24 April Wednesday

ബോംബെ ഹൈക്കോടതിക്ക് രൂക്ഷ വിമര്‍ശനം: വസ്ത്രത്തോടെ മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ നിലനില്‍ക്കില്ലെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021

ന്യൂഡല്‍ഹി>  പോക്‌സോ കേസുമായി ബന്ധപ്പെട്ട ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി  റദ്ദാക്കി.വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്നായിരുന്നു ബോംബെ ഹൈകോടതിയുടെ ഉത്തരവ്.ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്.

 ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നതും ലൈംഗിക അതിക്രമം തന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ജസ്റ്റിസ് യുയു ലളിത്, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.ബോംബെ ഹൈകോടതിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. ലൈംഗികോദ്ദേശ്യമാണ് ഇക്കാര്യത്തില്‍ പരിഗണിക്കണിക്കേണ്ടതെന്ന നിര്‍ണായക പരാമര്‍ശവും സുപ്രീംകോടതി നടത്തി.

പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ച കേസിലാണ് ബോംബെ ഹൈക്കോടതി നേരത്തെ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.  തുടര്‍ന്ന് പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

കേസ് പരിഗണിച്ച കോടതി ഈ സംഭവത്തില്‍ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്ന വിചിത്രമായ പരാമര്‍ശമാണ് നടത്തിയത്. പോക്‌സോ ചുമത്തണമെങ്കില്‍ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പര്‍ശിക്കണമായിരുന്നു. പ്രതി മാറിടത്തില്‍ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈംഗികാതിക്രമമല്ല. ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താമെന്നും കോടതി പറയുകയായിരുന്നു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top