23 April Tuesday

ജെഎൻയുവിന് പിന്നാലെ ഫീസ് കുത്തനെ ഉയർത്തി പോണ്ടിച്ചേരി സർവ്വകലാശാല; പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019

പോണ്ടിച്ചേരി> പോണ്ടിച്ചേരി സർവ്വകലാശാലയിൽ ഫീസ് വർധനക്കെതിരെ വിദ്യാർഥികളുടെ നേതൃത്വത്തിൽ സമരം ശക്തമായി. വിവിധ ഡിപാർട്‌മെന്റുകളിലായി 83 ശതമാനമാണ് ഫീസ് വർധിപ്പിച്ചിട്ടുള്ളത്. എസ്എഫ്ഐ, എഐഎസ്എഫ്, എംഎസഎഫ്,  ഉൾപ്പടെയുള്ള ഏഴ് വിദ്യാർഥി സംഘടനകളും, വിദ്യാർത്ഥി കൗൺസിലും ചേർന്നു രൂപീകരിച്ച ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്.

അന്യായമായി ഉയർത്തിയ ഫീസ് കുറക്കുക, സർവ്വകലാശാല ഹോസ്റ്റലിലെ ദളിത് വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികളെ ഒഴിവാക്കുന്ന നടപടി പിൻവലിക്കുക, പുനർമൂല്യനിർണയ പ്രക്രീയ ലഘുകരിക്കുക, പോണ്ടിച്ചേരിയിൽ കേന്ദ്രഭരണ പ്രാദേശങ്ങളിലുള്ള വിദ്യാർഥികൾക്ക് എല്ലാ വിഭാഗങ്ങളിലും 25 ശതമാനം സംവരണം അനുവദിക്കുക എന്നിങ്ങനെയാണ് വിദ്യാർഥികൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ.

എംസിഎ വിഭാഗത്തിലാണ് ഏറ്റവുമധികം ഫീസ് വർധനവുണ്ടായിട്ടുള്ളത്. എംസിഎയിൽ 225 ശതമാനം ഫീസ് ഉയർത്തിയപ്പോൾ എംഎസ്സി/ എംടെക് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ 182 ശതമാനം വർധിപ്പിച്ചു. എംബിഎ വിഭാഗത്തിൽ ഒരു മുന്നറിയിപ്പും കൂടാതെ 125 ശതമാനമാണ് ഫീസ് ഉയർത്തിയത്. സാധാരണ കുടുംബങ്ങളിൽ നിന്നുമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയാണ് ഫീസ് വർധന ഏറെ ബാധിക്കുന്നത്.

വിദ്യാർഥികൾ മുന്നോട്ട് വെക്കുന്ന മറ്റൊരു ആവിശ്യമാണ് പോണ്ടിച്ചേരിയിൽ കേന്ദ്രഭരണ പ്രാദേശങ്ങളിലുള്ള ദളിത് വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്കും സർവ്വകലാശാല ഹോസ്റ്റലിൽ താമസ സൗകര്യം ഒരുക്കണം എന്നത്. സർവ്വകലാശാലക്ക് പുറത്തു താമസ സൗകര്യം കണ്ടെത്തേണ്ട സ്ഥിതി നിലവിലുണ്ട്. അതിനു അടിയന്തിരമായി പരിഹാരം കാണണമെന്ന് ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു.

എസ‌്എഫ‌്ഐ നേതൃത്തിലുള്ള സ്റ്റുഡന്റ‌്സ‌് കൗൺസിലാണ‌് സമരം ആരംഭിച്ചത്. പിന്നീട് എഐഎസ്എഫ്, എസ്ഐഓ,എൻഎസ്യുഐ, എഎസ്എ, എംഎസ്എഫ്, എപിഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളും സമരത്തിൽ ചേരുകയായിരുന്നു. എന്നാൽ ബിജെപി അനുകൂല വിദ്യാർഥി സംഘടന എബിവിപി സമരത്തിൽ നിന്നും വിട്ടുനിന്നു.

നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ 2019-20 അധ്യയന വര്‍ഷത്തെ ബിരുദ/ ബിരുദാനന്തര/ ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫീസ് 300 ശതമാനം വര്‍ധിപ്പിചിരുന്നു. ജനറല്‍ വിഭാഗക്കാര്‍ക്ക് കഴിഞ്ഞ തവണവരെ മൂന്ന് വിഷയത്തിന്റെ പ്രവേശന പരിക്ഷയ്ക്കായി 1200 രൂപ ഫീസായിരുന്നുവെങ്കില്‍ ഈ വര്‍ഷം 3600 രൂപയായി.

ഒബിസി വിഭാഗക്കാര്‍ക്ക് 2700 രൂപയും പട്ടികജാതി /വിഭാഗക്കാര്‍ക്ക് 1800 രൂപയുമാണ് പുതുക്കിയ ഫീസ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല, വിദേശവിദ്യാര്‍ഥികളുടെ ഫീസിലും വന്‍ വര്‍ധനയാണ് സര്‍വ്വകലാശാല അധികൃതര്‍ വരുത്തിയിരിക്കുന്നത്. ഹ്യൂമാനിറ്റിസ് വിഭാഗക്കാര്‍ക്ക് 600 ഡോളറില്‍നിന്ന് 200 ശതമാനം വര്‍ധിപ്പിച്ച് 1200 ഡോളറാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top