24 April Wednesday

ഉരുളക്കിഴങ്ങ്‌ ഉൽപാദനം: കേസ‌് ഉപാധികളോടെ ഒത്തുതീർക്കാമെന്ന‌് പെപ‌്സികോ

വെബ് ഡെസ്‌ക്‌Updated: Saturday Apr 27, 2019

അഹമ്മദാബാദ‌്> ഗുജറാത്ത‌ിലെ ഉരുളക്കിഴങ്ങ‌് കർഷകർക്കെതിരെ നൽകിയ കേസ‌് ഉപാധികൾ അംഗീകരിച്ചാൽ ഒത്തുതീർപ്പാക്കാമെന്ന‌് പെപ‌്സികോ. പരക്കെ വിമർശനം ഉയർന്നതോടെയാണ‌് ഉപാധികളോടെ കേസ‌് ഒത്തുതീർക്കാമെന്ന‌്‌ പെപ‌്സികോ അഹമ്മദ‌ാബാദ‌് സിവിൽ കോടതിയെ അറിയിച്ചത‌്. ലെയ‌്സ‌് ചിപ‌്സിന‌് ഉപയോഗിക്കുന്ന പ്രത്യേകതരം ഉരു‌ളക്കിഴങ്ങ‌് കൃഷിചെയ്യാൻ തങ്ങൾക്കുമാത്രമാണ‌് അവകാശമെന്ന‌് കാണിച്ചാണ‌് ബഹുരാഷ‌്ട്ര കുത്തക കമ്പനിയായ പെപ‌്സികോ നാല‌് കർഷകരോട‌് 1.05 കോടിരൂപ  വീതം നഷ‌്ടപരിഹാരം ആവശ്യപ്പെട്ടത‌്.

നിലവിലെ വി‌ള തിരിച്ചുനൽകുക,  പെപ‌്സികോ രജിസ‌്റ്റർ ചെയ‌്തയിനം ഉരുളക്കിഴങ്ങ‌് കൃഷിചെയ്യാതിരിക്കുക, അല്ലെങ്കിൽ പെ‌പ‌്സികോയുടെ കാർഷിക പദ്ധതിയിൽ ചേർന്ന‌് വിത്തു വാങ്ങി കൃഷിയിറക്കി വിള കമ്പനിക്ക‌് തിരിച്ചുനൽകുക എന്നിവയാണ‌് കമ്പനി മുന്നോട്ടുവച്ച  വ്യവസ്ഥകൾ. കർഷകർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടു. ജൂൺ 12നാണ‌് അടുത്ത വാദം കേൾക്കൽ.

സസ്യ വകഭേദങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള (പിപിവി ആൻഡ‌് ‌എഫ‌്ആർ) 2001 നിയമപ്രകാരമാണ‌് പെപ‌്സികോ പരാതി നൽകിയത‌്. ഇതേ നിയമത്തിലെ 39–-ാം വകുപ്പ‌് ഉപയോഗിച്ചാണ‌് കർഷകർ വാദിച്ചത‌്.

ഈ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട വിത്തിനം  ”സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിതയ്ക്കുന്നതിനും പുനരുപയോഗിക്കുന്നതിനും വിള വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ബ്രാൻഡ‌് ചെയ്യപ്പെട്ട വിത്തിനം വിൽക്കാത്തിടത്തോളം’’ കർഷകർക്ക‌് അവകാശമുണ്ട‌്. ലോക വ്യാപാര സംഘടനയുടെ വാഴ‌്ചയിൽ വൻകിട കോർപറേറ്റുകൾ നടത്തുന്ന കർഷക ചൂഷണത്തിന്റെ ഉദാഹരണവും ഭാവിയിലേക്കുള്ള സൂചകവുമാണ‌് കേസെന്ന‌് അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള പറഞ്ഞു. ലെയ‌്സ‌് ചിപ‌്സ‌ും പെപ‌്സികോയുടെ മറ്റ‌് ഉരളക്കിഴങ്ങ‌് ഉൽപ്പന്നങ്ങളും ബഹിഷ‌്കരിക്കാൻ കിസാൻ സഭ ആഹ്വാനം ചെയ‌്തു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പിപിവി ആൻഡ‌് എഫ‌്ആർ അതോറിറ്റി തങ്ങൾക്കായി കോടതിയെ സമീപിക്കണമെന്ന‌ും ദേശീയ ജീൻ ഫണ്ട‌് വഴി നിയമപോരാട്ടത്തിന‌് പണം അനുവദിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top