്കി. ലേലനടപടികൾ സുതാര്യമായില്ല.

വിമാനത്താവള നടത്തിപ്പില്‍ പരിചയമുള്ളവർക്ക് ‌ലേലത്തിൽ പങ്കെടുക്കാമെന്ന വ്യവസ്ഥ ഒഴിവാക്കി. നിതി ആയോഗും സാമ്പത്തിക കാര്യ വകുപ്പും വിയോജിച്ചെങ്കിലും സെക്രട്ടറിതല സമിതി അമിതാധികാരം പ്രയോഗിച്ച്‌ നടപടികൾ നീക്കി. വിമാനത്താവളങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ അഞ്ച്‌ ശതമാനത്തിൽ കൂടുതൽ സ്വകാര്യകമ്പനിക്ക്‌ വാണിജ്യആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകരുതെന്ന്‌ സാമ്പത്തികകാര്യ വകുപ്പ്‌ നിഷ്‌കർഷിച്ചിരുന്നു. ഇതും പാലിക്കപ്പെട്ടില്ല.

സ്ഥാവര ആസ്‌തി 30 വർഷത്തിൽ കൂടുതൽ കൈമാറരുതെന്ന -1994ലെ എഎഐ നിയമവും മറികടന്നു.‌ 50 വർഷത്തേ‌ക്ക്‌ പാട്ടത്തിനാണ്‌ നൽകിയത്‌. രണ്ട്‌ വിമാനത്താവളത്തിൽ കൂടുതൽ ഒരു ഓപ്പറേറ്റർക്ക്‌ ലഭിക്കരുതെന്ന‌ നിര്‍ദേശവും പാലിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top