26 April Friday
പെഗാസസിന്റേത് ഫോൺ ഹാക്കിങ്‌

പെഗാസസ്‌ ചോർത്തൽ അന്വേഷിക്കണം ; ഹര്‍ജി അടുത്തയാഴ്‌ച പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


ന്യൂഡൽഹി
പെഗാസസ്‌ ചാരപ്രവർത്തനത്തിൽ സ്വതന്ത്രഅന്വേഷണത്തിന്‌ ഉത്തരവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ മുതിർന്ന മാധ്യമപ്രവർത്തകർ നൽകിയ പൊതുതാൽപ്പര്യഹർജി സുപ്രീംകോടതി അടുത്ത ആഴ്‌ച പരിഗണിക്കും. എൻ റാം, ശശികുമാർ എന്നിവർ സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കണമെന്ന്‌ മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ആവശ്യപ്പെട്ടു.

മന്ത്രിമാരുടെയും പ്രതിപക്ഷനേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും വിവരങ്ങൾ ഇസ്രയേലി ചാരസോഫ്‌റ്റ്‌വെയറായ പെഗാസസ്‌ വഴി ചോർത്തിയെന്ന റിപ്പോർട്ട്‌  വലിയ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ആഴ്‌ച ഹർജി ലിസ്‌റ്റ്‌ ചെയ്യാമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അറിയിച്ചു.

വിഷയം സുപ്രീംകോടതി സിറ്റിങ്/റിട്ട. ജഡ്‌ജി അന്വേഷിക്കാൻ ഉത്തരവിടണം. കേന്ദ്രസർക്കാരോ സർക്കാർ ഏജൻസികളോ പെഗാസസ്‌ സോഫ്‌റ്റ്‌വെയർ വാങ്ങിയിട്ടുണ്ടോ? ഈ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ നേരിട്ടോ അല്ലാതെയോ രാജ്യത്ത്‌ നിരീക്ഷണം നടത്തുന്നുണ്ടോ?–- തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രസർക്കാരിനോട്‌ വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.

ലോകത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്‌മയാണ്‌ വിവരംചോർത്തലിനെക്കുറിച്ച്‌  സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തിയത്‌. അതിനാൽ, സർക്കാരിന്‌ അവ അന്വേഷണം കൂടാതെ തിരസ്‌കരിക്കാൻ കഴിയില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. ഇതേ ആവശ്യത്തിൽ നിരവധി ഹർജികൾ സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്‌.

പെഗാസസിന്റേത് ഫോൺ ഹാക്കിങ്‌
അര ലക്ഷത്തിലേറെ ഫോൺ നമ്പർ ഉൾപ്പെടുന്ന പെഗാസസ്‌ ഫോൺ ചോർത്തലിൽ ഇന്ത്യയിൽനിന്ന്‌ ഉൾപ്പെട്ടിരുന്നത്‌ ആയിരത്തിലേറെ നമ്പർ. ഇതിൽ മുന്നൂറിലേറെ നമ്പർ തിരിച്ചറിഞ്ഞു. ശേഷിക്കുന്നവയിൽ പലതും നിലവിൽ ഉപയോഗത്തിലില്ല. അവശേഷിക്കുന്നവകൂടി സ്ഥിരീകരിക്കാൻ ശ്രമം തുടരുകയാണെന്ന്‌ ‘ദി വയർ’ എഡിറ്റർ സിദ്ധാർഥ്‌ വരദരാജൻ ‘പെഗാസസ്‌ നാൾ വഴി’ വിശദമാക്കിയുള്ള ലേഖനത്തിൽ വ്യക്തമാക്കി. പെഗാസസ്‌ നടത്തിയത്‌ നിരീക്ഷണമല്ല, ഫോൺ ഹാക്കിങ്ങാണ്‌. ഐടി നിയമപ്രകാരം ഇത്‌ ക്രിമിനൽ കുറ്റമാണ്‌. ഇത്‌ ബോധ്യമുള്ളതിനാലാണ്‌ മോഡി സർക്കാരിന്റെ നിശ്ശബ്‌ദത–-അദ്ദേഹം ലേഖനത്തിൽ വിശദമാക്കി.ഇന്ത്യയുടെ കൺട്രി കോളിങ്‌ കോഡായ 91ൽ തുടങ്ങുന്ന ആയിരത്തിലേറെ നമ്പറാണ്‌ പട്ടികയിലുള്ളത്‌. ഇവയൊക്കെ ആരുടേതെന്ന്‌ കണ്ടെത്തുകയായിരുന്നു ദൗത്യം. 

തന്റെ ഐ ഫോണ്‍ ചോര്‍ത്തപ്പെട്ടെന്ന് ഫ്രഞ്ച്‌ മാധ്യമമായ ‘ദി ഫോർബിഡൻ സ്‌റ്റോറീസ്‌’ എഡിറ്റർമാരായ സാഡ്രൈൻ റിഗാഡും ഫിനിയാസ്‌ റുക്കെർട്ടും ആണ് അറിയിച്ചതെന്നും അദ്ദേഹം വിവരിച്ചു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറി. തുടര്‍ന്നാണ് ‘ദി വയർ’ പെഗാസസ്‌ ചോർത്തൽ പുറത്തുവിട്ട ആഗോള മാധ്യമക്കൂട്ടായ്‌മയുടെ ഭാഗമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top