29 March Friday
ചാനൽ വിഴുങ്ങാനുള്ള നീക്കങ്ങൾ സജീവമാക്കി അദാനി ഗ്രൂപ്പ്‌

എൻഡിടിവി പ്രമോട്ടിങ്‌ കമ്പനി ഡയറക്‌ടര്‍ ബോർഡിൽ നിന്ന് പ്രണോയ്‌ റോയിയും രാധിക റോയിയും രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022


എൻഡിടിവിയെ വിഴുങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങൾക്കിടെ എൻഡിടിവി സ്ഥാപകരായ  പ്രണോയ്‌ റോയ്‌യും ഭാര്യ രാധിക റോയ്‌യും പ്രൊമോട്ടർ കമ്പനിയായ ആർആർപിആർ ഹോൾഡിങ്സിന്റെ ഡയറക്ടർ ബോർഡിൽനിന്ന്‌ രാജിവച്ചു. മണിക്കൂറുകൾക്കകം അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളായി സുദീപ്ത ഭട്ടാചാര്യ, സെന്തിൽ ചെങ്കൽവരയൻ, സഞ്ജയ് പുഗാലിയ എന്നിവരെ നിയമിച്ചു. ഇപ്പോഴും പ്രണോയ്‌ എൻഡിടിവിയുടെ ചെയർപേഴ്സണും രാധിക എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി തുടരുകയാണ്‌. ആർആർപിആർ ഹോൾഡിങ്‌സ്‌ പിടിച്ചെടുക്കലിനെതിരെ ഇരുവരും സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യയെ (സെബി) സമീപിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഓഹരിവിപണിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടുന്നതിൽ ഇരുവർക്കുമുള്ള വിലക്ക്‌ നീങ്ങിയതോടെ തിങ്കളാഴ്‌ച ആർആർപിആർ ഹോൾഡിങ്‌സിന്റെ 29.18 ശതമാനം അദാനിയുടെ കമ്പനിയായ എഎംജി മീഡിയാ നെറ്റ്‌വർക്‌സിന്‌ കൈമാറി. കേന്ദ്രസർക്കാർ–- ബിജെപി അനുകൂലികളായി ദേശീയ തലത്തിൽ മാധ്യമങ്ങൾ വ്യാപകമായി ചുവടുമാറ്റിയപ്പോൾ ഭീഷണികൾക്ക്‌ വഴങ്ങാതെ നിലയുറപ്പിച്ച ചാനലാണ്‌ എൻഡിടിവി.

എല്ലാം വളഞ്ഞ വഴിയിൽ
എൻഡിടിവിയിൽ ആർആർപിആർഎച്ചിന്‌ ഉണ്ടായിരുന്ന 29.18 ശതമാനം ഓഹരിയാണ്‌ 2009ലെ  വായ്‌പാ കരാറിന്റെ മറവിൽ അദാനി ഗ്രൂപ്പ് പിടിച്ചെടുത്തത്‌. മുകേഷ്‌ അംബാനിയുടെ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ്‌ ലിമിറ്റഡിൽ (വിസിപിഎൽ) നിന്നും 2009ൽ 403.85 കോടി രൂപ ആർആർപിആർഎച്ച്‌ വായ്‌പയെടുത്തു. അതിനായി ആർആർപിആർഎച്ചിന്റെ 99.9 ശതമാനം ഓഹരി ഈടുനൽകി. ആഗസ്‌തിൽ വിസിപിഎൽ കമ്പനി 113.74 കോടി രൂപയ്‌ക്ക്‌ അദാനിയുടെ മാധ്യമവിഭാഗമായ എഎംജി മീഡിയാ നെറ്റ്‌വർക്‌സ്‌ ഏറ്റെടുത്തു. പിന്നാലെ ആർആർപിആർഎച്ചിന്റെ വായ്‌പാബാധ്യത ഓഹരികളാക്കി മാറ്റിയാണ്‌ ചാനൽ പിടിക്കാനുള്ള ശ്രമം തുടങ്ങിയത്‌. മറ്റ് ഓഹരി ഉടമകളില്‍നിന്ന്‌ 26 ശതമാനം ഓഹരികൂടി വാങ്ങാനുള്ള ഓപ്പൺ ഓഫറും അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചു. അതിന്റെ കാലാവധി ഡിസംബർ അഞ്ചിന്‌ അവസാനിക്കുമ്പോൾ 26 ശതമാനം ഓഹരി ലഭിക്കുകയാണെങ്കിൽ 55.18 ശതമാനം ഓഹരിയുമായി അദാനി എൻഡിടിവിയുടെ ഏറ്റവും വലിയ ഓഹരി ഉടമയാകും. രാധികയ്‌ക്കും (16.32) പ്രണോയ്‌ക്കുമായി (15.94) 32.26 ശതമാനം വ്യക്തിഗത ഓഹരിയാണ്‌ എൻഡിടിവിയിൽ ഉള്ളത്‌.


രവീഷ് കുമാർ രാജിവച്ചു
എൻഡിടിവിയിൽനിന്ന്‌ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററും അവതാരകനുമായ രവീഷ് കുമാർ രാജിവച്ചു. സ്ഥാപനവുമായുള്ള 15 വർഷത്തെ ബന്ധമാണ്‌ അദ്ദേഹം അവസാനിപ്പിച്ചത്‌. എൻ‌ഡി‌ടി‌വി പ്രസിഡന്റ് സുപർണ സിങ്‌ ജീവനക്കാരെ രവീഷിന്റെ രാജിവിവരം ഇ– -മെയിൽ മുഖേന അറിയിച്ചു. വസ്‌തുനിഷ്‌ഠമായ റിപ്പോർട്ടുകൾ ജനങ്ങളിലെത്തിച്ച രവീഷ്‌ അന്താരാഷ്‌ട്ര  പുരസ്‌കാരങ്ങൾക്കും അർഹനായിട്ടുണ്ട്‌. 2019-ൽ മഗ്‌സസെ അവാർഡ് ലഭിച്ച അഞ്ചാമത്തെ ഇന്ത്യൻ പത്രപ്രവർത്തകനായി.

പത്രസ്വാതന്ത്ര്യത്തിനെതിരായ ബിജെപി കടന്നാക്രമണങ്ങളെ ശക്തിയുക്തം എതിർത്ത അദ്ദേഹം ബിജെപിക്കുവേണ്ടി കുഴലൂതുന്ന മാധ്യമങ്ങളെ ഗോഡി മീഡിയ എന്ന്‌ സധൈര്യം വിളിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top