27 April Saturday

പെഗാസസ്‌: ഉരുണ്ടുകളിച്ച്‌ കേന്ദ്രം ; ഇടക്കാല ഉത്തരവിറക്കുമെന്ന്‌ സുപ്രീംകോടതി

എം അഖിൽUpdated: Monday Sep 13, 2021


ന്യൂഡൽഹി
ഇസ്രയേൽ ചാരസോഫ്‌റ്റ്‌വെയർ പെഗാസസ്‌ വിഷയത്തിൽ ഉരുണ്ടുകളിക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ സുപ്രീംകോടതിക്ക്‌ കടുത്ത അതൃപ്‌തി. കേന്ദ്രസർക്കാർ പുതിയ സത്യവാങ്‌മൂലം നൽകാത്ത സാഹചര്യത്തിൽ രണ്ടോ മൂന്നോ ദിവസത്തിനകം ഇടക്കാല ഉത്തരവിറക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു.

വസ്‌തുതകൾ വിശദീകരിച്ച്‌ കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിക്കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. അതിന്‌ സാവകാശവും അനുവദിച്ചു. ഇപ്പോൾ പറയുന്നു സത്യവാങ്മൂലം സമർപ്പിക്കില്ലെന്ന്‌. സർക്കാരിന്റെ നിലപാട്‌ എങ്ങനെയാണ്‌ കോടതി അറിയുക. ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കാതെ മറ്റ്‌ വഴിയില്ല. പൗരന്മാരുടെ ഫോൺ ചോർത്തിയെന്ന പരാതിയാണ്‌ കോടതിക്ക്‌ മുന്നിലുള്ളത്‌. മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരെ നിരീക്ഷിക്കാൻ നിയമത്തിന്‌ പുറത്തുള്ള സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യമാണ്‌ അറിയേണ്ടതെന്നും ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞു.

രാജ്യസുരക്ഷയും പൊതുതാൽപ്പര്യവും മുൻനിർത്തി പെഗാസസിൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസർക്കാരിനുവേണ്ടി  സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത വ്യക്തമാക്കി. വിഷയം കേന്ദ്രസർക്കാർ രൂപീകരിക്കുന്ന വിദഗ്‌ധസമിതിക്ക്‌ വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിവരവും കോടതിക്ക്‌ ആവശ്യമില്ലെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ പ്രതികരിച്ചു.

രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്‌ ഉൾപ്പെടെയുള്ള ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ മീനാക്ഷി അറോറ, കപിൽ സിബൽ, രാകേഷ്‌ ദ്വിവേദി, കോളിൻ ഗോൺസാൽവസ്‌, എം എൽ ശർമ തുടങ്ങിയവർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top