28 March Thursday

ത്രിപുരയിൽ അടിതുടങ്ങി ; പ്രതിമ ഭൗമിക്‌ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023


ന്യൂഡൽഹി
ത്രിപുര മുഖ്യമന്ത്രിസ്ഥാനം മോഹിച്ച് മത്സരിക്കാനെത്തിയ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്‌ നിയമസഭാംഗത്വം രാജിവച്ചു. ബുധനാഴ്‌ച ചുമതലയേറ്റ പ്രോടെം സ്‌പീക്കർ ബിനോയ് ഭൂഷൺ ദാസിന്‌ പ്രതിമ രാജിക്കത്ത്‌ നൽകി. നിലവിൽ കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രിയാണ്‌. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി തുടങ്ങിയ പ്രധാന സ്ഥാനങ്ങൾ ലഭിക്കാതെ വന്നതോടെയാണ്‌ രാജി. 

കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെട്ടെന്ന്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ച അവർ പക്ഷേ എന്തിനാണ്‌ രാജിയെന്ന്‌ വ്യക്തമാക്കിയില്ല. കോൺഗ്രസിൽനിന്ന്‌ മറുകണ്ടം ചാടി ബിജെപിയിൽ എത്തിയ മണിക്‌ സാഹയെ മുഖ്യമന്ത്രിയാക്കിയപ്പോൾ ഉപമുഖ്യമന്ത്രി പദമെങ്കിലും ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു പ്രതിമ.  രാജിക്കത്ത്‌ നൽകിയതിനു പിന്നാലെ ഫെയ്‌സ്‌ബുക്കിലൂടെ അവര്‍ അസംതൃപ്‌തി പരസ്യമാക്കി. രണ്ടുതവണ മുമ്പ്‌ ധൻപുരിൽ തോറ്റ പ്രതിമയ്‌ക്ക്‌ ഇത്തവണ ജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാനായില്ല. ധൻപുര്‍ ഉപതെരഞ്ഞെടുപ്പില്‍ മുൻ ഉപമുഖ്യമന്ത്രി ജിഷ്‌ണുദേബ്‌ ബർമൻ ഇവിടെ ബിജെപി സ്ഥാനാർഥിയാകും.

ഇതേസമയം, തിപ്രമോത എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ട അനിമേഷ് ദേബ് ബർമ, ചിത്ത ദേബ്‌ ബർമ എന്നിവർ ഓട്ടോണമസ്‌ ജില്ലാ കൗൺസിലിൽനിന്ന്‌ രാജിവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top