16 April Tuesday
ഇന്ധനവില കുറയ്ക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്ന് പ്രചരിപ്പിക്കാന്‍ നീക്കം

പെട്രോളിയം ജിഎസ്‌ടി : കേന്ദ്രത്തിന്റേത് "തടിയൂരല്‍ തന്ത്രം' ; സംസ്ഥാനങ്ങളുടെ നട്ടെല്ലൊടിയും

എം പ്രശാന്ത്‌Updated: Thursday Sep 16, 2021



ന്യൂഡൽഹി
പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ "പടപ്പുറപ്പാട്' ഇന്ധനവില വര്‍ധനയുടെ പഴിയില്‍നിന്ന്‌ രക്ഷപ്പെടാനുള്ള തന്ത്രം. നിലവില്‍ പെട്രോളിയം കേന്ദ്രനികുതിയില്‍ 90 ശതമാനവും കേന്ദ്രം സ്വന്തമാക്കുന്നു. ജിഎസ്ടി പരിധിയില്‍ വന്നാല്‍ പകുതി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം. കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യമില്ലെങ്കിലും ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിക്കുന്നത് പ്രചാരണം ലക്ഷ്യമിട്ട്.

പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്‌ടിയിലായാല്‍ വില കുറയുമെന്നും പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നും പ്രചരിപ്പിക്കാൻ കേന്ദ്രത്തിനാകും. അമിത നികുതി ഈടാക്കുന്നുവെന്ന പഴിയിൽനിന്ന്‌ ഇതിലൂടെ രക്ഷപ്പെടാമെന്നാണ്‌ പ്രതീക്ഷ. പെട്രോളിയം ജിഎസ്‌ടി പരിധിയിലാക്കുമെന്ന പ്രചാരണം ബിജെപി അനുകൂല മാധ്യമങ്ങൾ തുടങ്ങി.

മോദി 2014ൽ അധികാരത്തിൽ വന്നശേഷം പെട്രോളിന്റെ നികുതി മൂന്നിരട്ടിയിലേറെയും ഡീസലിന്റേത്‌ അഞ്ചിരട്ടിയിലേറെയും കൂട്ടി. നിലവിൽ ഒരു ലിറ്റർ പെട്രോളിന്‌ 33 രൂപയും ഡീസലിന്‌ 32 രൂപയുമാണ്‌ കേന്ദ്രനികുതി. മോഡി അധികാരത്തിലെത്തുന്നതിനുമുമ്പ് 2013–-14ൽ ഇന്ധന നികുതിയിനത്തിൽ കേന്ദ്രം സമാഹരിച്ചത്‌ 53,090 കോടിമാത്രം. 2020–-21ൽ നികുതിവരുമാനം 3.72 ലക്ഷം കോടി. കേന്ദ്രനികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങൾക്കെന്ന സംഘപരിവാർ പ്രചാരണത്തിന് അടിസ്ഥാനമില്ല.

പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്‌സൈസ്‌ തീരുവയുടെ 41 ശതമാനം മാത്രമാണ്‌ സംസ്ഥാനങ്ങൾക്ക്‌ കൈമാറേണ്ടത്‌. പെട്രോളിന്റെ എക്‌സൈസ്‌ തീരുവ ലിറ്ററിന്‌ 1.4 രൂപയും ഡീസലിന്റേത്‌ 1.8 രൂപയും മാത്രമാണ്‌. ഇതിന്റെ 41 ശതമാനം മാത്രമാണ്‌ സംസ്ഥാനങ്ങൾക്ക്‌ നൽകുന്നത്‌. ശേഷിക്കുന്നതത്രയും പൂർണമായും കേന്ദ്രത്തിനാണ്‌.

സംസ്ഥാനങ്ങളുടെ നട്ടെല്ലൊടിയും
2017ൽ ജിഎസ്‌ടി വന്നതോടെ നികുതിവരുമാനം ഇടിഞ്ഞ സംസ്ഥാനങ്ങളെ പെട്രോളിയം നികുതിവരുമാനമാണ് പിടിച്ചുനിര്‍ത്തുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾപോലും പുതിയ നീക്കത്തെ പിന്തുണച്ചേക്കില്ല. 2020–-21ൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി 2.02 ലക്ഷം കോടി രൂപയാണ്‌ പെട്രോളിയം വാറ്റ്‌ ഇനത്തിൽ ലഭിച്ചത്‌. കേന്ദ്രത്തിനാകട്ടെ 3.72 ലക്ഷം കോടിയും. പെട്രോളിയം ഉൽപ്പന്നങ്ങള്‍ ജിഎസ്‌ടിയിലായാല്‍ സംസ്ഥാനങ്ങളുടെ വലിയൊരു വരുമാനസ്രോതസ്സ്‌ ഇല്ലാതാകും. പൂർണമായും കേന്ദ്രത്തെ ആശ്രയിക്കേണ്ട സ്ഥിതി പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് കനത്ത പ്രഹരമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top