29 March Friday

പെട്രോളിന്‌ ജിഎസ്‌ടി: കേന്ദ്രത്തെ എതിർത്ത്‌ ബിജെപി സംസ്ഥാനങ്ങളും

സ്വന്തം ലേഖകൻUpdated: Sunday Sep 19, 2021

ന്യൂഡൽഹി > പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിലാക്കുന്നതിനെ ശക്തമായി എതിർത്ത്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ബിജെപി  അധികാരത്തിലുള്ള കർണാടക, മധ്യപ്രദേശ്‌, ഹരിയാന, ഗുജറാത്ത്‌, യുപി സർക്കാരുകളാണ്‌ എതിർപ്പ്‌ അറിയിച്ചത്‌.

കോൺഗ്രസ്‌ ഭരിക്കുന്ന പഞ്ചാബ്‌, ഛത്തീസ്‌ഗഢ്‌, രാജസ്ഥാൻ സർക്കാരും കേരളം അടക്കമുള്ള മറ്റ്‌ പ്രതിപക്ഷ പാർടികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളും വിയോജിപ്പ്‌ അറിയിച്ചു.

പ്രതിവർഷം മൂന്നു ലക്ഷം കോടിയുടെ നികുതി നഷ്ടമുണ്ടാകുമെന്നതിനാല്‍ കേന്ദ്രത്തിനും താൽപ്പര്യമില്ല. ജിഎസ്‌ടി കൗൺസിലിലെ നിർദേശം വോട്ടിങ്ങിലേക്ക്‌ നീങ്ങിയാൽ കേന്ദ്രത്തിന് ബിജെപി സംസ്ഥാനങ്ങളുമായി ചേർന്ന്‌ ഏത്‌ തീരുമാനവും അനായാസം പാസാക്കാം. ലോട്ടറി നികുതിയുടെ കാര്യത്തിൽ ഇങ്ങനെ തീരുമാനമെടുത്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രം വോട്ടിന്‌ തയ്യാറാകാത്തത്‌ താൽപ്പര്യക്കുറവിന്റെ ലക്ഷണമാണ്‌.

ജിഎസ്‌ടി നിർദേശത്തെ ശക്തമായി എതിർക്കണമെന്ന്‌ ബിജെപി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദിയും ആഹ്വാനം ചെയ്‌തിരുന്നു.

ജിഎസ്‌ടിയിലേക്ക്‌ മാറിയാൽ 28 ശതമാനം നികുതിയാകും പെട്രോളിനും ഡീസലിനും ഈടാക്കുക. നിലവിൽ ഒരു ലിറ്ററിന്‌ കേന്ദ്രം 35 രൂപയും സംസ്ഥാനം 25 രൂപയും നികുതി എടുക്കുന്നുണ്ട്‌. ഇത്‌ 14 രൂപയായി കുറയും. ഇത്ര വലിയ വരുമാന നഷ്ടം താങ്ങാനാവില്ല.

സംസ്ഥാനങ്ങൾക്ക്‌ പ്രതിവർഷം രണ്ടു ലക്ഷം കോടിയുടെ നഷ്ടം വരും. ഇത്‌ വികസനത്തെ ബാധിക്കും. അടുത്ത്‌ 8–-10 വർഷത്തേക്ക്‌ പെട്രോളും ഡീസലും ജിഎസ്‌ടിയിൽ ഉൾപ്പെടുത്താനാവില്ല. സംസ്ഥാനങ്ങൾ എതിർക്കണം–- സുശീൽ മോദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top