28 March Thursday

ഗുസ്‌തി താരങ്ങൾക്ക്‌ പിന്തുണയുമായി ബിജെപി വനിതാ എംപി

റിതിൻ പൗലോസ്‌Updated: Friday Jun 2, 2023


ന്യൂഡൽഹി
പ്രായപൂർത്തിയാകാത്തവരെയടക്കം ഏഴ്‌ വനിതാ താരങ്ങളെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണെതിരെയുള്ള താരങ്ങളുടെ സമരം കരുത്താർജിക്കവെ ബിജെപിയിലും അസംതൃപ്‌തി മറനീക്കി പുറത്തേക്ക്‌. പ്രതിയെ സംരക്ഷിക്കുന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെതിരെ   മഹാരാഷ്‌ട്രയിലെ  ബീഡ് എംപി പ്രീതം മുണ്ടെ രംഗത്തെത്തി. താരങ്ങളുടെ പരാതിയിൽ  നടപടിയെടുക്കാതിരിക്കുന്നത്‌ ജനാധിപത്യത്തിൽ ഭൂഷണമല്ലെന്ന്‌ അവർ തുറന്നടിച്ചു. ആദ്യമായാണ്‌ ഒരു  ബിജെപി വനിതാ  എംപി പരസ്യമായി താരങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്നത്‌. 

ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള പരാതിയിൽ ഉടൻ നടപടി സ്വീകരിക്കേണ്ടതായിരുന്നു.  പരാതി  അവഗണിക്കരുതെന്ന്‌ ആവശ്യപ്പെട്ട പ്രീതം,  അന്താരാഷ്‌ട്ര  വിഷയമായി ഇത്‌  മാറിക്കഴിഞ്ഞെന്നും ബിജെപിക്ക്‌ മുന്നറിയിപ്പുനൽകി. ജനപ്രതിനിധിയെന്ന നിലയിലല്ല,  വനിതയെന്ന നിലയിലാണ്‌ ഇത്‌ പറയുന്നതെന്നും ബ്രിജ്‌ ഭൂഷണെതിരെയുള്ള പരാതിയിൽ നടപടിയുണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്നും  ബീഡിലെ ഒരു പരിപാടിയിൽ അവർ പറഞ്ഞു.

മോദി–- ഷാ അച്ചുതണ്ടിനെ ഭയന്ന്‌ നേതാക്കൾ മിണ്ടാതിരിക്കുമ്പോൾ വനിതാ എംപി തന്നെ രംഗത്തെത്തിയത്‌ ഗുസ്‌തി സമരം ബിജെപിയിലും പുകഞ്ഞുനീറുന്നതിന്റെ  തെളിവായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top