24 April Wednesday

വിമാന ഇന്ധനത്തേക്കാൾ പെട്രോളിന്‌ 38 രൂപ കൂടുതൽ

എം പ്രശാന്ത്‌Updated: Tuesday Oct 19, 2021

ന്യൂഡൽഹി > മോഡി ഭരണത്തിൽ ബൈക്കോടിക്കുന്നതിനേക്കാൾ ലാഭം വിമാനം പറത്തൽ. ഒരു ലിറ്റർ വിമാന ഇന്ധനത്തിനേക്കാൾ 50 ശതമാനത്തോളം അധികമാണ്‌ രാജ്യത്ത്‌ പെട്രോൾവില. നിലവിൽ ഒരു ലിറ്റർ വിമാന ഇന്ധനം 79 രൂപയ്‌ക്ക്‌ (ഡൽഹിവില) ലഭിക്കും. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഒരു ലിറ്റർ പെട്രോൾ കിട്ടാൻ 117.86 രൂപ കൊടുക്കണം. വിമാന ഇന്ധനത്തേക്കാൾ 38 രൂപ അധികം.

പെട്രോളിനും ഡീസലിനും കേന്ദ്രം പരമാവധി നികുതി ചുമത്തി ജനത്തെ പിഴിയുമ്പോൾ വിമാന ഇന്ധനത്തിന്റെ കാര്യത്തിൽ ഉദാര മനോഭാവം. വിമാന ഇന്ധനത്തിന്‌ കേന്ദ്ര നികുതി 11 ശതമാനംമാത്രം. പ്രാദേശിക വിമാനയാത്രാ പദ്ധതിക്കു (ആർസിഎസ്‌) കീഴിലാണെങ്കിൽ അത്‌ രണ്ട്‌ ശതമാനംകൂടി കുറയും. 14 ശതമാനമായിരുന്ന നികുതി 2018 ഒക്ടോബറിൽ മോദി സർക്കാർ 11 ശതമാനമാക്കി.

എന്നാല്‍, പെട്രോളിന്‌ കേന്ദ്ര നികുതി 32.9 രൂപയും ഡീസലിന്‌ 31.8 രൂപയും. മോദി അധികാരത്തിൽ വരുമ്പോള്‍ പെട്രോളിന്‌ കേന്ദ്ര നികുതി ലിറ്ററിന്‌ 9.48 രൂപയും ഡീസലിന്‌ 3.56 രൂപയും. മോദി സർക്കാർ വിമാന ഇന്ധന നികുതി മൂന്ന് ശതമാനം കുറച്ചപ്പോള്‍ പെട്രോൾ നികുതി മൂന്നര ഇരട്ടിയായും ഡീസൽ നികുതി ഒമ്പത്‌ ഇരട്ടിയും കൂട്ടി.

മോദി ഭരണത്തിൽ പെട്രോൾ–- ഡീസൽ കേന്ദ്ര നികുതി വരുമാനം 164 ശതമാനംകൂടി. 2014–-15 വർഷത്തിൽ പെട്രോൾ–- ഡീസൽ നികുതിയിനത്തിൽ സമാഹരിച്ചത്‌ 1.7 ലക്ഷം കോടി. 2020–-21ൽ കേന്ദ്രത്തിന്റെ പെട്രോൾ–- ഡീസൽ നികുതി വരുമാനം 4.6 ലക്ഷം കൂടി. മൂന്നിരട്ടിക്കടുത്ത്‌ വർധന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top