25 April Thursday
സംസ്ഥാനങ്ങൾ ഒറ്റക്കെട്ട്‌

പെട്രോളിനും ഡീസലിനും ജിഎസ്‌‌ടി: ബിജെപി ധനമന്ത്രിമാർക്കും എതിർപ്പ്‌

സ്വന്തം ലേഖകൻUpdated: Monday Feb 22, 2021

ന്യൂഡൽഹി > പെട്രോളിനും ഡീസലിനും ജിഎസ്‌‌ടി ഏർപ്പെടുത്തുന്നതിനെ എതിർക്കുന്നത്‌ കേരളം മാത്രമാണെന്നത്‌  ‌ബിജെപിക്കാരുടെ നുണപ്രചാരണം. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാത്തതാണ്‌ ‌പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരുന്നതിനെ സംസ്ഥാനസർക്കാരുകൾ എതിർക്കാൻ കാരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഈ നിലപാടിലാണ്‌. 

ജിഎസ്‌ടി കൗൺസിലിൽ വിഷയം ചർച്ചയ്‌ക്ക്‌ വന്നപ്പോഴെല്ലാം സംസ്ഥാന ധനമന്ത്രിമാർ രാഷ്ട്രീയഭേദമന്യേ ഇക്കാര്യത്തിൽ നിലപാടെടുത്തു.  യോഗത്തിനുപുറത്ത്‌ ഇക്കാര്യം ബിജെപിയുടെ മുഖ്യമന്ത്രിമാർ തുറന്നുപറഞ്ഞിട്ടുമുണ്ട്‌. എന്നിട്ടും കേരളം മാത്രമാണ്‌ എതിർക്കുന്നതെന്ന്‌ ‌ വ്യാജപ്രചാരണം നടത്തുകയാണ്‌ സംസ്ഥാനത്തെ ബിജെപിക്കാർ.

ബിജെപി നേതാവ്‌ ദേവേന്ദ്ര ഫഡ്‌‌നാവിസ്‌ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ പെട്രോളിനും ഡീസലിനും ജിഎസ്‌ടി ഏർപ്പെടുത്തുന്നതിനെ അനുകൂലിച്ചെങ്കിലും സംസ്ഥാനത്തിന്‌ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു. പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന സംസ്ഥാനനികുതി ഈടാക്കുന്ന സംസ്ഥാനമാണ്‌ മഹാരാഷ്ട്ര. അതേസമയം, രാജസ്ഥാനിലെ മുൻബിജെപി സർക്കാർ പെട്രോളിനും ഡീസലിനും ജിഎസ്‌ടി ഏർപ്പെടുത്തുന്നതിനെ ശക്തമായി എതിർത്തു. ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ തീരുമാനം എടുക്കാൻ നാലിൽ മൂന്ന്‌ വോട്ടാണ്‌ വേണ്ടത്‌. കേന്ദ്രത്തിന്‌ മൂന്നിലൊന്ന്‌ വോട്ടുണ്ട്‌.  സംസ്ഥാനങ്ങൾക്ക്‌ ബാക്കിയും. എന്നാൽ  19  സംസ്ഥാനത്തും ‌ ബിജെപി ഭരണം നിലനിന്നപ്പോഴും പെട്രോളിനെയും ഡീസലിനെയും  ജിഎസ്‌ടി പരിധിയിൽ കൊണ്ടുവന്നില്ല.   

പെട്രോളിനും ഡീസലിനും ജിഎസ്‌ടി ഏർപ്പെടുത്തിയാൽ 11 സംസ്ഥാനത്തിനായി 9,500 കോടിയോളം രൂപയുടെ വരുമാനനഷ്ടം പ്രതിവർഷം ഉണ്ടാകുമെന്നാണ്‌ കണക്കാക്കുന്നത്‌. ‌ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ഈ സംസ്ഥാനങ്ങളുടെ സ്ഥിതി കൂടുതൽ പരുങ്ങലിലാകും. നഷ്ടപരിഹാരം നൽകാൻ കൃത്യമായ സംവിധാനം മുന്നോട്ടുവയ്‌ക്കാൻ കേന്ദ്രസർക്കാരിന്‌ കഴിഞ്ഞിട്ടില്ല. മറ്റിനങ്ങളുടെ ജിഎസ്‌ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക്‌ നൽകുന്നതിലും കേന്ദ്രം കുടിശ്ശിക വരുത്തുകയാണ്‌.

വില വർധനയുടെ ഉത്തരവാദിത്തം കേന്ദ്രത്തിന്‌: തോമസ്‌ ഐസക്‌

തിരുവനന്തപുരം > കേരളം ഇന്ധനനികുതി ഇതുവരെ വർധിപ്പിച്ചിട്ടില്ലെന്നും കൂട്ടിയത്​ കേന്ദ്രസർക്കാറാണെന്നും മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്പോമ്പാൾ നികുതി കുറക്കുന്നത്‌ പ്രയോഗികമല്ല. അസംസ്‌കൃത എണ്ണയുടെ വിലകൂടിയപ്പോൾ നികുതി കുറയ്‌ക്കാൻ കേന്ദ്രം തയാറായില്ല.  ഇന്ധനവില വർധയുടെ പൂർണ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനാണ്​​. സംസ്ഥാനങ്ങളുടെ ചെലവിൽ ഇത്​ പരിഹരിക്കാൻ കേന്ദ്രം നോക്കേ​ണ്ട.

ഇന്ധനവില ജിഎസ്​ടിയിൽ ഉൾപ്പെടു​ത്തുന്നതിനോട്​ സംസ്ഥാനത്തിന്​ എതിർപ്പില്ല. സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വരുമാനമാർഗം വെട്ടിച്ചുരുക്കു​മ്പോൾ അഞ്ചുവർഷത്തെ നഷ്​ടപരിഹാരം നൽകണം. ഇന്ധനത്തിന്​ ഇഷ്ടംപോലെ വിലകൂട്ടാൻ കമ്പനികൾക്ക്​ അധികാരം നൽകിയത്​ കോൺഗ്രസാണ്​. അതേനയമാണ്​ ബിജെപിയും നടപ്പാക്കുന്നത്​. ഇക്കാര്യത്തിൽ ബിജെപിയും കോൺഗ്രസും തുല്യകുറ്റക്കാരാണെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top